Site iconSite icon Janayugom Online

യുഡിഎഫ് വേട്ടക്കാര്‍ക്കൊപ്പം; അതിജീവിതമാരെ ചേര്‍ത്തുപിടിച്ച് എല്‍ഡിഎഫ്

ക്രൂരമായ ആക്രമണങ്ങളില്‍ മനസും ശരീരവും മുറിവേറ്റ അതിജീവിതമാരെ ചേര്‍ത്തുപിടിച്ച് എല്‍ഡിഎഫും സര്‍ക്കാരും അവര്‍ക്ക് തണലേകുമ്പോള്‍, എക്കാലത്തും യുഡിഎഫിന്റെ നിലപാട് വേട്ടക്കാര്‍ക്കൊപ്പം. നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയ്ക്കെതിരെയും അപ്പീല്‍ പോകുമെന്ന് പ്രഖ്യാപിച്ച സര്‍ക്കാരിനെതിരെയും യുഡിഎഫ് കണ്‍വീനര്‍ തന്നെയാണ് ഇന്നലെ പരസ്യമായി രംഗത്തുവന്നത്. ദിലീപിന് നീതി കിട്ടിയെന്നും അപ്പീല്‍ പോകുന്നത് സര്‍ക്കാരിന് വേറെ പണിയില്ലാത്തതുകൊണ്ടാണെന്നും ദിലീപിനെ ദ്രോഹിക്കാനാണെന്നും പറഞ്ഞ അടൂര്‍ പ്രകാശിന്റേത് യുഡിഎഫ് നിലപാട് തന്നെയാണെന്ന് നേരത്തെയുള്ള വിവിധ സംഭവങ്ങളില്‍ നിന്ന് വ്യക്തമാണ്.
ക്രൂരമായ ബലാത്സംഗവും നിര്‍ബന്ധിത ഗര്‍ഭഛിദ്രവും ഉള്‍പ്പെടെയുള്ള കേസുകളില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തിലിനെ അവസാനനിമിഷം വരെ കാത്തുരക്ഷിച്ചത് കോണ്‍ഗ്രസും യുഡിഎഫും തന്നെയാണ്. യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനാകുന്നതിന് മുമ്പുതന്നെ രാഹുലിനെതിരെ നിരവധി പരാതികള്‍ ലഭിച്ചിട്ടും പിന്നെയും സ്ഥാനമാനങ്ങള്‍ നല്‍കുകയായിരുന്നു കോണ്‍ഗ്രസ്. പാര്‍ട്ടിയിലെ വനിതാ പ്രവര്‍ത്തകരും സഹയാത്രികരും ഉള്‍പ്പെടെയാണ് അന്ന് രാഹുലിനെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്. ആദ്യം മാധ്യമങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്തിയ റിനി ആന്‍ ജോര്‍ജ് തന്നെ പറഞ്ഞത്, നേരത്തെ പ്രതിപക്ഷ നേതാവ് വി ഡി സതീശനോട് എല്ലാ കാര്യങ്ങളും പറഞ്ഞിരുന്നുവെന്നാണ്. കോടതി മുന്‍കൂര്‍ ജാമ്യം തള്ളിയതിനെത്തുടര്‍ന്ന് ഗത്യന്തരമില്ലാതെ രാഹുല്‍ മാങ്കൂട്ടത്തിലിനെ പുറത്താക്കിയെങ്കിലും കോണ്‍ഗ്രസിന്റെ സഹായത്തില്‍ ഇപ്പോള്‍ ഒളിവില്‍ കഴിയുകയാണ് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍.
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതികളുമായി രംഗത്തുവരാന്‍ ഭയമാണെന്നാണ് അതിജീവിതമാര്‍ വ്യക്തമാക്കിയത്. രാഹുലിന്റെ വെട്ടുകിളിക്കൂട്ടമായ കോണ്‍ഗ്രസ് സൈബര്‍ അണികള്‍ വ്യാപകമായ ആക്രമണമാണ് പരാതിക്കാരായ സ്ത്രീകള്‍ക്കെതിരെ അഴിച്ചുവിട്ടത്. അതിജീവിതയുടെ വ്യക്തിവിവരങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പരസ്യമാക്കിയതിന് കെപിസിസി ജനറല്‍ സെക്രട്ടറി സന്ദീപ് വാര്യര്‍, മഹിളാ കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ ജനറല്‍ സെക്രട്ടറി രഞ്ജിത പുളിക്കന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. യുവതിയുടെ ഫോട്ടോ ഉള്‍പ്പെടെ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കാന്‍ ആഹ്വാനം ചെയ്തത് കോണ്‍ഗ്രസിന്റെ ഡിജിറ്റല്‍ മീഡിയ സെല്ലിന്റെ ഭാഗമായവരാണ്.
രാഹുലിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട മുതിര്‍ന്ന വനിതാ നേതാക്കള്‍ മുതല്‍ യൂത്ത് കോണ്‍ഗ്രസിന്റെ ഭാരവാഹികളായ യുവതികള്‍ ഉള്‍പ്പെടെ കടുത്ത ഭാഷയില്‍ അപമാനിക്കപ്പെട്ടു. ഇതൊക്കെയറിഞ്ഞിട്ടും മൗനം പാലിക്കുകയാണ് പല നേതാക്കളും ചെയ്തത്. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെടുന്നതിന് മണിക്കുറുകള്‍ക്ക് മുന്‍പ് പോലും രാഹുല്‍ മാങ്കൂട്ടത്തിലിന് സംരക്ഷണമൊരുക്കുകയായിരുന്നു യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശും മുന്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരനും ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍. നേതാക്കളുടെ പാത പിന്തുടര്‍ന്ന്, ഇപ്പോഴും സമൂഹമാധ്യമങ്ങളില്‍ അതിജീവിതമാര്‍ക്കെതിരെയുള്ള കടന്നാക്രമണം യുഡിഎഫിന്റെ സൈബര്‍ ഹാന്‍ഡിലുകള്‍ വ്യാപകമായി നടത്തിക്കൊണ്ടിരിക്കുകയാണ്. 

Exit mobile version