Site icon Janayugom Online

നവ കോളനിവല്‍ക്കരണവും ലോക ബാങ്കും

അടുത്ത കാലത്ത് ലോകബാങ്ക് പുറത്തുവിട്ട കണക്കുകള്‍ അനുസരിച്ച് അവരില്‍ നിന്ന് ഏറ്റവും കൂടുതല്‍ കടമെടുത്ത രാജ്യം ചൈനയാണ്, 2420 മില്യണ്‍ ഡോളര്‍. അടുത്ത രാജ്യം ഇന്ത്യ 1776 മില്യണ്‍ ഡോളര്‍, പിന്നെ ഇന്തോനേഷ്യ 1692 മില്യണ്‍ ഇങ്ങനെ പോവുന്നു കണക്കുകള്‍. 190 അംഗരാജ്യങ്ങളുണ്ട് ലോക ബാങ്കിന്റെ ഒരു ഏജന്‍സിയായ ഐഎംഎഫില്‍. ക്യൂബയടക്കം ഏഴ് രാജ്യങ്ങള്‍ മാത്രമാണ് വിട്ടുനില്‍ക്കുന്നത്. ഉദാരവല്‍ക്കരണം, സ്വകാര്യവല്‍ക്കരണം, ആഗോളവല്‍ക്കരണം എന്നിങ്ങനെ പരസ്പരബന്ധിതമായ സാമ്പത്തിക പദ്ധതികള്‍ നടപ്പില്‍ വരുത്തുക എന്ന ലക്ഷ്യത്തോടെയാണ് ലോകബാങ്കും അനുബന്ധ ഏജന്‍സികളും പ്രവര്‍ത്തിക്കുന്നത്. 1960കളുടെ അവസാനമാണ് വിവിധ ലോകരാജ്യങ്ങളില്‍ ഈ മൂന്നു സാമ്പത്തിക പദ്ധതികള്‍ക്കനുസൃതമായ വായ്പാനയം ലോകബാങ്ക് രൂപീകരിക്കുന്നത്. അര്‍ജന്റീന എന്ന 60കളിലെ ലോകത്തിലെ 10 ധനിക രാജ്യങ്ങളിലൊന്നടക്കം വിവിധ ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലും തായ്‌ലന്റ്, കൊറിയ ഫിലിപ്പൈന്‍സ് തുടങ്ങിയ ഏഷ്യന്‍ രാജ്യങ്ങളിലുമൊക്കെയായിരുന്നു ആദ്യകാലത്തെ പരീക്ഷണങ്ങള്‍. ഈ രാജ്യങ്ങളൊന്നും പിന്നീട് ഗതിപിടിച്ചിട്ടില്ല എന്നത് പില്‍ക്കാല ചരിത്രം. ഇന്ന് 52 രാജ്യങ്ങള്‍ വിദേശകടത്തില്‍ മുങ്ങി നില്‍ക്കുകയാണ്.

