Site icon Janayugom Online

രാഷ്ട്രപതിയായാല്‍ കേന്ദ്ര ഏജൻസികളെ ദുരുപയോഗപ്പെടുത്തുന്നത് അവസാനിപ്പിക്കും; യശ്വന്ത് സിൻഹ

രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ ചെയ്യാൻ പോകുന്ന കാര്യങ്ങൾ വെളിപ്പെടുത്തി പ്രതിപക്ഷ രാഷ്ട്രപതി സ്ഥാനാർത്ഥി യശ്വന്ത് സിൻഹ. താൻ രാഷ്ട്രപതിയായാൽ സത്യപ്രതിജ്ഞ ചെയ്ത് അടുത്ത ദിവസം മുതൽ കേന്ദ്ര ഏജൻസികളുടെ ദുരുപയോഗം അവസാനിപ്പിക്കുമെന്ന് യശ്വന്ത് സിൻഹ പറഞ്ഞു.

തന്റെ പോരാട്ടം കേന്ദ്രസർക്കാർ ദുരുപയോഗം ചെയ്യുന്ന കേന്ദ്ര ഏജൻസികൾക്കെതിരെയാണെന്നും സ്ഥാനാർത്ഥിത്വത്തിന് പിന്തുണ തേടി ജയ്പൂരിലെത്തിയ മുൻ കേന്ദ്രമന്ത്രിയുമായ സിൻഹ പറഞ്ഞു.

‘ജൂലൈ 18 ന് നടക്കാൻ പോകുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പ്, കേന്ദ്ര ഏജൻസികളെ ദുരുപയോഗപ്പെടുത്തുന്നതിനെതിരെയുള്ള യുദ്ധമാണ്. ഞാൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ, തീർച്ചയായും ഇത്തരം പ്രവണത അവസാനിപ്പിക്കുക തന്നെ ചെയ്യും. ’- യശ്വന്ത് സിൻഹ പറഞ്ഞു.

കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാർ മനപ്പൂർവം രാജ്യത്ത് വെറുപ്പിന്റെ അന്തരീക്ഷം സൃഷ്ടിക്കുകയാണ്. രാജ്യത്ത് നടക്കുന്നത് എന്തൊക്കെയാണ് എല്ലാവർക്കുമറിയാം. എന്തായാലും, ഇന്ത്യയ്ക്ക് ഒരിക്കലും ശ്രീലങ്കയുടെ അവസ്ഥ നേരിടേണ്ടി വരില്ലെന്നും സിൻഹ കൂട്ടിച്ചേർത്തു.

സുപ്രധാന വിഷയങ്ങളിൽ നിലവിലെ രാഷ്ട്രപതിയുടെ മൗനത്തെയും സിൻഹ ചോദ്യം ചെയ്തു. “കഴിഞ്ഞ അഞ്ചു വർഷമെടുത്താൽ, രാഷ്ട്രപതി ഭവനിൽ നിശബ്ദതയുടെ കാലഘട്ടമായിരുന്നു. നിശബ്ദനായ ഒരു പ്രസിഡന്റിനെ ജനങ്ങൾക്ക് കാണേണ്ടിവന്നതെന്നും അദ്ദേഹം വ്യക്തമാക്കി”.

മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ കാലത്ത് ഉണ്ടായിരുന്ന സമവായത്തിലൂന്നിയ രാഷ്ട്രീയമാണ് ഇപ്പോൾ അവസാനിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോൾ രാഷ്ട്രീയ സംഘർഷത്തിന്റെ കാലഘട്ടമാണ് രാജ്യത്തെന്നും ബിജെപി സർക്കാരിനെ വിമർശിച്ചുകൊണ്ട് സിൻഹ കൂട്ടിച്ചേർത്തു.

രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ കശ്മീരിലെ പ്രശനങ്ങൾക്ക് സ്ഥിരമായ പരിഹാരം കാണാനും സമാധാനം പുനഃസ്ഥാപിക്കാനും കേന്ദ്രസർക്കാരിനോട് ആവശ്യപ്പെടുമെന്ന് കഴിഞ്ഞ ദിവസം അദ്ദേഹം പറഞ്ഞിരുന്നു. ജൂലൈ 18നാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പ്. ജൂലൈ 21ന് വോട്ടെണ്ണലും നടക്കും. നിലവിലെ രാഷ്ട്രപതി രാം നാഥ് കോവിന്ദിന്റെ കലാവധി ജൂലൈ 24ന് അവസാനിക്കും.

Eng­lish sum­ma­ry; Will stop mis­use of cen­tral agen­cies if elect­ed: Yash­want Sinha

You may also like this video;

Exit mobile version