Site iconSite icon Janayugom Online

ജയിൽ മോചിതനായി ദിവസങ്ങൾക്കുള്ളിൽ ഭാര്യയെയും മകളെയും കൊലപ്പെടുത്തി; ഭർത്താവ് ആത്മഹത്യ ചെയ്തു

ഗുവാഹട്ടിയിൽ ഭാര്യയെയും മകളെയും കൊലപ്പെടുത്തിയശേഷം ഭർത്താവ് വീടിനുള്ളിൽ തൂങ്ങിമരിച്ചു. ജയിലിൽ നിന്ന് പുറത്തിറങ്ങി ദിവസങ്ങൾക്കുള്ളിലാണ് കൊലപാതകങ്ങൾ നടന്നത്. ഭാര്യയുടെ ആദ്യ ഭർത്താവിലെ മകളെ ലൈംഗികമായി പീഡിപ്പിച്ചതിന് ഇയാള്‍ ജയിലിലായിരുന്നു. ജൂലി ദേക (42), അവരുടെ പതിനഞ്ച് വയസ്സുള്ള മകൾ എന്നിവരാണ് കൊല്ലപ്പെട്ടത്. ലോഹിത് തകുരിയ (47) ആണ് ആത്മഹത്യ ചെയ്തത്.

കഴിഞ്ഞ വർഷം ജൂലൈയിൽ ആണ് ഭർത്താവ് മകളെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ആരോപിച്ച് ജൂലി പരാതി നല്‍കിയത്. പോക്സോ നിയമ പ്രകാരം കേസ് രജിസ്റ്റർ ചെയ്യുകയും ലോഹിത്തിനെ ജയിലിലടയ്ക്കുകയും ചെയ്തു. ജയില്‍ മോചിതനായ ലോഹിത് വീട്ടിലെത്തി ഭാര്യയുമായി വഴക്കിടുകയായിരുന്നു. യുവതിയെ മരക്കഷണം കൊണ്ട് അടിച്ചും പെൺകുട്ടിയുടെ കഴുത്ത് വെട്ടുകത്തി ഉപയോഗിച്ച് മുറിച്ചുമാണ് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. മൂന്ന് മൃതദേഹങ്ങളും പോസ്റ്റ്‌മോർട്ടത്തിന് അയച്ചിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.

Exit mobile version