Site iconSite icon Janayugom Online

വയനാട് പുനരധിവാസ പ്രവർത്തനങ്ങളെ അട്ടിമറിക്കാനുള്ള നീക്കം ചെറുക്കും : എഐടിയുസി ജനകീയ സദസ്സുകൾ 22ന്

വയനാട് പുനരധിവാസ പ്രവർത്തനങ്ങളെ അട്ടിമറിക്കുവാനും സംസ്ഥാന സർക്കാരിനെ അപകീർത്തിപ്പെടുത്തുവാനും യുഡിഎഫും ബിജെപിയും ഒരു വിഭാഗം മാധ്യമങ്ങളും ചേർന്ന് ആസൂത്രിതമായി നടത്തുന്ന കള്ള പ്രചാരണങ്ങൾക്കെതിരെ എഐടിയുസി ശക്തമായ ജനകീയ പ്രതിരോധവും പ്രചാരണവും നടത്തും. ഈ കള്ളപ്രചാരണങ്ങൾക്കെതിരെ 22ന് സംസ്ഥാന വ്യാപകമായി ജനകീയ സദസ്സുകൾ സംഘടിപ്പിക്കുവാന്‍ സംസ്ഥാന നേതൃത്വ യോഗം തീരുമാനിച്ചു. വയനാട് ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിച്ച് എല്ലാ സഹായങ്ങളും നൽകേണ്ട കേന്ദ്രസർക്കാർ ദുരന്തം ഉണ്ടായി നാളിതുവരെ ഒരു സഹായവും നൽകിയിട്ടില്ല. രാഷ്ട്രീയ പ്രേരിതമായി വയനാടിനോടും കേരളത്തിനോടും കേന്ദ്രസർക്കാർ കാട്ടുന്ന അവഗണനയും വിവേചനവും മൂടിവയ്ക്കുന്നതിനാണ് മാധ്യമങ്ങൾ തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നത്. വയനാടിന് ശേഷം പ്രകൃതിദുരന്തം ഉണ്ടായ മറ്റ് സംസ്ഥാനങ്ങൾക്ക് കേന്ദ്രസഹായം അനുവദിച്ചപ്പോഴും കേരളത്തെ അവഗണിക്കുകയാണ് കേന്ദ്ര സർക്കാർ ചെയ്തത്. 

2018ലെ പ്രളയകാലത്ത് ഹെലികോപ്റ്റർ വാടക ഇനത്തിൽ 102 കോടിയും അരി തന്ന ഇനത്തിൽ 205.81 കോടി രൂപയും കേന്ദ്രസർക്കാർ നിർബന്ധമായും കേരളത്തിൽ നിന്ന് ഈടാക്കി. 30,000 കോടി രൂപ നഷ്ടം കേരളത്തിനു ഉണ്ടായപ്പോൾ 2914 കോടി മാത്രമാണ് അന്ന് അനുവദിച്ചിരുന്നത്. 2019 ല്‍ പ്രളയക്കാലത്ത് ഒരു സഹായവും അനുവദിച്ചില്ല. കേരളത്തിന്റെ താൽപര്യങ്ങൾക്കെതിരെ വയനാട് പുനരധിവാസ പ്രവർത്തനങ്ങളെ അട്ടിമറിക്കുവാനും കേന്ദ്രസഹായം നിഷേധിക്കുവാനും നടത്തുന്ന ആസൂത്രിതമായ കള്ളപ്രചാരണങ്ങൾക്കെതിരെയാണ് 22ന് ജനകീയ സദസ്സുകൾ സംഘടിപ്പിക്കുന്നത്. യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് ടി ജെ ആഞ്ചലോസ് അധ്യക്ഷനായിരുന്നു. ജനറൽ സെക്രട്ടറി കെ പി രാജേന്ദ്രന്‍ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. നേതാക്കളായ സി പി മുരളി, കെ വി കൃഷ്ണൻ, പി സുബ്രഹ്മണ്യൻ, കെ കെ അഷറഫ്, വിജയന്‍ കുനിശേരി, പി രാജു, കെ മല്ലിക, കെ സി ജയപാലൻ, കെ ജി ശിവാനന്ദൻ, താവം ബാലകൃഷ്ണൻ, വി ബി ബിനു, ഗോവിന്ദൻ പള്ളിക്കാപ്പില്‍, ആർ സജിലാൽ, ജി ലാലു, എലിസബത്ത് അസീസി, പി വി സത്യനേശന്‍, കവിതാ രാജൻ, എ ശോഭ എന്നിവർ സംസാരിച്ചു

Exit mobile version