വികസിത രാജ്യങ്ങള്‍ക്കായി ആഗോളീകരണം, ഉദാരവല്‍ക്കരണം, സ്വകാര്യവല്‍ക്കരണം എന്നീ ലക്ഷ്യങ്ങള്‍ നടപ്പില്‍ വരുത്തുവാനായാണ് ലോകബാങ്കിന്റെ അഞ്ച് ഏജന്‍സികളായ ഐബിആര്‍ഡി (ഇന്റര്‍നാഷണല്‍ ബാങ്ക് ഓഫ് റീകണ്‍സ്ട്രക്ഷന്‍ ആന്റ് ഡെവലപ്മെന്റ്), ഐഡിഎ (ഇന്റര്‍നാഷണല്‍ ഡെവലപ്മെന്റ് അസോസിയേഷന്‍), ഐഎഫ്‌സി (ഇന്റര്‍നാഷണ്‍ ഫിനാന്‍സ് കോര്‍പറേഷന്‍), എംഐജിഎ (മല്‍ട്ടിലാറ്ററല്‍ ഇന്‍വെസ്റ്റ്മെന്റ് ഗ്യാരന്റി ഏജന്‍സി), ഐസിഎസ്‌ഐഡി (ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ സെറ്റില്‍മെന്റ് ഓഫ് ഇന്‍വെസ്റ്റ്മെന്റ് ഡിസ്‌പ്യൂട്ട്സ്) വഴി ശ്രമിക്കുന്നത്. ലോകബാങ്ക് സ്ഥാപിച്ച് മേല്‍പ്പറഞ്ഞ മൂന്നു ലക്ഷ്യങ്ങള്‍ക്കായി ലോകത്തെ സമ്പന്ന രാജ്യങ്ങള്‍ ശ്രമിക്കുന്നതില്‍ വ്യക്തമായ കാരണങ്ങളുണ്ട്. 1700 മുതല്‍ 1940 വരെയുള്ള കാലഘട്ടത്തില്‍ അന്നത്തെ മുന്‍നിര രാഷ്ട്രങ്ങളായിരുന്ന ബ്രിട്ടണ്‍, സ്പെയിന്‍, ഫ്രാന്‍സ്, ജര്‍മ്മനി, പോര്‍ച്ചുഗല്‍, ഡെന്മാര്‍ക്ക് എന്നിവര്‍ക്കെല്ലാം ഏഷ്യയിലും ആഫ്രിക്കയിലും ധാരാളം കോളനികളുണ്ടായിരുന്നു. അമേരിക്കന്‍ ഭൂഖണ്ഡത്തിലും ഈ രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ എത്തിച്ചേരുകയും തെക്കെ അമേരിക്കയില്‍ പ്രധാനമായും സ്പെയിന്‍, പോര്‍ച്ചുഗല്‍ രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാരും, വടക്കെ അമേരിക്കയില്‍ പ്രധാനമായി ബ്രിട്ടന്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരും രാജ്യങ്ങള്‍ സ്ഥാപിക്കുകയും ചെയ്തു. ഇന്ത്യയില്‍ നിന്ന് 1700 മുതല്‍ 1947 വരെ ബ്രിട്ടനിലേക്കൊഴുകിയ ധനം ബ്രിട്ടനെ സൂര്യനസ്തമിക്കാത്ത സാമ്രാജ്യമായി വളര്‍ത്തി. ഫ്രാന്‍സും ജര്‍മ്മനിയും പ്രധാനമായും ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലാണ് കോളനികള്‍ സ്ഥാപിച്ചത്. പോര്‍ച്ചുഗലും സ്പെയിനും അടിമക്കച്ചവടത്തിലാണ് കൂടുതല്‍ മുഴുകിയത്.


ഇതുകൂടി വായിക്കൂ:  നാശോന്മുഖമായ സമ്പദ്‌വ്യവസ്ഥ


എന്നാല്‍ ഒന്നാം ലോകമഹായുദ്ധവും തുടര്‍ന്നുവന്ന രണ്ടാം ലോക മഹായുദ്ധവും (ഒന്നാം ലോകമഹായുദ്ധത്തിന്റെ പ്രധാന കാരണം യൂറോപ്പില്‍ വളര്‍ന്നുവന്ന ദേശീയതയും മറ്റൊന്ന് കോളനികളില്‍ കൂടുതല്‍ ആധിപത്യം നേടാനുള്ള മത്സരവുമായിരുന്നു.) കൊളോണിയല്‍ ശക്തികളായ ബ്രിട്ടന്റെയും ഫ്രാന്‍സിന്റെയും ശക്തി വളരെയധികം ചോര്‍ത്തിക്കളഞ്ഞു. ജര്‍മ്മനിയാകട്ടെ ആകെ തകര്‍ന്ന നിലയിലുമായി. പ്രസ്തുത രാഷ്ട്രീയ, സാമ്പത്തിക ചുറ്റുപാടുകള്‍ കോളനികളിലെ ഭരണം തുടര്‍ന്നുകൊണ്ടുപോവാന്‍ സാധിക്കാത്ത അവസ്ഥയിലേക്ക് ഈ രാജ്യങ്ങളെ എത്തിച്ചു. കോളനികളിലാവട്ടെ സ്വതന്ത്ര രാഷ്ട്രത്തിന് വേണ്ടിയുള്ള രാഷ്ട്രീയ സമരങ്ങള്‍ വളരെ ശക്തമാവുകയും ചെയ്തു. ഈ സാഹചര്യത്തില്‍ 1939ല്‍ തന്നെ കാനഡ, ദക്ഷിണാഫ്രിക്ക, ഓസ്ട്രേലിയ, ന്യൂസിലൻഡ് ഇവ ബ്രിട്ടനില്‍ നിന്നും സ്വതന്ത്രമായി. പക്ഷെ കോമണ്‍വെല്‍ത്ത് വിട്ടുപോയില്ല. എന്നാല്‍ മിക്കവാറും കോളനികളെല്ലാം തന്നെ 1940കളുടെ മധ്യം മുതല്‍ 50കളുടെ അവസാനത്തിനുള്ളില്‍ സ്വാതന്ത്ര്യം നേടി. ബ്രിട്ടന്റെ ഏറ്റവും വലിയ കോളനിയായ ഇന്ത്യ 1947 ഓഗസ്റ്റ് 15ന് സ്വതന്ത്രമായി.

