Site iconSite icon Janayugom Online

കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളുടെ വിമര്‍ശനം തള്ളി ശശിതരൂര്‍

എല്‍ഡിഎഫ് ഭരണത്തെ പ്രശംസിച്ചത് ശരിയല്ലെന്ന നേതാക്കളുടെനിലപാട് തള്ളി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം കൂടിയായ ശശി തരൂര്‍ എംപി. വ്യവസായമേഖലയിൽ കേരളം കൈവരിച്ച കുതിപ്പിനെ പ്രശംസിച്ചത്‌ കൃത്യമായ സ്ഥിതിവിവരക്കണക്കുകളുടെ അടിസ്ഥാനത്തിലാണെന്ന്‌ ശശി തരൂർ ആവർത്തിച്ചു. തന്നെ വിമർശിക്കാനെങ്കിലും കേരളത്തിലെ നേതാക്കൾ ഒന്നായതിൽ സന്തോഷമുണ്ടെന്ന്‌ തരൂർ പരിഹസിച്ചു. ചൊവ്വാഴ്‌ച ഡൽഹിയിൽ രാഹുൽ ഗാന്ധിയെ കണ്ട തരൂർ, കേരളത്തിലെ വ്യവസായ മുന്നേറ്റത്തെ പ്രശംസിച്ചത്‌ എന്ത്‌ കാരണങ്ങളാലാണെന്ന്‌ വിശദീകരിച്ചിരുന്നു.

കാര്യങ്ങൾ മനസ്സിലാക്കാതെയാണ്‌ കോൺഗ്രസ്‌ നേതാക്കളുടെ വിമർശമെന്നും വളഞ്ഞിട്ടാക്രമിക്കുന്നതിൽ കടുത്ത അതൃപ്‌തിയുണ്ടെന്നും അദ്ദേഹം രാഹുല്‍ ഗാന്ധിയെ അറിയിച്ചു. കോൺഗ്രസിനുള്ളിൽ അവഗണിക്കപ്പെടുന്നുവെന്നും പരാതിപ്പെട്ടു. അടിസ്ഥാനരഹിതമായ വിമർശനങ്ങൾ കാര്യമാക്കേണ്ടതില്ലെന്നും കോൺഗ്രസുമായി ചേർന്ന്‌ മുന്നോട്ടുപോകണമെന്നും രാഹുൽ ആവശ്യപ്പെട്ടതായി പറയപ്പെടുന്നു
കേരളത്തിലെ വ്യവസായ മുന്നേറ്റവുമായി ബന്ധപ്പെട്ട കണക്കുകൾ എല്‍ഡിഎഫ് പുറത്തു വിട്ടതല്ല. ഗ്ലോബൽ സ്റ്റാർട്ടപ്പ്‌ ഇക്കോസിസ്റ്റം റിപ്പോർട്ടിന്റെയും ഈസ്‌ ഓഫ്‌ ഡൂയിങ്‌ ബിസിനസ്‌റാങ്കിങിന്റെയും അടിസ്ഥാനത്തിലാണ്‌ കേരളത്തിന്റെ നേട്ടങ്ങളെ പ്രശംസിച്ചത്‌. ഈ കണക്കുകളിൽ മാറ്റം വന്നാൽ താനും നിലപാടിൽ മാറ്റം വരുത്താം. ലേഖനം കേരളത്തിന്‌ വേണ്ടിയാണ്‌. താൻ കേരളത്തിനൊപ്പവുമാണെന്ന് തരൂര്‍ അഭിപ്രായപ്പെട്ടു

Exit mobile version