Site iconSite icon Janayugom Online

കാനഡയില്‍ വിദേശികളുടെ കുടുംബാംഗങ്ങള്‍ക്കും തൊഴില്‍ പെര്‍മിറ്റ്

കാനഡയിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാരടക്കമുള്ള വിദേശികളുടെ കുടുംബാംഗങ്ങള്‍ക്ക് ഇനി രാജ്യത്ത് ജോലിക്ക് അപേക്ഷ നല്‍കാം. ഓപ്പൺ വർക്ക് പെർമിറ്റുള്ള (ഒഡബ്ല്യുപി) വിദേശികളുടെ ബന്ധുക്കൾക്ക് വർക്ക് പെർമിറ്റ് യോഗ്യത നൽകുമെന്ന് കാനഡ പ്രഖ്യാപിച്ചു. തൊഴിലാളി ക്ഷാമത്തെ തുടർന്നാണ് പുതിയ പ്രഖ്യാപനം. അടുത്ത വർഷം മുതൽ ഇത് പ്രാബല്യത്തിൽ വരുമെന്ന് കാനഡയിലെ ഇമിഗ്രേഷൻ, അഭയാർത്ഥി, പൗരത്വ മന്ത്രി സീൻ ഫ്രേസർ അറിയിച്ചു.

ഇതനുസരിച്ച് ഓപ്പൺ വിസയുള്ളവരുടെ പങ്കാളികൾ, മക്കൾ എന്നിവർക്കും ജോലി ലഭിക്കും. തൊഴില്‍ ദാതാക്കള്‍ക്ക് അവര്‍ക്ക് ആവശ്യമുള്ള തൊഴിലാളികളെ ലഭ്യമാക്കാനും തൊഴിലാളി ക്ഷാമം പരിഹരിക്കാനും സാധിക്കുമെന്നും ഫ്രേസര്‍ കൂട്ടിച്ചേര്‍ത്തു.
നിലവില്‍ അപേക്ഷകർ ഉയർന്ന വൈദഗ്ധ്യമുള്ള തൊഴിലിൽ പ്രവർത്തിക്കുന്നുണ്ടെങ്കിൽ മാത്രമേ പങ്കാളികൾക്ക് വർക്ക് പെർമിറ്റിന് അർഹതയുണ്ടായിരുന്നുള്ളൂ. 

പുതിയ മാറ്റത്തിലൂടെ രണ്ട് ലക്ഷത്തിലേറെ പേരുടെ കുടുംബാംഗങ്ങൾക്കാണ് കാനഡയിൽ തൊഴിലവസരം ലഭിക്കുക. രണ്ട് വർഷത്തേക്കാണ് താല്കാലിക അനുമതി. വിജയകരമായ നടത്തിപ്പിനായി മൂന്ന് ഘട്ടങ്ങളിലായിട്ടായിരിക്കും നിര്‍ദ്ദേശം നടപ്പിലാക്കുക. കാനഡയില്‍ വിദേശികള്‍ക്ക് ഏത് തൊഴിലുടമയുടെ കീഴിലും ജോലി ചെയ്യാന്‍ അവസരം നല്‍കുന്നതാണ് ഓപ്പണ്‍ വര്‍ക്ക് പെര്‍മിറ്റ്.

Eng­lish Summary:Work per­mit for fam­i­ly mem­bers of for­eign­ers in Canada
You may also like this video

Exit mobile version