റാന്നി: രോഗികൾ വീട്ടിൽ പോയി ഡോക്ടർമാരെ കണ്ടു കൈക്കൂലി നൽകുന്ന നടപടി പൂർണമായും അവസാനിപ്പിച്ചില്ലെങ്കിൽ ശക്തമായ നടപടികൾ നേരിടേണ്ടി വരുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. റാന്നി താലൂക്ക് ആശുപത്രിയ്ക്ക് ഡോക്ടേഴ്സ് ഫോർ യു സംഘടന നൽകിയ ഓക്സിജൻ പ്ലാന്‍റിന്‍റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ആരോഗ്യപ്രവർത്തകരുടെ കൂട്ടായ പ്രവർത്തനമാണ് ആശുപത്രികളുടെ പ്രവർത്തനം മികച്ചതാക്കുന്നത്. എന്നാൽ ഇതിൽ ചുരുക്കം ചിലരുടെ ദുഷ് പ്രവർത്തനങ്ങൾകൊണ്ട് ഇത് ഇല്ലാതാകുന്നു. ഇത്തരം പ്രവർത്തനങ്ങൾ അംഗീകരിക്കാനാകില്ല. സംസ്ഥാന ബജറ്റിന്റെ നല്ലൊരു ശതമാനം തുക ഡോക്ടർമാർക്കും മറ്റ് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർക്കുമാണ് ശമ്പളമായി നൽകുന്നത്. ഇത് വാങ്ങിയിട്ട് പാവപ്പെട്ട ജനങ്ങളെ പിഴിയുന്നത് അംഗീകരിക്കാനാകില്ല. എല്ലാ ആശുപത്രികളും രോഗി സൗഹൃദം ആയിരിക്കണം.രണ്ടാം കോവിഡ് വ്യാപനകാലത്ത് കേരളം ഓക്സിജന്‍ ഉത്പാദനത്തില്‍ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് സ്വയംപര്യാപ്തത നേടിയെന്നും മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.
ഒരു മിനിറ്റില്‍ 333 ലിറ്റര്‍ ഓക്സിജന്‍ ഉത്പാദിപ്പിക്കാന്‍ കഴിയുന്ന പ്ലാന്റാണ് പ്രവര്‍ത്തനം ആരംഭിച്ചത്. മലയോര മേഖലയില്‍ സ്ഥിതി ചെയ്യുന്ന റാന്നി താലൂക്ക് ആശുപത്രിയെ ചികിത്സയ്ക്കായി ആശ്രയിക്കുന്ന ആളുകളുടെ എണ്ണം വര്‍ധിച്ചുവരികയാണ്. ശബരിമല തീര്‍ഥാടകര്‍ കടന്നു പോകുന്ന റാന്നി മേഖലയിലെ ഈ താലൂക്ക് ആശുപത്രിയില്‍ ഇനിയും കൂടുതല്‍ വികസനം നടത്തും. ഓക്സിജന്‍ പ്ലാന്റ് നിര്‍മാണം പൂര്‍ത്തിയാക്കാന്‍ സ്ഥലം എംഎല്‍എ പ്രമോദ് നാരായണന്റെ ഇടപെടല്‍ ഏറെ പ്രശംസനീയമാണ്. ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി ഒപി നവീകരണത്തിന് 93 ലക്ഷം രൂപയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുകയാണ്. ഇത് പൂര്‍ത്തിയാകുമ്പോള്‍ കൂടുതല്‍ മികച്ച അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാകും.
റാന്നി ആശുപത്രിയിലെ സ്ഥലപരിമിതി പരിഹരിക്കുന്നതിനായി 15.6 കോടി രൂപ മുടക്കി പുതിയ ബ്ലോക്ക് നിര്‍മിക്കുന്നതിന് ഭരണാനുമതി നല്കി.
റാന്നി ഉള്‍പ്പെടെയുള്ള ആശുപത്രികളിലെ ലക്ഷ്യ പദ്ധതിയുടെ നിര്‍വഹണത്തിനായി 75 ലക്ഷം രൂപയാണ് അനുവദിച്ചത്. ആവശ്യം വന്നാല്‍ ഈ പദ്ധതിക്കായി കൂടുതല്‍ തുക അനുവദിക്കുന്നതിനായി നടപടി സ്വീകരിക്കും.
റാന്നി താലൂക്ക് ആശുപത്രിയിൽ ലക്ഷ്യ പദ്ധതി കൂടുതൽ തുക ഉൾപ്പെടുത്തി പൂർത്തീകരിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.അഡ്വ പ്രമോദ് നാരായണൻ എംഎൽഎ അധ്യക്ഷനായി. ഓക്സിജൻ പ്ലാൻറിനായി 1.25 കോടി രൂപ നൽകിയ ഡോക്ടേഴ്സ് ഫോർ യു സംഘടനയുടെ യുടെ പ്രോഗ്രാം കോ-ഓർഡിനേറ്റർ അബ്ദുള്ള ആസാദിനെ മന്ത്രി ആദരിച്ചു. മുൻ എംഎൽഎ രാജു എബ്രഹാം, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ എസ് ഗോപി, ജില്ലാ പഞ്ചായത്ത് അംഗം ജോർജ്ജ് എബ്രഹാം, ഓയിൽപാം ഇന്ത്യാ ചെയർമാൻ എം. വി വിദ്യാധരൻ , സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം പി ആർ പ്രസാദ്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളാമ പി.എസ് സുജ, സതീഷ് കെ പണിക്കർ, അഡ്വ ജേക്കബ് സ്റ്റീഫൻ, കോമളം അനിരുദ്ധൻ, നയന സാബു,എച്ച്.എം.സി അംഗങ്ങളായ ലിസി ദിവാന്‍, അൻസാരി മന്ദിരം, ലാൽജി എബ്രഹാം, എബ്രഹാം കുളമട, സാംകുട്ടി പാലയ്ക്കാ മണ്ണിൽ, അനു മാത്യു ജോർജ് , ഡോക്ടർമാരായ എൽ അനിതാ കുമാരി , എസ് ശ്രീകുമാർ , വൈശാഖ് രവീന്ദ്രൻ എന്നിവർ പ്രസംഗിച്ചു. ല്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോ. എല്‍. അനിതാകുമാരി, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. എസ്. ശ്രീകുമാര്‍, ആശുപത്രി സൂപ്രണ്ട് ഡോ. ലിന്‍ഡ ജോസഫ്, എച്ച്എംസി അംഗങ്ങള്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.
English Summary: will end bribery of doctors: Minister Veena George
You may like this video also