കൽപാത്തി സ്വദേശിയായ 53 വയസുകാരനിൽ നിന്നും 42 ലക്ഷം തട്ടിയ യുവതി പിടിയിൽ. വിവാഹ വാഗ്ദാനം നൽകി പണം തട്ടിയെടുത്ത കേസിൽ കൊല്ലം കൊട്ടാരക്കര ഇളമാട് കണ്ണംകോട് ആക്കൽ ഷിബു വിലാസം വീട്ടിൽ ശാലിനി (37)യാണ് അറസ്റ്റിലായത്. നിരവധി വിവാഹത്തട്ടിപ്പ് കേസിൽ പ്രതിയാണ് അറസ്റ്റിലായ യുവതിയെന്ന് പൊലീസ് പറയുന്നു.
കല്‍പ്പാത്തി സ്വദേശി നല്‍കിയ പുനർ വിവാഹ പരസ്യം കണ്ട് യുവതി ഫോണിൽ ഇയാളുമായി ബന്ധപ്പെട്ടു. മധ്യപ്രദേശിൽ ജോലി ചെയ്യുകയാണെന്നും വിധവയാണെന്നും പറഞ്ഞാണ് ഇയാളുമായി അടുത്തത്. തുടർന്ന് ഫോണിലൂടെ സൗഹൃദം തുടരുകയായിരുന്നു. തന്റേ ജോലി സ്ഥിരമാകുന്നതിന് പണം ആവശ്യമാണെന്ന് അറിയിച്ചുക്കൊണ്ടാണ് യുവതി ഇയാളിൽ നിന്നും ലക്ഷങ്ങൾ വാങ്ങിയത്. പല തവണകളായി 42 ലക്ഷം രൂപ തട്ടിയെടുത്തപ്പോഴും 53 കാരന് സംശയമില്ലായിരുന്നു. എന്നാല്‍ പണം വാങ്ങിയ ശേഷം പല പല കാരണങ്ങൾ പറഞ്ഞ് യുവതി വിവാഹ തീയതി നീക്കിക്കൊണ്ടു പോവുകയായിരുന്നു.
തുടര്‍ന്ന് വിവാഹം നടത്തുന്നതിന് നിശ്ചയിച്ച ദിവസം വരൻ എത്തിയിട്ടും വധു എത്തിയില്ല. ഇതോടെ പൊലീസിൽ പരാതി നൽകുകയായിരുന്നു. എറണാകുളം ജില്ലയിൽ നിന്നാണ് ശാലിനിയെ പൊലീസ് അറസ്റ്റ് ചെയ്തത്. അതേസമയം അവരുടെ കൂടെ മറ്റൊരാൾ കൂടിയുണ്ടായിരുന്നുവെന്നും ഇയാളിൽ നിന്നും അഞ്ച് ലക്ഷം രൂപ തട്ടിയെടുത്തതായും പൊലീസ് പറഞ്ഞു. കേസിൽ ശാലിനിയുടെ ഭർത്താവ് കൂട്ടു പ്രതിയാണ്.
ശാലിനിയുടെ ഭര്‍ത്താവ് പാലക്കാട് കോങ്ങാട് കുണ്ടുവംപാടം അമ്പലപള്ളിയാലില്‍ സരിന്‍കുമാര്‍ (38) മുമ്പ് പിടിയിലായിരുന്നു. ഇരുവരും ചേര്‍ന്നാണു തട്ടിപ്പ് ആസൂത്രണം ചെയ്തിരുന്നത്. എസ്ഐ കെ മണികണ്ഠൻ, സീനിയർ സിപിഒ ജോബി ജേക്കബ്, അനിൽകുമാർ, വനിത സിപിഒ എസ് ലതിക, പി എസ് അനിത എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
English Summary: woman who cheated 42 lakhs with a promise of marriage was arrested
You may also like this video