Site iconSite icon Janayugom Online

വനിതാ സംവരണം; ബില്ലിന് അംഗീകാരം നല്‍കി കേന്ദ്ര മന്ത്രിസഭ

parliamentparliament

പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനത്തിന്റെ അജണ്ട നിശ്ചയിക്കാന്‍ വിളിച്ചു ചേര്‍ത്ത മന്ത്രിസഭാ യോഗത്തില്‍ വനിതാ സംവരണ ബില്ലിന് അംഗീകാരം നല്‍കി. ബുധനാഴ്ച ലോക്‌സഭയില്‍ ബില്‍ അവതരിപ്പിക്കുമെന്നാണ് വിവരം. എന്നാല്‍ പതിവിന് വിപരീതമായി മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ ഔദ്യോഗികമായി കേന്ദ്രസര്‍ക്കാര്‍ വെളിപ്പെടുത്തിയില്ല.
സിപിഐ നേതാവ് ഗീതാ മുഖര്‍ജി ഇതുസംബന്ധിച്ച് നിരന്തരം സഭയില്‍ ആവശ്യപ്പെട്ടിരുന്നു. 1996ല്‍ ദേവഗൗഡ സര്‍ക്കാര്‍ രൂപം നല്‍കിയ ആദ്യബില്‍ പരിഗണിച്ച സംയുക്ത പാര്‍ലമെന്ററി സമിതി അധ്യക്ഷയുമായിരുന്നു അവര്‍. രാജ്യസഭ 2010 മാര്‍ച്ച് ഒമ്പതിന് വനിതാ സംവരണ ബില്‍ പാസാക്കിയിരുന്നു.

ജനപ്രതിനിധി സഭകളില്‍ വനിതകള്‍ക്ക് 33 ശതമാനം സംവരണം വേണമെന്ന ആവശ്യത്തിന് ദശകങ്ങളുടെ പഴക്കമുണ്ട്. ഒമ്പതു വര്‍ഷമായി രാജ്യം ഭരിക്കുന്ന ബിജെപി ഇതുവരെ വനിതാസംവരണത്തോട് മുഖം തിരിഞ്ഞുനില്‍ക്കുകയായിരുന്നു.
പ്രത്യേക സമ്മേളനത്തില്‍ വനിതാ സംവരണ ബില്‍ അവതരിപ്പിക്കണമെന്ന് നേരത്തെ പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തെത്തിയിരിക്കെ പ്രതിപക്ഷ ഐക്യം ശക്തമാകുകയും സര്‍ക്കാരിനെതിരായ ജനവികാരം രൂക്ഷമാകുകയും ചെയ്ത സാഹചര്യത്തില്‍ സ്ത്രീവോട്ടുകളില്‍ കണ്ണുവച്ചാണ് പെട്ടെന്ന് ബില്‍ അവതരിപ്പിക്കുവാന്‍ തീരുമാനിച്ചതെന്നാണ് അനുമാനം.
ഒബിസി സംവരണ ബില്ലും സര്‍ക്കാരിന്റെ സജീവ പരിഗണനയിലുണ്ട്. പിന്നാക്ക വോട്ടു ബാങ്കുകളിലും വനിതാ വോട്ടു ബാങ്കുകളിലും ലക്ഷ്യമിട്ട് ഇന്ത്യാ മുന്നണിക്ക് തടയിടാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. 

സാധാരണയായി ബുധനാഴ്ച ചേരുന്ന മന്ത്രിസഭാ യോഗത്തിനു ശേഷം വാര്‍ത്താ സമ്മേളനം വിളിച്ചു ചേര്‍ക്കാറുണ്ട്. എന്നാല്‍ പാര്‍ലമെന്റ് പ്രത്യേക സമ്മേളനത്തിന്റെ അജണ്ട നിശ്ചയിക്കാന്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന്റെ തീരുമാനങ്ങള്‍ വാര്‍ത്താ സമ്മേളനത്തിലൂടെ പുറത്തു വിടാന്‍ സര്‍ക്കാര്‍ തയ്യാറാകാത്തത് എന്തുകൊണ്ടാണ് എന്നത് സംബന്ധിച്ച് ഔദ്യോഗിക വിശദീകരണങ്ങള്‍ വന്നിട്ടില്ല.
ഇന്ത്യയുടെ പേര് ഭാരത് എന്നാക്കുക, ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് തുടങ്ങിയ വിഷയങ്ങളും സര്‍ക്കാരിനു മുന്നിലുണ്ട്. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് വിഷയം പരിശോധിക്കാന്‍ മുന്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദ് അധ്യക്ഷനായ സമിതി ഈ മാസം 23 നാണ് ആദ്യമായി ഔദ്യോഗിക യോഗം ചേരുന്നത് എന്നതിനാല്‍ ഇക്കാര്യത്തില്‍ നടപ്പു സമ്മേളനം തീരുമാനമെടുക്കാനുള്ള സാധ്യത കുറവാണ്. ഏറെ പ്രതിഷേധം ഉയര്‍ന്നതിനാല്‍ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ നിയമന ബില്‍ പിന്‍വലിച്ചതായും അഭ്യൂഹങ്ങളുണ്ട്. 

