Site icon Janayugom Online

തൊഴിലന്വേഷകരായ സ്ത്രീകളില്‍ കൂടുതല്‍ ‘കരിയര്‍ ബ്രേക്ക് ‘സംഭവിച്ചവര്‍

സംസ്ഥാനത്ത് തൊഴിലന്വേഷകരായ സ്ത്രീകളില്‍ ജോലിയില്‍ നിന്ന് ദീര്‍ഘനാള്‍ ഇടവേളയെടുക്കേണ്ടി വന്നവരുടെ എണ്ണം കൂടുതലെന്ന് കണക്കുകള്‍. വിദ്യാഭ്യാസ മേഖലയില്‍ മുന്നിലുള്ളത് പെണ്‍കുട്ടികളാണെങ്കിലും ഇവരുടെ തൊഴില്‍ പങ്കാളിത്തം ക്രമേണ കുറയുന്നു. കേരള നോളജ് ഇക്കോണമി മിഷന്‍ നടത്തിയ സര്‍വേയില്‍ 53 ലക്ഷം തൊഴിലന്വേഷകരുണ്ടെന്ന് കണ്ടെത്തിയതില്‍ 58 ശതമാനം സ്ത്രീകളായിരുന്നു. ഇതില്‍ അഞ്ച് ലക്ഷത്തോളം ‘കരിയര്‍ ബ്രേക്ക്‘സംഭവിച്ച സ്ത്രീകളുണ്ടെന്നാണ് കണക്ക്. ഉയര്‍ന്ന സ്ഥാനം വഹിക്കുന്ന സ്ത്രീകള്‍ വരെ വ്യക്തിപരമായ കാരണങ്ങളാല്‍ ജോലി ഉപേക്ഷിക്കുന്നുണ്ട്. നിലവില്‍ ജോലിയില്ലാത്ത സ്ത്രീകളില്‍ വലിയൊരു ശതമാനം മുമ്പ് ജോലി ചെയ്തിരുന്നവരാണ്. വിവാഹം, പ്രസവം, കുട്ടികളുടെ പരിപാലനം, കുടുംബത്തിലെ മറ്റുത്തരവാദിത്തങ്ങള്‍ എന്നിവ മൂലം ജോലിയുപേക്ഷിക്കേണ്ടി വന്നവരാണ് മിക്കവരുമെന്നാണ് സര്‍വേകള്‍ വ്യക്തമാക്കുന്നത്.

വിവാഹശേഷം ഭര്‍ത്താവിന്റെ ജോലി സ്ഥലത്തേക്ക് മാറാനായി തൊഴില്‍ ഉപേക്ഷിക്കേണ്ടി വരുന്ന സ്ത്രീകളുമുണ്ട്. നൈറ്റ് ഷിഫ്റ്റിലടക്കം ജോലി ചെയ്യേണ്ടി വരുന്നതിനാല്‍ ഇഷ്ടപ്പെട്ട മേഖലയിലെ ജോലി ഉപേക്ഷിച്ച് മറ്റ് മേഖലകളില്‍ തൊഴില്‍ അന്വേഷിക്കുന്ന സ്ത്രീകളും ഏറെയാണ്. കരിയര്‍ ബ്രേക്ക് വന്ന സ്ത്രീകളെ വീണ്ടും തൊഴില്‍ മേഖലയിലേക്ക് എത്തിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിരവധി പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ട്. കേരള നോളജ് ഇക്കോണമി മിഷന്‍ കഴിഞ്ഞ വര്‍ഷം ആദ്യം നടത്തിയ 17 തൊഴില്‍മേളകളില്‍ മൂന്നെണ്ണം കരിയര്‍ ബ്രേക്ക് വന്ന സ്ത്രീകള്‍ക്ക് വേണ്ടി മാത്രമായിരുന്നു. അഭ്യസ്തവിദ്യരും തൊഴിലന്വേഷകരുമായ സ്ത്രീകളെ തൊഴില്‍ സജ്ജരാക്കാന്‍ നോളജ് ഇക്കോണമി മിഷന്‍ കഴിഞ്ഞ ദിവസം ആരംഭിച്ച തൊഴിലരങ്ങത്തേക്ക് പദ്ധതി കരിയര്‍ ബ്രേക്ക് ഉണ്ടായ സ്ത്രീകള്‍ക്ക് കൂടിയാണ്. സ്ത്രീ തൊഴിലന്വേഷകര്‍ക്ക് മാത്രമായി പഞ്ചായത്ത് തലത്തില്‍ ഇന്റഗ്രേറ്റഡ് പ്രോജക്ട് വര്‍ക്ക് ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നതിനും പദ്ധതിയുണ്ട്.

Eng­lish Summary:Women’s unem­ploy­ment rates increase
You may also like this video

 

Exit mobile version