കോളനികള്‍ സ്വാതന്ത്ര്യം പ്രാപിച്ചതോടെ വികസിത രാജ്യങ്ങള്‍ക്ക് അവരുടെ വ്യവസായശാലകള്‍ക്ക് കുറഞ്ഞവിലയില്‍ അസംസ്കൃത വസ്തുക്കളും ഉല്പന്നങ്ങള്‍ക്ക് മാര്‍ക്കറ്റും ലഭിക്കാന്‍ പ്രയാസം നേരിട്ടു. അതേസമയം തന്നെ ബ്രിട്ടന്റെ മേല്‍ക്കോയ്മ രണ്ടാം ലോകമഹായുദ്ധം വരുത്തിവച്ച ബാധ്യതകള്‍ കാരണം ലോക രാഷ്ട്രീയ രംഗത്ത് ഇല്ലാതാവുകയും പകരം യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക, സോവിയറ്റ് യൂണിയന്‍ എന്നീ രാജ്യങ്ങളുടെ നേതൃത്വത്തില്‍ രണ്ടു ചേരികള്‍ രൂപപ്പെടുകയും ചെയ്തു. യുഎസ് നേതൃത്വത്തിലുള്ള പടിഞ്ഞാറന്‍ മുതലാളിത്ത രാജ്യങ്ങളുടെ വികസ്വര രാജ്യങ്ങളിലേക്കുള്ള കടന്നുകയറ്റം ഫലപ്രദമായി ചെറുക്കുവാനും സോഷ്യലിസ്റ്റ് മാതൃകയില്‍ സാധാരണ മനുഷ്യരുടെ ജീവിതനിലവാരം ഉയര്‍ത്തിക്കൊണ്ടുള്ള വികസന പദ്ധതികള്‍ ഇന്ത്യയടക്കമുള്ള വിവിധ രാജ്യങ്ങളില്‍ നടപ്പിലാക്കുവാനും സോവിയറ്റ് യൂണിയന് കഴിഞ്ഞു. അതേസമയം തന്നെ കോളനിവല്‍ക്കരണത്തിലൂടെയുള്ള കടന്നുകയറ്റം സാധ്യമല്ലാതെ വന്ന സാഹചര്യത്തില്‍ യുഎസ് നേതൃത്വത്തിലുള്ള പാശ്ചാത്യ വികസിത രാജ്യങ്ങള്‍ വികസ്വര രാജ്യങ്ങളുടെ സാമ്പത്തിക മേഖലകളിലേക്ക് കടന്നുകയറുവാനുള്ള തന്ത്രമായി തന്നെയാണ് ലോകബാങ്ക് സ്ഥാപിക്കുന്നതും ഉദാരവല്‍ക്കരണം, ആഗോളീകരണം, സ്വകാര്യവല്‍ക്കരണം എന്നീ നയങ്ങള്‍ നടപ്പിലാക്കുന്നതും.
സോവിയറ്റ് യൂണിയന്‍ വിവിധ രാജ്യങ്ങളായി മാറിയശേഷം സംജാതമായ പുതിയ ലോകക്രമത്തില്‍ ഒരു ഏകധ്രുവ ലോക വ്യവസ്ഥിതിയിലേക്ക് പോകുവാനും വികസ്വര രാജ്യങ്ങളിലെ ദരിദ്രരായ മനുഷ്യരെ കൂടുതല്‍ ദരിദ്രരാക്കിക്കൊണ്ട് സ്വകാര്യവല്‍ക്കരണം അടിച്ചേല്‍പ്പിക്കുവാനും പാവ ഭരണകൂടങ്ങളെ പല രാജ്യങ്ങളിലും സൃഷ്ടിക്കുവാനും യുഎസ് നേതൃത്വത്തിലുള്ള പാശ്ചാത്യശക്തികള്‍ക്ക് കഴിഞ്ഞു. ചിലിയിലെ അലന്‍ഡെ സര്‍ക്കാരിനെ അട്ടിമറിച്ചതു മുതല്‍ സദ്ദാം ഹുസൈന്‍ എന്ന ധീരനായ പോരാളിയെ തികച്ചും വ്യാജമായ രാസായുധങ്ങള്‍ കൈവശം വയ്ക്കുന്നു എന്ന ആരോപണമുന്നയിച്ച് വധിക്കുന്നതില്‍ വരെ അക്രമോത്സുകമായ നയമാണ് പാശ്ചാത്യ രാഷ്ട്രങ്ങള്‍ നടപ്പിലാക്കിയത്.


