Site iconSite icon Janayugom Online

സ്റ്റേ നീങ്ങുമോ? ജനനായകന്റെ സെൻസർ സർട്ടിഫിക്കറ്റിനായുള്ള അപ്പീൽ സുപ്രീം കോടതി വ്യാഴാഴ്ച പരിഗണിക്കും

തമിഴ് സൂപ്പർ താരം വിജയ്‌യുടെ അവസാന ചിത്രമായ ‘ജനനായകൻ’ നേരിടുന്ന സെൻസർ പ്രതിസന്ധിയിൽ നിർണ്ണായക വഴിത്തിരിവ്. ചിത്രത്തിന്റെ സെൻസർ സർട്ടിഫിക്കറ്റിനുള്ള സ്റ്റേ നീക്കണമെന്ന് ആവശ്യപ്പെട്ട് നിർമ്മാതാക്കൾ നൽകിയ അപ്പീൽ സുപ്രീം കോടതി വ്യാഴാഴ്ച പരിഗണിക്കും.

നേരത്തെ മദ്രാസ് ഹൈക്കോടതി നിർമ്മാതാക്കൾക്ക് അനുകൂലമായ വിധി പുറപ്പെടുവിച്ചിരുന്നു. ചിത്രത്തിന് ഉടൻ സർട്ടിഫിക്കറ്റ് നൽകണമെന്നും ഉള്ളടക്കത്തെ ചൊല്ലിയുള്ള അനാവശ്യ വിവാദങ്ങൾ അപകടകരമായ പ്രവണതയാണെന്നും ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. എന്നാല്‍ ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ്, ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു. സെൻസർ ബോർഡ് നിർദ്ദേശിച്ച 27 മാറ്റങ്ങൾ വരുത്തിയിട്ടും സർട്ടിഫിക്കറ്റ് നൽകാത്തതിനെത്തുടർന്നാണ് നിർമ്മാതാക്കൾ കോടതിയെ സമീപിച്ചത്. മതവികാരം വ്രണപ്പെടുത്തിയെന്നും സായുധ സേനയെ മോശമായി ചിത്രീകരിച്ചുവെന്നും ആരോപിച്ച് ലഭിച്ച പരാതികളെത്തുടർന്ന് ചിത്രം റിവൈസിങ് കമ്മിറ്റിക്ക് വിട്ടെന്നായിരുന്നു സെൻസർ ബോർഡിന്റെ വാദം. 

അതേസമയം, നിയമതടസ്സങ്ങൾക്കിടയിലും കേരളത്തിലടക്കം ചിത്രത്തിന് വൻ ബുക്കിങ്ങാണ് നടക്കുന്നത്. പ്രീ-ബുക്കിങ്ങിലൂടെ മാത്രം ചിത്രം ഇതിനോടകം 35 കോടി രൂപ നേടിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സുപ്രീം കോടതിയുടെ വ്യാഴാഴ്ചത്തെ വിധി ചിത്രത്തിന്റെ റിലീസിൽ നിർണ്ണായകമാകും.

Exit mobile version