Site iconSite icon Janayugom Online

രാജ്യത്ത് വന്‍ പ്രതിഷേധം; വനിതാ ഗുസ്തി താരങ്ങളെ നടുറോഡിൽ പൊലീസ് വലിച്ചിഴച്ചു

പുതിയ പാർലമെന്റ് മന്ദിരത്തിലേക്ക് പ്രതിഷേധമാർച്ച് നടത്തിയ ഗുസ്തിതാരങ്ങൾ‍ക്കെതിരെ ക്രൂരമായ പൊലീസ് ആക്രമണം. വിനേഷ് ഫോഗട്ട്, സഹോദരി സംഗീതാ ഫോഗട്ട്, സാക്ഷി മാലിക്, ബജ്റംഗ് പൂനിയ ഉൾപ്പെടെയുള്ള ഗുസ്തിതാരങ്ങളെ പൊലീസ് മര്‍ദിച്ചു. റോഡിലൂടെ വലിച്ചിഴച്ചാണ് പലരെയും വാഹനത്തില്‍ കയറ്റിയത്. അഭിവാദ്യമര്‍പ്പിക്കാനെത്തിയ അഖിലേന്ത്യാ മഹിളാ ഫെഡറേഷന്‍ നേതാവ് ആനി രാജ അടക്കമുള്ളവരെയും പൊലീസ് കസ്റ്റഡിയിലെടുത്ത് നീക്കി. ബിജെപി എംപിയും ഗുസ്തി ഫെഡറേഷൻ അധ്യക്ഷനുമായ ബ്രിജ് ഭൂഷണ്‍ സിങ്ങിനെതിരായ ലൈംഗികാതിക്രമ പരാതിയില്‍ നടപടി ആവശ്യപ്പെട്ട് ഒരു മാസത്തിലേറെയായി ജന്തര്‍ മന്ദറില്‍ നടക്കുന്ന സമരത്തിന്റെ വേദി പൊലീസ് പൊളിച്ചുനീക്കി. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയടക്കം ഏഴ്‌ ഗുസ്തി താരങ്ങളെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് ബ്രിജ്‌ ഭൂഷണെതിരായ പരാതി. ഇതിനോടകം ആഗോള ശ്രദ്ധ പിടിച്ചുപറ്റിയ സമരത്തിനെതിരായ പൊലീസ് നടപടിയില്‍ രാജ്യത്ത് വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

പാർലമെന്റ് മന്ദിരത്തിൽ നിന്ന് ഏകദേശം രണ്ട് കിലോമീറ്റർ അകലെയുള്ള ജന്തർ മന്ദറില്‍ നിന്നും ദേശീയപതാകകളുമേന്തി പ്രകടനമായി പുറപ്പെട്ട സമരക്കാരെ പൊലീസ് തടയുകയായിരുന്നു. ബാരിക്കേഡുകള്‍ ചാടിക്കടന്ന് ഗുസ്തി താരങ്ങള്‍ മുന്നോട്ടുപോയതോടെ സമരക്കാരും പൊലീസുകാരും തമ്മിൽ ഉന്തുംതള്ളും ഉണ്ടായി. സാക്ഷി മാലിക്കിനെ പൊലീസ് മർദിച്ചതോടെ ഗുസ്തിതാരങ്ങൾ റോഡില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു. ഇതോടെ സമരക്കാരെ പൂർണമായും പൊലീസ് വളഞ്ഞിട്ട് ആക്രമിച്ചു. വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍ പ്രതിഷേധക്കാരെ ബലമായി വലിച്ചിഴച്ചു. അറസ്റ്റു ചെയ്ത താരങ്ങളെ പത്തോളം ബസുകളിലായി ഡല്‍ഹിയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലേക്കാണ് കൊണ്ടുപോയത്. 

ജന്തര്‍ മന്ദറിലെ സമരപ്പന്തലും താരങ്ങളുടെ ടെന്റുകളും കിടക്കകളും പ്രതിഷേധ ബാനറുകളും ദേശീയപതാകകളുമടക്കം പൊലീസ് നീക്കം ചെയ്തു. സംഭവസ്ഥലത്ത് നിന്ന് ഒരു മാധ്യമപ്രവര്‍ത്തകനെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അതേസമയം കഞ്ചാവാല ചൗക്കിലെ എംസി പ്രൈമറി സ്കൂള്‍ താല്കാലിക ജയിലാക്കാനുള്ള ഡല്‍ഹി പൊലീസിന്റെ നിര്‍ദേശം ഡല്‍ഹി മേയര്‍ ഷെല്ലി ഒബ്രോയി നിരസിച്ചു.
പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് മുന്നില്‍ വനിതാ പഞ്ചായത്ത് നടത്താനായിരുന്നു സമരക്കാരുടെ ആഹ്വാനം. എന്നാല്‍ ‍ഡല്‍ഹി അതിര്‍ത്തികള്‍ അടച്ച പൊലീസ് കൂടുതലാളുകള്‍ സമരവേദിയിലേക്ക് എത്തുന്നത് പ്രതിരോധിച്ചു. പഞ്ചാബിൽനിന്നുള്ള കർഷക സംഘടനയായ പഞ്ചാബ് കിസാൻ മസ്ദൂർ സംഘർഷ് കമ്മിറ്റി പ്രവർത്തകരെ അംബാല അതിർത്തിയിൽ പൊലീസ് തടഞ്ഞു. രാകേഷ് ടിക്കായത്ത് അടക്കമുള്ള കര്‍ഷക നേതാക്കളെ ഗാസിപൂര്‍ അതിര്‍ത്തിയിലും തടഞ്ഞുവച്ചു. 

Eng­lish Summary;Women wrestlers were dragged by the police in the mid­dle of the road

You may also like this video

Exit mobile version