Site iconSite icon Janayugom Online

അത്ഭുതവും ആവേശവും… അഞ്ചാം ദിനത്തിലേക്ക് അക്ഷരോത്സവം

കണ്ടാലും അറിഞ്ഞാലും തീരാത്ത അക്ഷരങ്ങളുടെ ലോകത്തെ അത്ഭുത കാഴ്ചകള്‍ നാല് ദിനങ്ങള്‍ പൂര്‍ത്തിയാക്കി അഞ്ചാംദിനത്തിലേക്ക്. ഇന്നലെ അവധി ദിനമായതിനാല്‍ വന്‍ ജനപ്രവാഹമായിരുന്നു നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിലേക്ക്. പുസ്തകോത്സവത്തില്‍ എത്തുന്നവരില്‍ ഏറെയും യുവതലമുറയാണ്. ഇഷ്ടമുള്ള നോവലുകളും കഥകളുമൊക്കെ അന്വേഷിച്ച് വാങ്ങിയാണ് പലരുടെയും മടക്കം. കുട്ടികള്‍ക്ക് സ്റ്റുഡന്റ്സ് കോര്‍ണര്‍ ആണ് ആദ്യ പരിഗണന. അവിടെ കഴിഞ്ഞാല്‍ പിന്നെ പുസ്തക സ്റ്റാളിലെത്തണം. ഓരോ പുസ്തകങ്ങളും അവര്‍ക്ക് അത്ഭുതമാണ്. ചിലര്‍ക്ക് പുസ്തകത്തിന്റെ പുറം ചട്ട ആവോളം കാണണം. ചിലര്‍ പേജുകള്‍ മറിച്ചു നോക്കി പരസ്പരം ചിരിക്കും. വായനയുടെ അതിര്‍വരമ്പ് പുസ്തകോത്സവത്തിലില്ല. പാനല്‍ ചര്‍ച്ചകളിലും പുസ്തക പ്രകാശനങ്ങളിലും പ്രായഭേദമന്യേ നിറസാന്നിധ്യം കാണാം. സിറ്റി റൈഡും നഗരത്തില്‍ തകര്‍ത്ത് ചുറ്റലാണ്. ഇന്നലെ രാവിലെ നടന്ന ‘രുചിയുടെ ദേശഭേദങ്ങൾ’: ഷെഫ് സുരേഷ് പിള്ള, പഴയിടം മോഹനൻ നമ്പൂതിരി, ഡോ. ലക്ഷ്മി നായർ, മുഹമ്മദ് അബ്ദുൾ നാഫി എന്നിവര്‍ പങ്കെടുത്ത പാനൽ ചർച്ചയില്‍ വന്‍ പങ്കാളിത്തം ഉണ്ടായിരുന്നു. സ്റ്റുഡന്റ്സ് കോര്‍ണറില്‍ നടന്ന ഫെലിക്സ് ജോഫ്രി വിയുടെ പപ്പറ്റ് ഷോ കൊച്ചുകുട്ടികള്‍ ഇരു കൈയ്യും നീട്ടി സ്വീകരിച്ചു. വൈകിട്ട് നടന്ന കുട്ടിച്ചാത്തൻ തിറ കാണാനും ജനം നിയമസയിലേക്ക് ഒഴുകിയെത്തി. 

ഇന്ന് വൈവിധ്യമാര്‍ന്ന ഒട്ടേറെ പരിപാടികളാണ് പുസ്തകോത്സവത്തില്‍ ഉള്ളത്. കെഎല്‍ഐബിഎഫ് ഡയലോഗ് സെഷനില്‍ എന്റെ നിയമസഭാ ജീവിതം എന്ന വിഷയക്കില്‍ സ്പീക്കര്‍ എ എന്‍ ഷംസീര്‍ പങ്കെടുക്കും. കെഎല്‍ഐബിഎഫ് ഡയലോഗ് സെഷനില്‍ ഇന്ത്യ ആഫ്റ്റര്‍ 91, പോസ്റ്റ് ‑ബാബറി, പോസ്റ്റ് ലിബറലൈസേഷന്‍ ഇറ എന്ന വിഷയത്തില്‍ അക്ബര്‍ പട്ടേല്‍, സുധീര്‍ എന്നിവരും സംസാരിക്കും. ഉച്ചയ്ക്ക് രണ്ടിന് വായനയുടെ രാഷ്ട്രീയം, രാഷ്ട്രീയത്തിന്റെ വായന എന്ന വിഷയത്തില്‍ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, എസ് ആനന്ദന്‍ എന്നിവര്‍ സംസാരിക്കും. എഴുത്തിലെ സ്ത്രീ- ദേശവും കാലവും അതിരുകളും എന്ന സെഷനില്‍ ഷീല ടോമി, തനൂജ ഭട്ടതിരി എന്നിവരും സംസാരിക്കും. എന്റെ എഴുത്തിന്റെയും വായനയുടെയും ജീവിതം എന്ന സെഷനില്‍ എഴുത്ത്, വായന, ജീവിതത്തിന്റെ നൈതികത എന്ന വിഷയത്തില്‍ കെ പി രാമനുണിയും പങ്കെടുക്കും. ലോകത്തിലേക്ക് തുറക്കുന്ന ജാലകങ്ങള്‍ എന്ന വിഷയത്തില്‍ സന്ധ്യാ മേരിയും കഥയും കാര്യവും എന്ന വിഷയക്കില്‍ രാജീവ് ശിവശങ്കറും സംസാരിക്കും. മീറ്റ് ദ ഓതര്‍ സെഷനില്‍ കോരപ്പാപ്പന് സ്തുതിയായിരിക്കട്ടെ എന്ന വിഷയത്തില്‍ ടി ഡി രാമകൃഷ്ണന്‍ സംസാരിക്കും. ബുധനാഴ്ച ആരംഭിച്ച പുസ്തകോത്സവം 13 ന് സമാപിക്കും. 

Exit mobile version