Site iconSite icon Janayugom Online

ഡല്‍ഹിയില്‍ 20 കാരിക്ക് ദാരുണാന്ത്യം; അഞ്ചുപേര്‍ അറസ്റ്റില്‍

ഡൽഹിയിൽ പുതുവത്സര ആഘോഷങ്ങൾക്കിടെ യുവാക്കൾ യുവതിയെ ക്രൂരമായി കൊലപ്പെടുത്തി. അമൻ വിഹാർ സ്വദേശിനിയായ അഞ്ജലി (20) യാണ് മരിച്ചത്. യുവതി സഞ്ചരിച്ച സ്കൂട്ടർ ഇടിച്ച് തെറിപ്പിക്കുകയും കാർ ടയറിനിടയിൽ കുടുങ്ങിയ യുവതിയെ കിലോമീറ്ററുകളോളം വലിച്ചിഴച്ച് കൊണ്ടുപോവുകയുമായിരുന്നു, സുൽത്താൻപുരിയിലാണ് സംഭവം. സംഭവത്തിൽ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
പുതുവത്സര ആഘോഷം കഴിഞ്ഞ് പുലർച്ചെ 3.45 ഓടെ യുവതി വീട്ടിലേക്ക് മടങ്ങവെ അമിത വേഗതയിലെത്തിയ കാർ യുവതിയുടെ സ്കൂട്ടർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. വാഹനത്തിന് അടിയിലേക്ക് വീണ യുവതിയെ കിലോമീറ്ററുകളോളം വലിച്ചിഴച്ച് കൊണ്ടുപോയി. അഞ്ച് പേരാണ് കാറിലുണ്ടായിരുന്നത്. ഇവർ മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

കാറിന്റെ ടയറിനുള്ളിൽ യുവതിയുടെ കൈകാലുകൾ കുരുങ്ങി. അപകടം നടന്നതായി മനസിലാക്കിയിട്ടും പ്രതികൾ വാഹനം നിർത്താതെ ഓടിച്ചു പോവുകയായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി. ദൃക്സാക്ഷികൾ വിവരമറിയിച്ചതിനെ തുടർന്നാണ് ചെക്കിങ് പോയിന്റിലുണ്ടായിരുന്ന പൊലീസ് സംഘം പ്രതികളെ പിടികൂടിയത്. പുലർച്ചെ 4.11 ഓടെ കാഞ്ചവാല പ്രദേശത്ത് നഗ്നമായ നിലയിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. യുവതി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതായി കുടുംബാംഗങ്ങള്‍ ആരോപിക്കുന്നു. അതേസമയം അപകടം നടന്നത് അറിഞ്ഞിരുന്നു, എന്നാൽ യുവതി കാറിനടിയിൽ അകപ്പെട്ടെതായി അറിഞ്ഞില്ലെന്നാണ് പ്രതികൾ പൊലീസിനോട് പറഞ്ഞത്.
യുവതിയും പ്രതികളും തമ്മിൽ മറ്റേതെങ്കിലും തരത്തിൽ ബന്ധമുണ്ടായിരുന്നോ എന്ന കാര്യം അന്വേഷിച്ചുവരികയാണ്. പ്രദേശത്തെ സിസിടിവികൾ പരിശോധിച്ച് തെളിവുകൾ ശേഖരിച്ചിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി. ഡൽഹി വനിതാ കമ്മിഷൻ അധ്യക്ഷ സ്വാതി മലിവാൾ സംഭവത്തില്‍ പൊലീസിനോട് റിപ്പോർട്ട് തേടി.

Exit mobile version