ജോലി ചെയ്യുന്ന വനിതകളാണ് പ്രാഥമിക ആവശ്യങ്ങൾ പോലും നിറവേറ്റാൻ കഴിയാതെ പ്രയാസപ്പെട്ട് ജോലി മുന്നോട്ട് കൊണ്ടുപോകുന്നത്. ട്രെയിൻ വഴിയിൽ നിർത്തി ലോക്കോ പൈലറ്റ് ട്രാക്കിൽ മൂത്രമൊഴിക്കുന്ന വീഡിയോ കുറച്ചുകാലം മുമ്പ് വൈറലായിരുന്നു. ഈ അവസ്ഥ നേരിടുന്നവർക്കേ അതിന്റെ വേദന മനസിലാകുകയുള്ളൂവെന്ന് ലോക്കോ പൈലറ്റുമാർ വ്യക്തമാക്കുന്നു. പാലക്കാട് ഡിവിഷനിൽ 16ഉം തിരുവനന്തപുരം ഡിവിഷനിൽ 12ഉം വനിതാ ലോക്കോ പൈലറ്റുമാരുണ്ട്. സേലം ഡിവിഷനിൽ 61 വനിതാ ലോക്കോ പൈലറ്റുമാരാണ് ജോലി ചെയ്യുന്നത്.
ട്രെയിനിന്റെ എൻജിൻ കാബിനിൽ ശുചിമുറി കൂടി ഉൾപ്പെടുത്തണമെന്ന് റെയിൽവേ ജീവനക്കാരുടെ സംഘടനകള്‍ നേരത്തേ ആവശ്യപ്പെടുന്നതാണ്. മനുഷ്യാവകാശ കമ്മിഷൻ വിഷയത്തിൽ ഇടപെടുകയും ജീവനക്കാരുടെ ആവശ്യം ന്യായമാണെന്ന് റെയിൽവേക്ക് റിപ്പോർട്ട് നൽകുകയും ചെയ്തു. എന്നാൽ ഇക്കാര്യത്തിൽ ഇതുവരെ നടപടിയൊന്നും ഉണ്ടായിട്ടില്ല. സ്റ്റേഷനുകളിൽ ശുചിമുറി സൗകര്യം ഒരുക്കിയാലും മതിയാകുമെന്നാണ് ഇവര്‍ പറയുന്നത്. പുരുഷ ലോക്കോ പൈലറ്റുമാരും ഇത്തരം പ്രശ്നങ്ങൾ അനുഭവിക്കുന്നുണ്ടെങ്കിലും വനിതകളുടെ അത്ര ദുരിതമില്ല. ട്രെയിൻ സ്റ്റേഷനിൽ നിർത്തുമ്പോൾ പ്ലാറ്റ് ഫോമിലെ ശുചിമുറി ഉപയോഗിക്കുകയാണ് പുരുഷലോക്കോ പൈലറ്റുമാർ ചെയ്യുന്നത്. പലപ്പോഴും വനിതകൾക്ക് ഇതിന് സാധിക്കാറില്ല.
മുൻകാലങ്ങളിൽ ലോക്കോ റണ്ണിങ് സ്റ്റാഫുകളായി ജോലി ചെയ്യുന്ന വനിതകളുടെ എണ്ണം വളരെ കുറവായിരുന്നു. ഇന്ന് നിരവധി വനിതകളാണ് വിവിധ ഡിവിഷനുകളിൽ ജോലി ചെയ്യുന്നത്. ഇവർക്കായുള്ള അടിസ്ഥാന സൗകര്യം റെയിൽവേ ഒരുക്കാതിരിക്കുന്നത് ജോലിക്കിടയിൽ വലിയ മാനസിക‑ശാരീരിക പിരിമുറുക്കത്തിനും മറ്റ് പ്രയാസങ്ങൾക്കും കാരണമാകുന്നുണ്ട്. പത്ത് മണിക്കൂറോളം മൂത്രമൊഴിക്കാതെ യാത്ര തുടരുമ്പോൾ കടുത്ത ശാരീരിക പ്രയാസങ്ങൾ ഉണ്ടാവുന്നതായും ഇവർ വ്യക്തമാക്കുന്നു.
കേരളത്തിന് പുറത്താണെങ്കിൽ ദീർഘദൂര ട്രെയിനുകൾക്ക് സ്റ്റോപ്പുകളും കുറവായിരിക്കും. അപ്പോൾ സ്റ്റേഷൻ ശുചിമുറി ഉപയോഗപ്പെടുത്താനുള്ള സാധ്യതയും കുറയുകയാണ്. ട്രെയിനിലെ മറ്റ് ജീവനക്കാർക്ക് ഭക്ഷണം കഴിക്കുന്നതിനും പ്രഥമികാവശ്യങ്ങൾ നിർവഹിക്കുന്നതിനും പ്രയാസമില്ല. പലപ്പോഴും ട്രെയിൻ ഓടിച്ചുകൊണ്ടാണ് ലോക്കോ പൈലറ്റുമാർ ഭക്ഷണം കഴിക്കുന്നത്. മൂത്രശങ്കയില്ലാതിരിക്കാൻ കടുത്ത ചൂടുകാലത്തുപോലും വെള്ളം പോലും കുടിക്കാതിരിക്കുന്നത് മൂത്രാശയ രോഗങ്ങളിലേക്കും നയിക്കുന്നു. ആർത്തവ ദിവസങ്ങളിൽ വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നതെന്നും വനിതാ ലോക്കോ പൈലറ്റുമാർ വ്യക്തമാക്കുന്നു.
English Summary: Women employees who avoid drinking water due to lack of toilet facilities; Troubled times for loco pilots
You may also like this video