25 April 2024, Thursday

വന്യജീവി ശല്യം രാഷ്ട്രീയവല്‍ക്കരിക്കരുത്

Janayugom Webdesk
May 23, 2023 5:00 am

കഴിഞ്ഞയാഴ്ച സംസ്ഥാനത്ത് രണ്ടിടങ്ങളിലായി കാട്ടുപോത്തിന്റെ കുത്തേറ്റ് മൂന്നുപേര്‍ മരിച്ച ദൗര്‍ഭാഗ്യകരമായ സംഭവങ്ങളുണ്ടായി. കോട്ടയം ജില്ലയിലെ എരുമേലിയില്‍ ചാക്കോച്ചൻ, തോമാച്ചൻ, കൊല്ലം അഞ്ചലില്‍ സാമുവൽ വർഗീസ് എന്നിവരാണ് മരിച്ചത്. എരുമേലിയില്‍ വീട്ടിനു മുന്നില്‍ പത്രം വായിച്ചിരിക്കുകയായിരുന്ന ആളെയും തൊട്ടടുത്ത പറമ്പിലെ ടാപ്പിങ് തൊഴിലാളിയെയുമാണ് കാട്ടുപോത്ത് ആക്രമിച്ച് കൊന്നത്. അഞ്ചലില്‍ വീടിന് സമീപത്തെ റബ്ബർത്തോട്ടത്തില്‍ ടാപ്പിങ് തൊഴിലാളിയോടൊപ്പം നടക്കുകയായിരുന്ന വർഗീസിനെ പാഞ്ഞെത്തിയ കാട്ടുപോത്ത് ആക്രമിക്കുകയായിരുന്നു. കാട്ടില്‍ നിന്ന് പുറത്തുകടക്കുന്ന വന്യജീവികള്‍ മനുഷ്യരെ ആക്രമിക്കുന്നതും കൃഷി നശിപ്പിക്കുന്നതും സംസ്ഥാനത്ത് നിത്യസംഭവമായിരിക്കുന്നു എന്നത് വസ്തുതയാണ്. നിയമസഭയുടെ കഴിഞ്ഞ ബജറ്റ് സമ്മേളനത്തില്‍ വനം വകുപ്പ് മന്ത്രി നല്കിയ മറുപടി അനുസരിച്ച് പത്തുവര്‍ഷത്തിനിടെ കാട്ടാനയുടെ ആക്രമണത്തില്‍ 202 പേര്‍ മരിച്ചിട്ടുണ്ട്. പരിക്കേറ്റവരുടെ എണ്ണം 344 ആണ്. കാട്ടുപന്നിയുടെ കുത്തേറ്റ് 51 പേര്‍ മരിച്ചപ്പോള്‍ പരിക്കേറ്റത് 114 പേര്‍ക്കാണ്. പുലിയുടെയും കടുവയുടെയും ആക്രണത്തില്‍ യഥാക്രമം ഒന്ന്, ഒമ്പത് വീതം പേര്‍ കൊല്ലപ്പെട്ടു. ഇവയുടെ ആക്രമണത്തില്‍ ആറും നാലും പേര്‍ക്കാണ് പരിക്കേറ്റത്. ഇതിന് പുറമേ പാമ്പുകടിയേറ്റ് മരണങ്ങളും സംഭവിക്കുന്നുണ്ട്. വിവിധയിനത്തില്‍പ്പെട്ട വന്യജീവികളുടെ ആക്രമണത്തിന്റെയും അതില്‍ മരിച്ചവര്‍, പരിക്കേറ്റവര്‍, കൃഷിനാശം എന്നിവയും പരിശോധിച്ചാല്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നു എന്ന് കാണാവുന്നതാണ്. കാര്‍ഷിക വിളകള്‍ക്കുണ്ടായ നാശത്തിന് സര്‍ക്കാര്‍ നല്കിയ നഷ്ടപരിഹാരത്തുക 2016–17ല്‍ 963.9, 2017–18ല്‍ 1018.68, 2018–19ല്‍ 1115.03, 2019–20ല്‍ 930.06, 2020–21ല്‍ 1044.82, 2021–22ല്‍ 1310.87 ലക്ഷം രൂപ വീതമായിരുന്നു. 2022–23ല്‍ ജനുവരി വരെയുള്ള കണക്കു പ്രകാരം 254.60 ലക്ഷം രൂപ നഷ്ടപരിഹാരമായി നല്കി. സര്‍ക്കാര്‍ നിശ്ചയിച്ച മാനദണ്ഡ പ്രകാരമുള്ള തുകയാണിത് എന്നതിനാല്‍ യഥാര്‍ത്ഥ നഷ്ടം ഇതിനെക്കാള്‍ കൂടുതലുമായിരിക്കും.

