ബൈക്കിന് പിന്നിലിരുന്ന് യാത്ര ചെയ്യവേ ഷാൾ ബൈക്കിൽ കുരുങ്ങി വീട്ടമ്മ മരിച്ചു. ശ്രീകാര്യം എൻജിനീറിങ് കോളേജിനു സമീപം ചിറവിള ആയില്യ ഭവനിൽ ഷീജാകുമാരി (46)ആണ് മരിച്ചത്. ബുധനാഴ്ച രാത്രി എട്ടരയോടെ
നന്നാട്ടുകാവിനും പോത്തൻകോടിനും ഇടയിലാണ് അപകടം നടന്നത്. ഷീജാ കുമാരിയുടെ കുടുംബവീടായ നന്നാട്ടുകാവ് തിട്ടയത്ത്കോണത്ത് അടുത്ത ബന്ധുവിൻ്റെ കുഞ്ഞിൻ്റെ ജന്മദിന ചടങ്ങിൽ പങ്കെടുത്ത് മടങ്ങുമ്പോഴാണ് അപകടം നടന്നത്.
ഷീജ വീടിനോട് ചേർന്ന് ഹോംസ്റ്റേ നടത്തുന്നുണ്ട്. ഇവിടെ താമസിക്കുന്ന എൻജിനീയറിങ് കോളേജിലെ ഒരു വിദ്യാർഥിയുടെ ബൈക്കിൽ സഞ്ചരിച്ചു വരുമ്പോഴാണ് കഴുത്തിൽ ചുറ്റിയിരുന്ന ഷാളിൻ്റെ ഒരറ്റം ബൈക്കിൻ്റെ പിന്നിലെ വീലിൽ കുരുങ്ങി റോഡിലേക്ക് തലയിടിച്ചു വീണത്.
ഷീജയുടെ മക്കളായ അമൃതയും അമലയും മറ്റൊരു സ്കൂട്ടറിൽ തൊട്ടുപിന്നാലെ തന്നെ വരുന്നുണ്ടായിരുന്നു. ഷീജയെ ഉടനെതന്നെ സ്വകാര്യ ആശുപത്രിയിലും അവിടെ നിന്നും മെഡിക്കൽ കോളേജിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു. ഭർത്താവ്: പരേതനായ കർമ്മ ചന്ദ്രൻ. മക്കൾ, വിദ്യാർഥികളായ അമൃത ചന്ദ്രനും അമലാചന്ദ്രനും സിപിഐയുടെ എൻജിനീയറിങ് കോളേജ് ബ്രാഞ്ചിലെ അംഗങ്ങളാണ്.
English Summary: Woman died in Road Accident
You may like this video also