ഇതുകൂടി വായിക്കൂ: വികസനവും ക്ഷേമവും വിഭവസമാഹരണവും


ആഗോളവല്‍ക്കരണം എന്നാല്‍ ഒന്ന്, രാജ്യാതിര്‍ത്തികളൊന്നും ബാധകമാവാത്ത സ്വതന്ത്രവ്യാപാരം, അത് വിഭവത്തിലായാലും, തൊഴിലിലായാലും മൂലധനത്തിലായാലും. രണ്ട്, അനിയന്ത്രിതമായ ധനമൂലധനത്തിന്റെ (ഫിനാന്‍സ് കാപ്പിറ്റല്‍) കുത്തൊഴുക്ക്. ഇത് ദേശീയ സമ്പദ് വ്യവസ്ഥകളെ ദുര്‍ബലമാക്കുകയും ഊഹക്കച്ചവടം പ്രോത്സാഹിപ്പിച്ച് തദ്ദേശീയ ബിസിനസിനെ തകര്‍ക്കുകയും ചെയ്യുന്നു. മൂന്ന്, ചരക്കുല്പാദനം അന്താരാഷ്ട്രവല്‍ക്കരിക്കുന്നു. ഏറ്റവും ലാഭകരമായി ലോകത്തിന്റെ വിവിധ ഇടങ്ങളില്‍ കരാര്‍ തൊഴിലാളികളെക്കൊണ്ട് ഉല്പാദിപ്പിച്ച് ലോകമാകെ വിറ്റഴിക്കുന്നു. തൊഴില്‍ സ്ഥിരത, മിനിമം കൂലി തുടങ്ങിയ തൊഴിലാളികളുടെ എല്ലാ അവകാശങ്ങളും ഇല്ലാതെയാവുന്നു. നാല്, ലാഭം മാത്രം ലക്ഷ്യമാക്കി മനുഷ്യര്‍ക്ക് ഹാനികരമായ വസ്തുക്കള്‍ ഉല്പാദിപ്പിച്ച് ലോകം മുഴുവന്‍ വിറ്റ് മനുഷ്യരുടെ ആരോഗ്യവും ധനവും നശിപ്പിക്കുന്നു. കൊക്കോകോള തുടങ്ങിയ പാനീയങ്ങള്‍, സൗന്ദര്യവര്‍ധക വസ്തുക്കള്‍ ഇവയെല്ലാം ഉദാഹരണങ്ങള്‍.

അഞ്ച്, വ്യത്യസ്തമായ രുചികളും സംസ്കാരവും ഭാഷയും വസ്ത്രവും കലാരൂപങ്ങളുമെല്ലാം ഇല്ലാതെയാക്കി പൊതുവായ രുചികളും സംസ്കാരവും ഭാഷയും വസ്ത്രവുമെല്ലാം ഉപഭോക്താക്കളില്‍ പരസ്യങ്ങള്‍ വഴി സ്വാധീനിച്ച് നടപ്പില്‍ വരുത്തി വിവിധ സമൂഹങ്ങളുടെ തനിമ ഇല്ലാതെയാക്കുന്നു.
ആറാമത്തെയും ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്നതുമായ കാര്യം വികസ്വര രാജ്യങ്ങളുടെ വിപണി വിവിധ അന്താരാഷ്ട്ര കരാറുകള്‍ വഴി സമ്പന്ന രാജ്യങ്ങളിലെ കമ്പനികള്‍ക്കായി തുറന്നിടുകയും എന്നാല്‍ വികസ്വര രാജ്യങ്ങളില്‍ നിന്ന് തിരിച്ചുള്ള വ്യാപാരം, കുടിയേറ്റം തുടങ്ങിയവ കര്‍ശനമായി തടയുകയും ചെയ്യുന്നു എന്നുള്ളതാണ്. ആഗോളവല്‍ക്കരണം നടപ്പിലാക്കിയ രാജ്യങ്ങളുടെ അനുഭവം ഒട്ടും അഭികാമ്യമല്ല. 1997ലെ യുഎന്‍ഡിപി റിപ്പോര്‍ട്ട് ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. തൊഴിലില്ലായ്മ, വരുമാന സ്രോതസുകള്‍‍ ഇല്ലാതെയാവുക, പൊതു ആരോഗ്യസംവിധാനം, പൊതു വിദ്യാഭ്യാസ സംവിധാനം ഇവ ഇല്ലാതെയാവുക, രാഷ്ട്രീയ അസ്ഥിരത, സുരക്ഷയില്ലായ്മ, ഇവയെല്ലാമാണ് ആഗോളവല്‍ക്കരണം നടപ്പിലാക്കിയ രാജ്യങ്ങളിലെ പ്രത്യാഘാതങ്ങള്‍. ഈ പ്രത്യാഘാതങ്ങള്‍ വിശദമായി തന്നെ വിശകലനം ചെയ്യേണ്ടിയിരിക്കുന്നു.

Exit mobile version