 


ഇതുകൂടി വായിക്കു; ആശുപത്രി സംരക്ഷണ ഓര്‍ഡിനന്‍സ്


വന്യജീവികള്‍ കാട്ടിലിറങ്ങുന്നതും മനുഷ്യജീവനും കൃഷിക്കും നാശമുണ്ടാക്കുന്നതും വലിയ സാമൂഹ്യ പ്രശ്നമായിരിക്കുന്നുവെന്നാണ് ഈ കണക്കുകള്‍ വ്യക്തമാക്കുന്നത്. അതിനുള്ള കാരണങ്ങള്‍ പലതാണ്. ഇതുസംബന്ധിച്ചുള്ള പല പഠനങ്ങളും പുറത്തുവന്നിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ മുന്‍കയ്യില്‍ ഡെറാഡൂണിലെ വൈല്‍ഡ് ലൈഫ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയും പെരിയാര്‍ കടുവ സംരക്ഷണ ഫൗണ്ടേഷനും ചേര്‍ന്ന് പഠനം നടത്തുകയുണ്ടായി. കാരണങ്ങളും പ്രതിവിധികളും സംബന്ധിച്ച് പ്രാഥമിക റിപ്പോര്‍ട്ടും സമര്‍പ്പിച്ചിട്ടുണ്ട്. വന്യജീവി ആവാസ വ്യവസ്ഥയ്ക്കു സംഭവിച്ച വ്യാപ്തിക്കുറവും കാലാവസ്ഥാ വ്യതിയാനവും ഭക്ഷ്യലഭ്യതയിലുണ്ടായ കുറവും ജല ദൗര്‍ലഭ്യവുമാണ് പ്രധാനകാരണമായി ചൂണ്ടിക്കാട്ടിയിട്ടുള്ളത്. വിവിധ രീതിയില്‍ വനത്തിനകത്തും വനാതിര്‍ത്തികളിലും ജനസാന്നിധ്യം കൂടിയതും സ്വാഭാവിക സഞ്ചാര പഥങ്ങള്‍ തടയപ്പെട്ടതുമെല്ലാം വന്യജീവികള്‍ കാടിറങ്ങുന്നതിന് കാരണമാകുന്നുണ്ട്. വന്യജീവികളെ ആകര്‍ഷിക്കുന്ന വിധത്തില്‍, വനാതിര്‍ത്തികളിലെ കാര്‍ഷിക രീതികളില്‍ വന്ന മാറ്റവും റബ്ബര്‍ പോലുള്ള വിളകളുടെ വിലയിടിവ് കാരണം കൃഷിയുപേക്ഷിച്ചതിനാല്‍ വനങ്ങളോട് ചേര്‍ന്നു കിടക്കുന്ന തോട്ടങ്ങള്‍ കാടിന് സമാനമായ രീതിയിലേയ്ക്ക് മാറിയതും വന്യജീവികള്‍ ജനവാസ മേഖലകളിലേയ്ക്കെത്തുന്നതിന് കാരണമാണ്. കഴിഞ്ഞ ദിവസം കാട്ടുപോത്തിന്റെ അക്രമം നടന്ന രണ്ട് സംഭവങ്ങളും ഇതിനുദാഹരണങ്ങളാണ്.


