Site iconSite icon Janayugom Online

തോട്ടം മേഖലയെ സഹായിക്കാൻ തൊഴിലാളി സന്നദ്ധ സ്ക്വാഡ്

ഉരുള്‍പൊട്ടലില്‍ തകര്‍ന്നടിഞ്ഞ തോട്ടംതൊഴിലാളി മേഖലയില്‍ സന്നദ്ധ പ്രവർത്തനം നടത്താൻ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള തൊഴിലാളികളെത്തി. എഐടിയുസി സംസ്ഥാന കമ്മിറ്റിയുടെ കീഴിലുള്ള തൊഴിലാളി സന്നദ്ധ സ്ക്വാഡിന്റെ നേതൃത്വത്തിലാണ് 250 ഓളം പ്രവർത്തകർ ഇന്ന് ചൂരൽമല ദുരന്തഭൂമിയിലെ ആശുപത്രി, ജുമാ മസ്ജിദ്, പൊതുസ്ഥലങ്ങൾ തുടങ്ങിയ സ്ഥലങ്ങള്‍ ഉപയോഗയോഗ്യമാക്കിയത്. 

മൊബൈൽ അഗ്രോ ക്ലിനിക്, ഡയറി യൂണിറ്റ്, ചുമട്, കെട്ടിട നിർമ്മാണം, മത്സ്യത്തൊഴിലാളികൾ, ആശ, അങ്കണവാടി, സപ്ലൈകോ, വാട്ടർ അതോറിട്ടി, കെഎസ്ഇബി, കെഎസ്ആർടിസി തുടങ്ങി നിരവധി സംഘടനകളിൽ നിന്നുള്ള തൊഴിലാളികളാണ് രണ്ട് ദിവസത്തെ സന്നദ്ധ പ്രവർത്തനത്തിന് ദുരന്തഭൂമിയിൽ എത്തിയത്. പാലക്കാട്, മലപ്പുറം, കണ്ണൂർ, തൃശൂർ, കോഴിക്കോട് ജില്ലകളിൽ നിന്നുള്ള പ്രവർത്തകരാണ് വയനാട്ടിലെത്തിയത്.

എഐടിയുസി നേതൃത്വത്തിൽ ആദ്യമായാണ് സന്നദ്ധ പ്രവർത്തനത്തിന് തുടക്കം കുറിക്കുന്നത്. ഒരു വർഷത്തിനുള്ളിൽ മൂവായിരം പേരുള്ള സന്നദ്ധസംഘടനയായി വളർത്തിയെടുക്കുമെന്ന് ജനറൽ സെക്രട്ടറി കെ പി രാജേന്ദ്രൻ പറഞ്ഞു. സംസ്ഥാന സെക്രട്ടറിമാരായ എ ശോഭ, കെ സി ജയപാലൻ എന്നിവരാണ് കോഓര്‍ഡിനേറ്റർമാർ. പി കെ മൂർത്തി, സി എസ് സ്റ്റാൻലി, വിജയൻ ചെറുകര, കെ കെ അഷറഫ്, സി പി മുരളി, ആർ പ്രസാദ്, എലിസബത്ത് അസീസി എന്നിവർ നേതൃത്വം നൽകി. 

Exit mobile version