Site iconSite icon Janayugom Online

വിൻഡോസ് കമ്പ്യൂട്ടറുകള്‍ പണമുടക്കി: ലോകത്തെ വിവിധയിടങ്ങളില്‍ ഫ്ലൈറ്റ് ബുക്കിങും ബാങ്കിങ്ങും തകരാറില്‍

windowswindows

ലോകവ്യാപകമായി വിന്‍ഡോസ് കമ്പ്യൂട്ടറുകള്‍ പണിമുടക്കി. മൈക്രോസോഫ്റ്റിന്റെ ക്ലൗഡ് സേവനങ്ങളിലെ തകരാറിനെത്തുടര്‍ന്ന് വിവിധ സേവന മേഖലകളുടെ പ്രവര്‍ത്തനം നിശ്ചലമായി. വിൻഡോസിന്റെ സൈബർ സുരക്ഷാ സേവനങ്ങള്‍ നല്‍കുന്ന ക്രൗഡ് സ്ട്രെെക്കിന്റെ പുതിയ അപ്‌ഡേറ്റില്‍ വന്ന പിഴവാണ് പ്രശ്നത്തിന് കാരണമെന്ന് കണ്ടെത്തി. തകരാര്‍ പരിഹരിക്കാനുള്ള ശ്രമം തുടരുകയാണെന്ന് മൈക്രോസോഫ്റ്റ് അറിയിച്ചു. 

ഇന്ത്യ, യുഎസ്, ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ്, ബ്രിട്ടന്‍, ജര്‍മ്മനി തുടങ്ങി നിരവധി രാജ്യങ്ങളിലെ വിമാന സേവനങ്ങള്‍, ബാങ്കുകള്‍, ടെലികമ്മ്യൂണിക്കേഷൻ ദാതാക്കള്‍, സർക്കാർ ഓഫിസുകള്‍, സ്റ്റോക്ക് എക്സ്ചേഞ്ചുകള്‍, മാധ്യമ സ്ഥാപനങ്ങള്‍, ആരോഗ്യ സംവിധാനങ്ങള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍ എന്നിവയുടെ പ്രവര്‍ത്തനം തകരാറിലായി. ആമസോണ്‍ ഉള്‍പ്പെടെ ഇ കോമേഴ്സ് പ്രവര്‍ത്തനങ്ങളും തടസപ്പെട്ടു. 

സൈബര്‍ സുരക്ഷാ രംഗത്ത് ലോകത്തെ മുന്‍നിര സ്ഥാപനമാണ് യുഎസ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ക്രൗഡ് സ്ട്രൈക്ക്. കമ്പനിയുടെ ഫാല്‍ക്കണ്‍ സെന്‍സര്‍ ഇന്‍സ്റ്റാള്‍ ചെയ്ത കമ്പ്യൂട്ടറുകളിലെ ഓപ്പറേറ്റിങ് സിസ്റ്റമാണ് തകരാറിലായത്. സേവന ശൃംഖലകളുടെയും സെർവറുകളുടെയും സുരക്ഷ കൈകാര്യം ചെയ്യുന്നതിന് ലോകമെമ്പാടുമുള്ള നിരവധി കമ്പനികള്‍ ക്രൗഡ് സ്ട്രൈക്ക് വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. അതേസമയം സാധാരണ പിസി ഉപയോക്താക്കളെയും ക്ലൗഡ് സ്ട്രൈക്ക് സേവനം ഉപയോഗിക്കുന്ന മാക്, ലിനക്സ് ഉപയോക്താക്കളെയും പ്രശ്നം ബാധിച്ചില്ല. മറ്റ് സൈബർ സുരക്ഷാസംവിധാനങ്ങളെ ആശ്രയിക്കുന്നവർക്കും കുഴപ്പമുണ്ടായില്ല.
ഓസ്ട്രേലിയയില്‍ വാര്‍ത്താ ചാനലുകള്‍ ഉള്‍പ്പെടെ പ്രവര്‍ത്തനം തകരാറിലായി. എബിസി, സ്കെെ ന്യൂസ് തുടങ്ങിയവ സംപ്രേഷണം നിര്‍ത്തി. യുഎസില്‍ 911 അടിയന്തര സേവനങ്ങള്‍ നിലച്ചു. 

നോണ്‍-എമർജൻസി കോള്‍ സെന്ററുകളും പ്രവർത്തനരഹിതമായി. അമേരിക്കന്‍ എയര്‍ലൈന്‍സ്, ഡെല്‍റ്റ, യുണൈറ്റഡ് എന്നിവയുള്‍പ്പെടെയുള്ള പ്രധാന യുഎസ് എയര്‍ലൈനുകള്‍ പ്രവര്‍ത്തനം നിര്‍ത്തി.
ലണ്ടനിലെ സ്റ്റോക്ക് എക്സ്ചേഞ്ച് സേവനങ്ങളും തടസപ്പെട്ടു. നുവാമ, എഡല്‍വീസ്, മോത്തിലാല്‍ ഓസ്‌വാള്‍ എന്നിവയുള്‍പ്പെടെ നിരവധി ബ്രോക്കറേജ് സ്ഥാപനങ്ങള്‍ സാങ്കേതിക തകരാറുകള്‍ നേരിട്ടു. ഇംഗ്ലണ്ടിലെ ഡോക്ടർമാർ ഉപയോഗിക്കുന്ന ആരോഗ്യ ബുക്കിങ് സംവിധാനം തകരാറിലായി. ബെര്‍ലിന്‍ വിമാനത്താവളത്തിലെ എല്ലാ സര്‍വീസുകളും തടസപ്പെട്ടു. ന്യൂസിലാൻഡില്‍ പാർലമെന്റിന്റെ പ്രവർത്തനത്തെയും വിന്‍ഡോസ് തകരാര്‍ ബാധിച്ചു. 