ഇന്ന് പുതിയ പാര്‍ലമെന്റ് മന്ദിരത്തിലേക്ക്

ന്യൂഡല്‍ഹി: പഴയ പാര്‍ലമെന്റ് മന്ദിരത്തിലെ സഭാ സമ്മേളനങ്ങള്‍ക്ക് ഇന്നലെ തിരശ്ശീല വീണു. പുതിയ പാര്‍ലമെന്റില്‍ സമ്മേളനങ്ങള്‍ക്ക് ഇന്ന് തുടക്കമാകും.
പാര്‍ലമെന്റില്‍ ഐക്യത്തോടെ മുന്നേറാന്‍ പ്രതിപക്ഷ സഖ്യമായ ഇന്ത്യ തീരുമാനിച്ചു. പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ പാര്‍ലമെന്റിലെ ഓഫിസിലാണ് ഇന്ത്യ മുന്നണി അംഗങ്ങള്‍ യോഗം ചേര്‍ന്നത്. വിലക്കയറ്റം, തൊഴിലില്ലായ്മ, മണിപ്പൂര്‍ കലാപം, അതിര്‍ത്തിയില്‍ ചൈന ഉയര്‍ത്തുന്ന വെല്ലുവിളികള്‍, കര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധികള്‍, രാജ്യത്തെ സാമ്പത്തിക സ്ഥിതി, അഡാനി കമ്പനികളുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങള്‍, ജാതി സെന്‍സസ് എന്നീ വിഷയങ്ങളില്‍ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കാനാണ് ഇന്ത്യ മുന്നണി തീരുമാനം. തെരഞ്ഞെടുപ്പ് കമ്മിഷനെ നിയമിക്കുന്നതില്‍ അടിമുടി മാറ്റം വരുത്തുന്ന ബില്ലിനെ എതിര്‍ക്കാനും യോഗത്തില്‍ തീരുമാനമായി.
ഇന്ന് ലോക്‌സഭാ സെന്‍ട്രല്‍ ഹാളില്‍ നടക്കുന്ന ഫോട്ടോ സെഷന് ശേഷം എംപിമാര്‍ പഴയ പാര്‍ലമെന്റ് മന്ദിരത്തിന്റെ പടിയിറങ്ങുന്നതോടെ പ്രതിപക്ഷ ഭരണപക്ഷ പോരാട്ടങ്ങള്‍ക്കും ഏറെ നിയമ നിര്‍മ്മാണങ്ങള്‍ക്കും സജീവ വേദിയായ പഴയ പാര്‍ലമെന്റ് മന്ദിരം ചരിത്രത്തിലേക്ക് വഴിമാറും.

ലോക്‌സഭയില്‍ പ്രതിപക്ഷ പ്രതിഷേധത്തോടെയാണ് സമ്മേളനത്തിന് തുടക്കമായത്. സാങ്കേതിക വിഷയങ്ങള്‍ പരിശോധിക്കാമെന്ന് സ്പീക്കര്‍ ഉറപ്പ് നല്‍കിയതോടെയാണ് പ്രതിപക്ഷം പിന്‍വാങ്ങിയത്. തുടര്‍ന്ന് ജി 20 യോഗം, പാര്‍ലമെന്റിന്റെ പുതിയ മന്ദിരത്തിലേക്ക് സമ്മേളനം മാറ്റുന്നത് ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ പരാമര്‍ശിച്ച ശേഷമാണ് പാര്‍ലമെന്റിന്റെ ഇത്രയും കാലത്തെ ചരിത്രം സംബന്ധിച്ചും ഓര്‍മ്മകള്‍ സംബന്ധിച്ചും ചര്‍ച്ചകള്‍ക്ക് തുടക്കമായത്. ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രുവിന്റെ അര്‍ധ രാത്രിയിലെ പ്രസംഗം ഇന്നും രാജ്യത്തിന് പ്രചോദനം പകരുന്നെന്ന് ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ച് സംസാരിക്കവെ പ്രധാനമന്ത്രി നരേന്ദ്ര മോഡി പറഞ്ഞു.
ലോക്‌സഭയ്ക്ക് സമാനമായി സ്പീക്കര്‍ ഓം ബിര്‍ള നടത്തിയ പരാമര്‍ശങ്ങളുടെ തനിയാവര്‍ത്തനം എന്ന നിലയില്‍ രാജ്യസഭാ ചെയര്‍മാന്‍ ജഗ്ദീപ് ധന്‍ഖര്‍ ജി20 ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ഇംഗ്ലീഷില്‍ പ്രസ്താവിച്ചു. തുടര്‍ന്നാണ് സഭാ നേതാവ് പിയൂഷ് ഗോയല്‍ ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചത്.
പുതിയ മന്ദിരത്തില്‍ ലോക്‌സഭ ഉച്ചകഴിഞ്ഞ് 1.15ന് സമ്മേളിക്കും. രാജ്യസഭ 2.15 നാണ് ചേരുക. 

Eng­lish sum­ma­ry: Wom­en’s reser­va­tion; The Union Cab­i­net approved the bill

You may also like this video

Exit mobile version