Site iconSite icon Janayugom Online

ദക്ഷിണ കൊറിയയില്‍ തൊഴിലാളി പ്രക്ഷോഭം; ട്രക്ക് ഡ്രൈവര്‍മാര്‍ സമരം അവസാനിപ്പിക്കണമെന്ന് സര്‍ക്കാര്‍

മെച്ചപ്പെട്ട തൊഴില്‍ സാഹചര്യവും വേതനവുമാവശ്യപ്പെട്ട് സമരം ചെയ്യുന്ന രാജ്യത്തെ ട്രക്ക് ഡ്രൈവര്‍മാരെ തിരികെ വിളിച്ച സര്‍ക്കാര്‍ നടപടിക്കെതിരെ തൊഴിലാളി പ്രതിഷേധം. രാജ്യത്തെ ചരക്ക് ഗതാഗതം പൂര്‍ണമായി തടസപ്പെടുത്തി 20,000ത്തോളം ട്രക്ക് ഡ്രൈവര്‍മാരാണ് സമരം നടത്തുന്നത്. 1,60,000 കോടി യുഎസ് ഡോളര്‍ രൂപയുടെ നഷ്ടം രാജ്യത്തിനുണ്ടായതായി വാണിജ്യ മന്ത്രാലയം റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് തിരികെ ജോലിയില്‍ പ്രവേശിക്കാത്ത ഡ്രൈവര്‍മാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് സര്‍ക്കാര്‍ ഉത്തരവിട്ടത്. തുടര്‍ന്ന് പ്രതിഷേധം കൂടുതല്‍ ശക്തിപ്രാപിക്കുകയായിരുന്നു. രാജ്യവ്യാപകമായി ആയിരക്കണക്കിന് ആളുകള്‍ ഡ്രൈവര്‍മാര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് പ്രതിഷേധവുമായി നിരത്തിലിറങ്ങി.

സിമന്റ് ട്രക്ക് ഓടിക്കുന്ന 2500 ഡ്രൈവര്‍മാരോട് ജോലിയില്‍ പ്രവേശിക്കാനാവശ്യപ്പെട്ട് ചൊവ്വാഴ്ചയാണ് സര്‍ക്കാര്‍ ഉത്തരവിട്ടത്. സിയോളിലെ നാഷണല്‍ അസംബ്ലിക്ക് സമീപമാണ് പ്രതിഷേധക്കാര്‍ മാര്‍ച്ച് നടത്തിയത്. മാര്‍ച്ചുമായി ബന്ധപ്പെട്ട് അക്രമസംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കൊറിയന്‍ കോണ്‍ഫിഡറേഷന്‍ ട്രേഡ് യൂണിയന്റെ നേതൃത്വത്തിലാണ് പ്രതിഷേധമാര്‍ച്ചുകള്‍ സംഘടിപ്പിച്ചത്. ഇന്ധനവിലക്കയറ്റത്തിന് പിന്നാലെ ട്രക്ക് ഡ്രൈവര്‍മാര്‍ അനുഭവിക്കുന്ന സാമ്പത്തിക ബുദ്ധിമുട്ടികള്‍ക്കും തൊഴില്‍ സ്ഥലത്തെ പ്രശ്നങ്ങളുമൊക്കെ പ്രസി‍ഡന്റ് യൂണ്‍ സുക് യോളിന്റെ സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കുകയും അടിച്ചമര്‍ത്താന്‍ ശ്രമിക്കുകയുമാണെന്ന് തൊഴിലാളി യൂണിയന്‍ വ്യക്തമാക്കി.

സര്‍ക്കാര്‍ ഉത്തരവിന് പിന്നാലെ സമരം തുടരാനാണ് യൂണിയന്റെ തീരുമാനം. എന്നാല്‍ എത്ര ഡ്രൈവര്‍മാര്‍ ജോലിയില്‍ തിരികെ കയറിയെന്നത് സംബന്ധിച്ച് വ്യക്തതയില്ല. ഈ വര്‍ഷത്തോടെ കാലഹരണപ്പെടുന്ന മിനിമം ചരക്ക് നിരക്ക് സമ്പ്രദായം സ്ഥിരമാക്കണമെന്ന് ആവശ്യപ്പെട്ട് കാർഗോ ട്രക്കേഴ്സ് സോളിഡാരിറ്റി യൂണിയനിലെ ആയിരക്കണക്കിന് അംഗങ്ങൾ കഴിഞ്ഞ ആഴ്‌ച മുതൽ പണിമുടക്ക് നടത്തുകയാണ്. ഷിപ്പിങ് കണ്ടെയ്‌നറുകൾക്കും സിമന്റിനും നിലവിൽ മിനിമം നിരക്ക് ബാധകമായിരിക്കെ മറ്റ് ചരക്കുകളിലേക്കും ആനുകൂല്യങ്ങൾ വ്യാപിപ്പിക്കണമെന്നും സമരക്കാർ ആവശ്യപ്പെടുന്നു. ഒത്തുതീര്‍ത്ത് ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് സര്‍ക്കാര്‍ തൊഴിലാളികള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് പ്രഖ്യാപിച്ചത്. ലൈസന്‍സ് റദ്ദാക്കുക, മൂന്നു വര്‍ഷം തടവ്, 22,550 ഡോളര്‍ പിഴ എന്നിവ യായിക്കും സര്‍ക്കാര്‍ ഉത്തരവ് നടപ്പിലാക്കിയില്ലെങ്കിലുള്ള ശിക്ഷ.

Eng­lish Sum­ma­ry: Work­ers strike in South Korea
You may also like this video

Exit mobile version