ഇതുകൂടി വായിക്കു; സമഗ്ര ശാക്തീകരണത്തിന്റെ കാൽനൂറ്റാണ്ട്


എന്നാല്‍ ഇത്തരം സംഭവങ്ങള്‍ സംസ്ഥാന സര്‍ക്കാരിന്റെ വീഴ്ചയായി പ്രചരിപ്പിക്കുന്നതിനാണ് ചില കോണുകളില്‍ ശ്രമം നടക്കുന്നത്. വന്യജീവി സംരക്ഷണ നിയമം കേന്ദ്ര പരിധിയില്‍ വരുന്നതാണെന്ന പ്രാഥമിക കാര്യം പോലും അവര്‍ മറച്ചുവയ്ക്കുകയാണ്. 1972ലുണ്ടാക്കിയ കേന്ദ്ര നിയമത്തില്‍ വിവിധ ഘട്ടങ്ങളില്‍ വരുത്തിയ ഭേദഗതികള്‍ വന്യജീവികളെ കൊല്ലുന്നതും വേട്ടയാടുന്നതും കര്‍ശനമായി നിയന്ത്രിക്കുന്നുണ്ട്. നാട്ടിലിറങ്ങി അപകടം വരുത്തിയാല്‍ പോലും മയക്കുവെടിവച്ച് പിടികൂടിയോ മറ്റ് മാര്‍ഗങ്ങള്‍ അവലംബിച്ചോ തിരികെ കാട്ടിലേക്ക് തന്നെ വിടാന്‍ മാത്രമാണ് നിയമം വ്യവസ്ഥ ചെയ്യുന്നത്. അത് നടപ്പിലാക്കുന്നതില്‍ പോലും നിയമപരമായ തടസങ്ങളുണ്ടാകുന്നു. അരിക്കൊമ്പനെ പിടികൂടി കാട്ടിലേയ്ക്ക് തിരിച്ചയയ്ക്കുന്ന വിഷയത്തില്‍ ഹൈക്കോടതിയും സുപ്രീം കോടതിയും സ്വീകരിച്ച സമീപനങ്ങള്‍ അടുത്ത നാളുകളില്‍ നാം കണ്ടതാണ്. കാട്ടുപന്നികളുടെ ശല്യം കാരണം മരണവും കൃഷിനാശവുമുണ്ടായ സാഹചര്യത്തില്‍ അപകടകാരികളായവയെ കൊല്ലുന്നതിന് പ്രത്യേകാധികാരം ഉപയോഗിച്ച് പ്രാദേശിക ഭരണസമിതികള്‍ക്ക് അനുവാദം നല്കുന്ന തീരുമാനവും സംസ്ഥാന സര്‍ക്കാര്‍ കൈക്കൊണ്ടിരുന്നു. കൂടാതെ വന്യജീവികള്‍ കാടിറങ്ങുന്നതിന് പരിഹാരം കാണുന്നതിനുള്ള സാങ്കേതികവും മറ്റുമായ പദ്ധതികളും നിയമത്തിന്റെ പരിമിതികള്‍ക്കകത്തു നിന്നുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നുണ്ട്. ഇതൊന്നും കാണാതെ വിഷയത്തെ വൈകാരിക പ്രശ്നമായി അവതരിപ്പിക്കുകയും സംസ്ഥാന സര്‍ക്കാരിനെതിരായ ജനവികാരം വളര്‍ത്തുന്നതിനുമാണ് ചിലര്‍ ശ്രമിക്കുന്നത്. അതില്‍ ചില പുരോഹിതരും ഉള്‍പ്പെടുന്നുവെന്നത് ഖേദകരമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.