Site iconSite icon Janayugom Online

‘ദളപതിയെ’ അറസ്റ്റു ചെയ്യുമോ?; അന്വേഷണത്തിനുശേഷമെന്ന് സർക്കാർ; ചെന്നൈയിലെ വീടിന് സുരക്ഷ കൂട്ടി

തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷനും നടനുമായ വിജയ്‌യുടെ ചെന്നൈ നീലാങ്കരയിലെ വീടിന്റെ സുരക്ഷ വർധിപ്പിച്ചു. കരൂരിലെ റാലിക്കിടെ ഉണ്ടായ ദുരന്തത്തെ തുടർന്ന് ഇന്നലെ രാത്രി തന്നെ വിജയ് ചെന്നൈയിലേക്ക് മടങ്ങിയിരുന്നു. പ്രതിഷേധ സാഹചര്യം കണക്കിലെടുത്താണ് സുരക്ഷ വർധിപ്പിച്ചത്. വിജയ്‌യുടെ വസതിയിലേക്കുള്ള റോഡിൽ കൂടുതൽ പൊലീസിനെ വിന്യസിച്ചു.

വിജയ്‌യെ അറസ്റ്റു ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമൂഹമാധ്യമങ്ങളിൽ പ്രചാരണം ശക്തമായി. അന്വേഷണ കമ്മിഷന്റെ റിപ്പോർട്ട് ലഭിച്ചശേഷം ഇക്കാര്യം തീരുമാനിക്കുമെന്നാണ് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ പറഞ്ഞത്. നാമക്കല്ലിൽ നിന്നു ട്രിച്ചി എയര്‍പോട്ടിൽ ചാർട്ടേഡ് ഫ്ലൈറ്റിൽ ഇറങ്ങി അവിടെ നിന്നു റോഡ് മാർഗമാണ് വിജയ് കരൂരിലേക്ക് എത്തിയത്. ദുരന്തശേഷം പ്രതികരിക്കാതെ കരൂരിൽനിന്ന് മടങ്ങിയ വിജയ് പിന്നീട് സമൂഹമാധ്യമത്തിലൂടെ പ്രതികരിച്ചു.ഹൃദയം നുറുങ്ങിപ്പോയെന്നു വിജയ്‌ സമൂഹമാധ്യമത്തിൽ പറഞ്ഞു. പറഞ്ഞറിയിക്കാൻ കഴിയാത്തത്ര സങ്കടത്തിലാണു താൻ. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് അനുശോചനം. ചികിത്സയിലുള്ളവർ വേഗത്തിൽ സുഖപ്പെടട്ടെ എന്നും വിജയ് കുറിച്ചു. ട്രിച്ചി എയർപോട്ടിൽ എത്തിയാണ് വിജയ് ചെന്നൈയിലേക്ക് മടങ്ങിയത്. പിന്നീട് 4 മണിക്കൂറിനു ശേഷമാണ് തമിഴ് വെട്രി കഴകം അധ്യക്ഷന്‍ പ്രതികരിച്ചത്.ചെന്നൈ വിമാനത്താവളത്തിലും മാധ്യമങ്ങളുടെ ചോദ്യത്തിന് അദ്ദേഹം മറുപടി പറഞ്ഞില്ല. രാഷ്ട്രപതിയും പ്രധാനമന്ത്രിയും അടക്കം സംഭവത്തിൽ പ്രതികരിച്ച ശേഷമാണു വിജയ്‌യുടെ സമൂഹമാധ്യമ പോസ്റ്റ് വന്നത്. ചെന്നൈയിൽ അദ്ദേഹം വിമാനമിറങ്ങിയ ശേഷമാണ് സമൂഹമാധ്യമക്കുറിപ്പുകൾ പ്രത്യക്ഷപ്പെട്ടത്. ഇന്നലെ രാത്രി പതിനൊന്നരയോടെ വിജയ് ചെന്നൈ നീലാങ്കരയിലെ വസതിയിലെത്തി.

Exit mobile version