Site iconSite icon Janayugom Online

തൊഴില്‍ സമയം കൂടും; കയ്യില്‍കിട്ടുന്ന ശമ്പളം കുറയും

പുതിയ തൊഴില്‍ കോഡ് അടുത്ത മാസം ഒന്നുമുതല്‍ നടപ്പിലാക്കുന്നതിനുള്ള നീക്കങ്ങളുമായി കേന്ദ്രസര്‍ക്കാര്‍. വേതനം, സാമൂഹിക സുരക്ഷ, വ്യാവസായിക ബന്ധങ്ങളും തൊഴിൽ സുരക്ഷയും, ആരോഗ്യവും തൊഴിൽ സാഹചര്യങ്ങളും എന്നീ നാല് കോഡുകളാണ് നടപ്പിലാക്കുക. 29 കേന്ദ്ര നിയമങ്ങള്‍ ഇല്ലാതാക്കിക്കൊണ്ടുള്ള പരിഷ്കാരം നിലവില്‍ വരുന്നതോടെ തൊഴില്‍ സമയം, വേതന പരിഷ്കരണം, പിഎഫ്, ഗ്രാറ്റുവിറ്റി, അവധി തുടങ്ങിയവയുടെ ഘടനയില്‍ ഏറെ മാറ്റങ്ങളുണ്ടാകും. പരിഷ്കാരങ്ങള്‍ തൊഴിലാളി വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര ട്രേഡ് യൂണിയനുകള്‍ രാജ്യത്ത് ഏറെ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. സ്ഥിരം തൊഴിലെന്ന ആശയം ഇല്ലാതാക്കുകയും സംഘടിക്കാനുള്ള അവകാശം നിഷേധിക്കുകയും ചെയ്യുന്നതാണ്‌ കോഡുകളിലെ വ്യവസ്ഥകളെന്ന് സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു. 

കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ തന്നെ ഈ കോഡുകളുടെ കരട് ചട്ടങ്ങൾക്ക് അന്തിമരൂപം നൽകുന്നതിനുള്ള നടപടികൾ കേന്ദ്രം പൂർത്തിയാക്കിയിരുന്നു. എന്നാല്‍ ഇതുവരെ 23 സംസ്ഥാനങ്ങള്‍ മാത്രമാണ് നിയമങ്ങളുടെ കരട് ചട്ടം പ്രസിദ്ധീകരിച്ചിട്ടുള്ളത്. കണ്‍കറന്റ് പട്ടികയില്‍ ഉള്‍പ്പെടുന്ന തൊഴിലിന്മേല്‍ സംസ്ഥാനങ്ങള്‍ ചട്ടങ്ങള്‍ വിജ്ഞാപനം ചെയ്യേണ്ടതുണ്ട്. പിഎഫിനും ഗ്രാറ്റുവിറ്റിക്കുമുള്ള വിഹിതം കൂടുന്നതോടെ കയ്യില്‍ കിട്ടുന്ന ശമ്പളത്തില്‍ കുറവ് വരും. പുതിയ നിയമം പ്രകാരം അടിസ്ഥാന ശമ്പളം ആകെ ശമ്പളത്തിന്റെ 50 ശതമാനം ആകണം. ഇതോടെ ഗ്രാറ്റുവിറ്റി, പ്രൊവിഡന്റ് ഫണ്ട് എന്നിവിടങ്ങളിലേക്കുള്ള നിക്ഷേപം വര്‍ധിക്കും. നിലവില്‍ ആകെ ശമ്പളത്തിന്റെ 10 മുതല്‍ 40 ശതമാനം വരെയാണ് അടിസ്ഥാന ശമ്പളം കണക്കാക്കുന്നത്.

പുതിയ നിയമ പ്രകാരം ആഴ്ചയില്‍ മൂന്ന് ദിവസം ആഴ്ച അവധി ലഭിക്കുമെങ്കിലും മറ്റ് നാല് പ്രവൃത്തി ദിനങ്ങളില്‍ 10 മുതല്‍ 12 മണിക്കൂര്‍ വരെ ജോലി ചെയ്യേണ്ടി വരും. അധിക സമയം ജോലി ചെയ്യുന്നതിനുള്ള പരിധി 50 മണിക്കൂറില്‍ നിന്ന് 125 മണിക്കൂറായി ഉയര്‍ത്തും. എല്ലാ മേഖലയിലും ആഴ്ചയില്‍ 48 മണിക്കൂര്‍ ജോലി നിര്‍ബന്ധമാക്കുകയും ചെയ്യും. അവധികളുടെ എണ്ണത്തിലും വലിയ മാറ്റങ്ങള്‍ വരും. നിലവില്‍ സര്‍ക്കാര്‍ വകുപ്പുകളില്‍ ഒരു വര്‍ഷം അനുവദിക്കുന്ന ആര്‍ജ്ജിത അവധികളുടെ എണ്ണം 30 ആണ്. പ്രതിരോധ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് 60 ദിവസം അവധി എടുക്കാം. നിലവില്‍ വിവിധ വകുപ്പുകളിലെ ഒരു വര്‍ഷത്തില്‍ എടുക്കാവുന്ന അവധിയുടെ പരിധി 240 മുതല്‍ 300 വരെയാണ്. 

Eng­lish Summary:Working hours will increase; The salary avail­able will be reduced
You may also like this video

Exit mobile version