കുടുംബ കേസുകള്‍ പരിഗണിക്കാന്‍ സുപ്രീം കോടതിയില്‍ ഇനി വനിതാ ജഡ്ജിമാര്‍. ജസ്റ്റിസുമാരായ ഹിമാ കോലി, ബേലാ എം ത്രിവേദി എന്നിവരുള്‍പ്പെട്ട വനിതാ ബെഞ്ചിന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് രൂപം നല്‍കി. സുപ്രീം കോടതിയുടെ ചരിത്രത്തില്‍ ഇത് മൂന്നാം വട്ടമാണ് സമ്പൂര്‍ണ്ണ വനിതാ ജഡ്ജിമാരടങ്ങുന്ന ബെഞ്ച് സിറ്റിങ്ങ് നടത്തുന്നത്. 2013 ല്‍ ജസ്റ്റിസുമാരായ ഗ്യാന്‍ സുധാ മിശ്ര, രഞ്ജനാ പ്രസാദ് ദേശായി എന്നിവരടങ്ങിയ ബഞ്ച് സിറ്റിങ്ങ് നടത്തിയതോടെയാണ് സമ്പൂര്‍ണ വനിതാ ബെഞ്ചിന് സുപ്രീം കോടതിയില്‍ തുടക്കമായത്. അന്നു പക്ഷെ ബെഞ്ചിനെ നയിക്കേണ്ട ജസ്റ്റിസ് അഫ്താബ് ആലം എത്താതിരുന്നതോടെ അപ്രതീക്ഷിതമായി സംഭവിച്ചതായിരുന്നു സമ്പൂര്‍ണ വനിതാ ബെഞ്ച്.
പുതുതായി രൂപീകരിച്ച സമ്പൂര്‍ണ വനിതാ ജഡ്ജിമാരുടെ ബഞ്ചില്‍ പത്ത് ട്രാന്‍സ്ഫര്‍ ഹര്‍ജികളും പത്ത് ജാമ്യഹര്‍ജികളും ഉള്‍പ്പടെ 32 ഹര്‍ജികളാണ് പരിഗണനയ്ക്ക് എത്തിയത്. ഇതില്‍ ഒമ്പത് സിവില്‍ കേസുകളും മൂന്ന് ക്രിമിനല്‍ കേസുകളും ഉണ്ട്.2018 ലാണ് സമ്പൂര്‍ണ വനിതാ ബഞ്ചിന് സുപ്രീം കോടതിയില്‍ ഔദ്യോഗികമായി തുടക്കം കുറിച്ചത്. ജസ്റ്റിസുമാരായ ആര്‍ ഭാനുമതി, ഇന്ദിരാ ബാനര്‍ജി എന്നിവരുള്‍പ്പെട്ട ബെഞ്ചായിരുന്നു അത്. നിലവില്‍ സുപ്രീം കോടതി ജഡ്ജിമാരില്‍ മൂന്നു പേരാണ് വനിതകളായുള്ളത്. ഹിമാ കോലി, ബി വി നാഗരത്‌ന, ബേലാ എം ത്രിവേദി. മറ്റൊരു വനിതാ ജഡ്ജിയായിരുന്ന ഇന്ദിരാ ബാനര്‍ജി ഒക്ടോബറിലാണ് വിരമിച്ചത്.
English Summary:Women’s bench in Supreme Court to hear family cases
You may also like this video