Site iconSite icon Janayugom Online

ശൈത്യം ഉടന്‍ തീരും; വരുന്നത് അതിനെക്കാള്‍ ഭീകരം

cold wavecold wave

പുലർകാലങ്ങളിൽ കേരളത്തെ തണുത്തു വിറപ്പിച്ച് ശൈത്യകാലം വിടവാങ്ങുന്നു. ജനുവരി പകുതിയോടെയാണ് കേരളത്തിൽ ശൈത്യം അനുഭവപ്പെട്ടുതുടങ്ങിയത്. ഹൈറേഞ്ച് മേഖലകളിൽ മൈനസ് താപനിലയിലേക്കെത്തിയെങ്കിലും നഗരപ്രദേശങ്ങളിലെല്ലാം പുലർച്ചെയാണ് തണുപ്പ് അനുഭവപ്പെടുന്നത്. 2019 ശേഷം കേരളത്തിൽ ഇത്തവണ മൈനസ് നാലുവരെ തണുപ്പ് രേഖപ്പെടുത്തി. മൂന്ന് വര്‍ഷം മുമ്പ് സംസ്ഥാനത്ത് കുറഞ്ഞ താപനില മൈനസ് 14 വരെയെത്തിയിരുന്നു. കാലാവസ്ഥാ വ്യതിയാനത്തിന്റെ പശ്ചാത്തലത്തിലാണ് അത്യുഷ്ണവും അതിശൈത്യവും അന്യമായിരുന്ന കേരളത്തിൽ ഇവ അനുഭവപ്പെടാൻ കാരണമെന്ന് കാലാവസ്ഥാ ഗവേഷകൻ ഡോ. ചോലയിൽ ഗോപകുമാർ പറഞ്ഞു. 

ശൈത്യകാലം ഫെബ്രുവരി ആദ്യവാരം വരെ നീളും. തുടർന്ന് കേരളം ഉഷ്ണകാലത്തിലേക്ക് കടക്കും. പിന്നാലെ കനത്തചൂടാണ് അനുഭവപ്പെടാനിടയുള്ളത്. തെളിഞ്ഞ ആകാശവും മഴമാറിയ അന്തരീക്ഷവുമാണ് നിലവിലെ മഞ്ഞിന് കാരണം. മലയോരമേഖലകളിലൊഴികെ നിലവിൽ പകൽച്ചൂട് 32–34 ഡിഗ്രി സെൽഷ്യസും രാത്രിചൂട് 22–23 ഡിഗ്രിയുമാണ്. അടുത്തമാസത്തോടെ ഇത് കൂടാനുള്ള സാധ്യതയാണ് കാണുന്നത്. അതേസമയം ഈർപ്പത്തിന്റെ അളവ് കൂടുതലുള്ള തീരപ്രദേശങ്ങളിൽ പകൽസമയങ്ങളിൽ ഇപ്പോഴും കനത്ത ചൂടാണ് അനുഭവപ്പെടുന്നത്. 

കാലാവസ്ഥാ വ്യതിയാനം കേരളത്തിന്റെ പരമ്പരാഗതമായ രീതികളെയും വ്യത്യാസപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. ജൂണിൽ ലഭിക്കേണ്ട കാലവർഷവും തുടര്‍ന്നുള്ള തുലാവർഷവുമെല്ലാം കാലം തെറ്റിയാണ് പെയ്യുന്നത്. കഴിഞ്ഞ വർഷം കാലവർഷവും തുലാവർഷവും കാര്യമായി ലഭിച്ചില്ല. എന്നാൽ മാൻഡസ് ചുഴലിക്കാറ്റിന്റെ ഭാഗമായി കേരളത്തിലും അപ്രതീക്ഷിത മഴ ലഭിച്ചു. 2022ൽ കേരളത്തിന് ലഭിച്ചത് ശരാശരിയെക്കാൾ ഒരു മില്ലിമീറ്റർ മാത്രം കൂടുതൽ മഴയാണ്. 2021ൽ ജനുവരിയിൽ മഞ്ഞിന് പകരം 115 ശതമാനം അധികമഴയാണ് ലഭിച്ചത്. 

2022ൽ കേരളത്തിന് ലഭിക്കേണ്ടത് 2895 മില്ലിമീറ്റർ മഴയാണ്. 2896 മില്ലിമീറ്റർ മഴ 2022 ജനുവരി ഒന്നു മുതൽ ഡിസംബർ 31വരെ ലഭിച്ചു. 2021ൽ 26 ശതമാനം അധികമഴയാണ് വേനലിൽ ലഭിച്ചത്. 2020ൽ കാലവർഷം ഒമ്പത് ശതമാനം അധികവും തുലാവർഷം 26 ശതമാനം കുറവുമാണ് ലഭിച്ചത്. 2019ൽ 85 ശതമാനം അധികമഴയാണ് വേനലിൽ ലഭിച്ചത്. ഇതിൽ കാലവർഷം 13 ശതമാനം അധികവും തുലാവർഷം 27 ശതമാനം കൂടുതലുമാണ്. പ്രളയത്തിനിടയാക്കിയ 2018ൽ 24 ശതമാനം അധികമഴയാണ് കാലവർഷത്തിൽ ലഭിച്ചത്. 

Eng­lish Sum­ma­ry: Win­ter will soon be over; It’s worse than that to come

You may also like this video

Exit mobile version