ബിഎസ്ഒഡി ബൂട്ട് ലൂപ് 

കമ്പ്യൂട്ടറിന്റെ ഹാർഡ്‌വേറിലോ സോഫ്റ്റ്‌വേറിലോ ഗുരുതരമായ തകരാറുകള്‍ സംഭവിക്കുമ്പോഴാണ് ബ്ലൂ സ്ക്രീൻ ഓഫ് ഡെത്ത് (ബിഎസ്ഒഡി) എറര്‍ മുന്നറിയിപ്പ് ലഭിക്കുക. ബ്ലാക്ക് സ്ക്രീന്‍ എറര്‍ എന്നും സ്റ്റോപ് കോഡ് എറര്‍ എന്നും ഇവ അറിയപ്പെടുന്നു. തുടര്‍ന്ന് കമ്പ്യൂട്ടര്‍ തനിയെ റീസ്റ്റാര്‍ട്ട് ചെയ്യുന്നു. ഇത് വീണ്ടും തുടരുന്നു.
സൈബര്‍ ആക്രമണങ്ങളില്‍ നിന്നും എൻഡ്‌പോയിന്റ് സുരക്ഷ വാഗ്ദാനം ചെയ്യുന്ന ക്രൗഡ് സ്ട്രൈക്കിന്റെ സേവനമാണ് ഫാല്‍ക്കണ്‍. ഇതിന്റെ സെന്‍സര്‍ പ്രവര്‍ത്തനത്തിനുള്ള കെര്‍ണല്‍ അപ്ഡേഷനിലാണ് തകരാര്‍ എന്നതിനാല്‍ പ്രശ്നപരിഹാരം കണ്ടെത്തുക കൂടുതല്‍ ബുദ്ധിമുട്ടേറിയതായി.

മൈക്രോസോഫ്റ്റ് 365ന്റെ വ്യത്യസ്ത ആപ്പുകള്‍ ഉപയോഗിക്കുന്നതിലും ഉപഭോക്താക്കള്‍ക്ക് തടസം നേരിട്ടു. വണ്‍ഡ്രൈവിലും തടസമുണ്ടായി. എന്നാല്‍ ഇവയ്ക്ക് ക്ലൗഡ് സ്ട്രൈക്ക് തകരാറുമായി നേരിട്ട് ബന്ധമില്ല. ഫാല്‍ക്കണ്‍ തകരാറിനെത്തുടര്‍ന്നുണ്ടായ ഡാറ്റാ ട്രാഫിക് മൈക്രോസോഫ്റ്റിന്റെ അഷ്വർ വിര്‍ച്വല്‍ മെഷീന്‍ സംവിധാനത്തെയും ക്ലൗഡ് സേവനങ്ങളെയും തകിടം മറിക്കുകയായിരുന്നു.

ഇന്ത്യയില്‍

ഡല്‍ഹി, മുംബൈ, കൊച്ചി ഉള്‍പ്പെടെ വിമാനത്താവളങ്ങളില്‍ പ്രവര്‍ത്തനങ്ങള്‍ താളം തെറ്റി. ഇന്‍ഡിഗോ, ആകാശ് എയര്‍ലൈന്‍സ്, സ്പെെസ് ജെറ്റ് എന്നിവയുള്‍പ്പെടെ എയര്‍ലൈനുകളുടെ ബുക്കിങ്, ചെക്ക്-ഇന്‍ സേവനങ്ങള്‍ തടസപ്പെട്ടു. തുടര്‍ന്ന് മാന്വല്‍ ചെക്ക് ഇൻ നടപടികളെ ആശ്രയിക്കേണ്ടതായി വന്നു. ഇതോടെ വിമാനത്താവളങ്ങളില്‍ വലിയ ക്യൂ അനുഭവപ്പെട്ടു. നെടുമ്പാശേരി വിമാനത്താവളത്തില്‍ വിമാനങ്ങള്‍ വൈകി. ബംഗളൂരു, ഗോവ വിമാനത്താവളങ്ങളില്‍ ചെക്ക് ഇന്‍ തടസം മൂലം യാത്രക്കാര്‍ കുടുങ്ങി. തിരുവനന്തപുരം വിമാനത്താവളത്തില്‍ മൂന്ന് സര്‍വീസുകള്‍ റദ്ദാക്കി.

ഇൻഡിഗോയുടെ 192 വിമാനങ്ങൾ റദ്ദാക്കി. വിമാനങ്ങൾ റദ്ദാക്കിയെങ്കിലും പുതിയ വിമാനം ബുക്ക് ചെയ്യാനോ, റീഫണ്ട് നൽകാനോ നിലവിലെ സാഹചര്യത്തിൽ സാധ്യമല്ലെന്ന് ഇൻഡിഗോ അറിയിച്ചു. സർവീസുകൾ വൈകുന്നതിനാൽ യാത്രക്കാർക്ക് ഭക്ഷണവും വെള്ളവും മറ്റ് സൗകര്യങ്ങളും നൽകാൻ വിമാനസ‍ർവീസ് അധികൃതരോട് നിര്‍ദേശിച്ചതായി കേന്ദ്ര വ്യോമയാന മന്ത്രി രാമോഹൻ നായിഡു അറിയിച്ചു. ഇന്ത്യയില്‍ എടിഎമ്മുകളുടെ പ്രവര്‍ത്തനത്തെയും വിന്‍ഡോസ് തകരാര്‍ കാര്യമായി ബാധിച്ചു.

Eng­lish Sum­ma­ry: Win­dows com­put­ers crash: Flight book­ings and bank­ing dis­rupt­ed in var­i­ous parts of the world

You may also like this video

Exit mobile version