ജനുവരി ഒന്നുമുതൽ ഇന്നലെ വരെയുള്ള കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ കണക്കനുസരിച്ച് സംസ്ഥാനത്തെ ശീതകാല മഴയുടെ അളവ് സാധാരണ നിലയിൽ. ഈ കാലയളവിൽ അഞ്ചു ശതമാനമാണ് കേരളത്തിലെ ശീതകാല മഴയുടെ കുറവ്. കേരളത്തിൽ ഇന്നലെ വരെ ലഭിക്കേണ്ടിയിരുന്നത് 15.9 മില്ലി മീറ്റർ മഴയാണ്. ഇന്നലെ വരെ സംസ്ഥാനത്ത് ലഭിച്ചത് 15.1 മില്ലി മീറ്റർ മഴയാണ്.
ജനുവരി ഒന്നു മുതൽ ഫെബ്രുവരി 28 വരെയുള്ള മഴയാണ് ശീതകാല മഴ സീസണായി കണക്കാക്കുന്നത്. മാർച്ച് ഒന്നു മുതൽ മേയ് 31 വരെയുള്ള കാലയളവിൽ പെയ്യുന്ന മഴ വേനൽ മഴയായും ജൂൺ ഒന്നു മുതൽ സെപ്റ്റംബർ 30 വരെ ലഭിക്കുന്ന മഴ കാലവർഷ മഴയായുമാണ് കണക്കാക്കുക. കാസർകോട് ജില്ലയിൽ ജനുവരി മുതൽ ഒരു മില്ലി മീറ്റർ പോലും മഴ ലഭിച്ചിട്ടില്ല. കാസർകോട്ടെ മഴക്കുറവ് 100 ശതമാനമാണെങ്കിൽ കണ്ണൂരിൽ 99ഉം കണ്ണൂരിൽ 67 ശതമാനവുമാണ് ശീതകാല മഴയുടെ കുറവ്. വയനാട് ജില്ലയിൽ ഈ കാലയളവിൽ 50 ശതമാനത്തിന്റെയും പാലക്കാട് 26ഉം ആലപ്പുഴ, കൊല്ലം ജില്ലകളിൽ 22 ശതമാനത്തിന്റെയും മഴയുടെ കുറവുണ്ട്. അതേസമയം മാഹിയിലും 100 ശതമാനം മഴക്കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
ഇടുക്കിയിൽ ഇതുവരെ 19.9 മില്ലി മീറ്റർ മഴ രേഖപ്പെടുത്തിയിട്ടുണ്ട്. സാധാരണയായി ലഭിക്കേണ്ടിയിരുന്നത് 21.6 മില്ലി മീറ്റർ മഴയാണ്. ഇടുക്കിയിൽ ഒമ്പത് ശതമാനം മഴയുടെ കുറവുണ്ട്. 18 ശതമാനം വരെ കൂടുതലോ കുറവോ സാങ്കേതികമായി സാധാരണ മഴയായാണ് കാലാവസ്ഥ വകുപ്പ് കണക്കാക്കുക. എറണാകുളം (14), കോട്ടയം (12), പത്തനംതിട്ട (19), തിരുവനന്തപുരം(18), തൃശൂർ(7) എന്നീ ജില്ലകളിലാണ് ശീതകാല മഴ സാധാരണ നിലയിൽ രേഖപ്പെടുത്തിയിട്ടുള്ളത്. സംസ്ഥാനത്ത് കോഴിക്കോട് ജില്ലയിലാണ് ഈ സീസണിൽ ഏറ്റവും കൂടുതൽ മഴ പെയ്തത്. 135 ശതമാനം അധിക മഴയാണ് കോഴിക്കോട് ലഭിച്ചത്. 4.6 മില്ലി മീറ്റർ മഴ പ്രതീക്ഷിച്ചിരുന്ന സ്ഥാനത്ത് 10. 8 മില്ലി മീറ്റർ മഴയാണ് കോഴിക്കോട് ഇതുവരെ ലഭിച്ചത്.
ജനുവരിയിൽ വലിയ തോതിൽ മഴക്കുറവ് രേഖപ്പെടുത്തിയിരുന്നെങ്കിലും അവസാന വാരം കേരളത്തിൽ ശക്തമായ മഴ ലഭിച്ചതാണ് മഴക്കുറവിനെ സാധാരണ നിലയിൽ എത്തിച്ചത്. ഫെബ്രുവരിയിൽ ആദ്യ വാരത്തിനു ശേഷം കാര്യമായ മഴ ലഭിച്ചിട്ടില്ലെങ്കിലും മഴക്കുറവ് അഞ്ചു ശതമാനത്തിൽ എത്തിനിൽക്കാൻ കാരണം ജനുവരി മാസം ലഭിച്ച അധിക മഴയാണ്. ശീതകാല മഴ സീസണിലെ കണക്കെടുപ്പ് കഴിയാൻ ഒരാഴ്ച കൂടി അവശേഷിക്കുന്നുണ്ട്. അതേസമയം വരും ദിവസങ്ങളിൽ കാര്യമായ മഴ സാധ്യത കേന്ദ്ര കാലാവസ്ഥ വകുപ്പ് പുറപ്പെടുവിച്ചിട്ടില്ല.
English Summary: Winter rainfall is normal in the state
You may also like this video