Site icon Janayugom Online

ഷോപ്പിങ്‌ കോംപ്ലക്സുകളിൽ വനിതാ സംവരണം

Amit Shah

തദ്ദേശ സ്ഥാപനങ്ങൾക്ക്‌ കീഴിലെ ഷോപ്പിങ്‌ കോംപ്ലക്സുകളിൽ അഞ്ച് ശതമാനം കടമുറികൾ സ്ത്രീകൾക്ക്‌ വേണ്ടി മാറ്റിവയ്ക്കും. തദ്ദേശ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ള വ്യവസായ പാർക്കുകളിലും ഈ ഉത്തരവ്‌ ബാധകമാണ്‌. രാജ്യത്ത്‌ തന്നെ ആദ്യമായിട്ടാണ്‌ ഷോപ്പിങ്‌ കോംപ്ലക്സുകളിലെ കടമുറികളിൽ വനിതാ സംരംഭകർക്ക്‌ സംവരണം ഏർപ്പെടുത്തുന്നത്‌. അഭ്യസ്തവിദ്യരായ തൊഴിൽരഹിതവനിതകളെ മുഖ്യധാരയിലേക്ക്‌ കൊണ്ടുവരുന്നതും സാമ്പത്തികമായി സ്വയം പര്യാപ്തരാക്കുന്നതും ലക്ഷ്യമിട്ട്‌ സർക്കാർ നടത്തുന്ന ഇടപെടലുകളുടെ ഭാഗമായാണ്‌ നടപടി. നിലവിൽ ഈ നിബന്ധന പാലിക്കാത്ത ഷോപ്പിങ്‌ കോംപ്ലക്സുകളിൽ, ഒഴിവ്‌ വരുന്ന ക്രമത്തിൽ നിശ്ചിത ശതമാനം വനിതാ പ്രാതിനിധ്യം ഉറപ്പാക്കണം.

പഞ്ചായത്ത് ഉടമസ്ഥതയിലുള്ള കടമുറികൾ വാടകയ്ക്ക്‌ നൽകുമ്പോൾ 10 ശതമാനം പട്ടികജാതി- പട്ടിക വർഗക്കാർക്കും മൂന്ന് ശതമാനം വികലാംഗർക്കും നീക്കിവയ്ക്കുന്നതിന്‌ നിലവിൽ വ്യവസ്ഥയുണ്ട്‌. ഇതിന്‌ പുറമേയാണ്‌ അ‍ഞ്ച് ശതമാനം കടമുറികൾ സ്ത്രീകൾക്ക്‌ വേണ്ടിയും മാറ്റിവെക്കുന്നത്‌. പേരിന്‌ ഒരു സ്ത്രീയുടെ പേരിൽ കട വാടകയ്ക്ക്‌ എടുത്ത്‌, മറ്റ്‌ ആളുകൾ വ്യാപാരം നടത്തുന്ന സ്ഥിതി ഇല്ലെന്ന് തദ്ദേശ സ്ഥാപനങ്ങൾ ഉറപ്പുവരുത്തണം. മുറി അനുവദിക്കുന്നതിൽ കുടുംബശ്രീ ഓക്സിലറി യൂണിറ്റുകൾക്ക്‌ ഉൾപ്പെടെ മുൻഗണന നൽകണമെന്നും നിർദേശിച്ചു.

വനിതകളുടെ സാമൂഹികവും സാമ്പത്തികവുമായ ഉന്നമനത്തിനായി സംസ്ഥാന സർക്കാർ പ്രതിജ്ഞാബദ്ധതയോടെ പ്രവർത്തിക്കുകയാണെന്ന് മന്ത്രി എം വി ഗോവിന്ദന്‍ പറഞ്ഞു. സ്‌ത്രീശാക്തീകരണത്തിലേക്ക് നയിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഘടകം സാമ്പത്തികശാക്തീകരണമാണ്. കുടുംബശ്രീ ഓക്സിലറി ഗ്രൂപ്പുകളിലൂടെ സംരംഭകത്വം പ്രോത്സാഹിപ്പിച്ചും തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ആയിരത്തിൽ അഞ്ചുപേർക്ക് തൊഴിൽ നൽകിയും ഇരുപതുലക്ഷം പേർക്ക് തൊഴിൽ നൽകുന്ന കെ ഡിസ്ക് പദ്ധതിയിലൂടെയും അഭ്യസ്തവിദ്യരായ യുവതികളുടെ തൊഴിൽ ഉറപ്പാക്കുകയാണ് സർക്കാർ എന്ന് മന്ത്രി പറഞ്ഞു.

Eng­lish Sum­ma­ry: Wom­en’s reser­va­tion in shop­ping complexes

You may like this video also

Exit mobile version