Site icon Janayugom Online

സാംസ്‌കാരിക, ടൂറിസം മേഖലകളിൽ കേരളവുമായി സഹകരിക്കും: റഷ്യൻ അംബാസഡർ

സാംസ്ക്കാരികം, ടൂറിസം വിദ്യാഭ്യാസം മേഖലകളില്‍ കേരളവുമായി കൂടുതല്‍ സഹകരിക്കുമെന്ന് ഇന്ത്യയിലെ അംബാസഡര്‍ ഡെനിസ് ആലിപ്പോവ്. റഷ്യന്‍ഹൗസ് സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗോവ കഴിഞ്ഞാല്‍ റഷ്യന്‍ ടൂറിസ്റ്റുകളുടെ രണ്ടാമത്തെ പ്രിയപ്പെട്ട സ്ഥലമാണ് കേരളം. ഇവിടുത്തെ ആയുര്‍വേദം റഷ്യയില്‍ പ്രശസ്തമാണ്. കേരളത്തില്‍ നടത്തുന്ന ഇന്തോ-റഷ്യന്‍ ട്രാവല്‍ഫെയര്‍ കൂടുതല്‍ റഷ്യന്‍ വിനോദസഞ്ചാരികളെ കേരളത്തിലേക്ക് ആകര്‍ഷിക്കും. അതുപോലെ കേരളത്തിലേയും റഷ്യയിലേയും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തമ്മില്‍ സഹകരിക്കുന്നുണ്ട്. വിദ്യാഭ്യാസ മേഖലയില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ദൃഢമാക്കാന്‍ ഇത് സഹായിക്കും. സമകാലീന റഷ്യന്‍ എഴുത്തുകാരേയും, സിനിമയേയും പരിചയപ്പെടുത്തുന്നതുള്‍പ്പെടെ സാംസ്ക്കാരിക രംഗത്ത് പുതിയ ചുവടുവെയ്പുകള്‍ ഉണ്ടാകും.

കഴിഞ്ഞ ഇരുപത് മാസമായി ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരബന്ധത്തില്‍ വന്‍വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. എന്നാല്‍ വ്യാപാര സന്തുലിതാവസ്ഥ നിലനിര്‍ത്തുവാനായി ഇന്ത്യയില്‍ നിന്ന് റഷ്യയിലേക്കുള്ള കയറ്റുമതി കൂട്ടണം. ഇരു രാജ്യങ്ങളും ഇതിന് ഊന്നല്‍ നല്‍കുന്നുണ്ടെന്നും റഷ്യന്‍ സ്ഥാനപതി പറഞ്ഞു. ദക്ഷിണേന്ത്യയിലെ സംസ്ഥാനങ്ങളും റഷ്യയുമായുള്ള വ്യാപാരബന്ധം ശക്തിപ്പെടുത്തുന്നതിന് രൂപീകരിക്കപ്പെട്ട സംഘടനയുടെ ലോഗോ, അംബസാഡര്‍ ആലിപ്പോവ്, റഷ്യയുടെ ഓണററി കോണ്‍സുലും, റഷ്യന്‍ഹൗസ് ഡയറക്ടറുമായ രതീഷ് സി നായര്‍ക്ക് നല്‍കി പ്രകാശനം ചെയ്തു. വ്യാപാരരംഗത്തെ സംഘടനകളുമായി സഹകരിച്ച് റഷ്യയിലേക്കുള്ള കയറ്റുമതി സാധ്യതകളെക്കുറിച്ച് സെമിനാറുകള്‍ സംഘടിപ്പിക്കുമെന്ന് രതീഷ് സി നായര്‍ പറഞ്ഞു.

Eng­lish Sum­ma­ry: Will coop­er­ate with Ker­ala in the field of cul­ture and tourism: Russ­ian Ambassador
You may also like this video

Exit mobile version