Site icon Janayugom Online

ഹയ്യ ഹയ്യ ഖത്തര്‍… ലോകകപ്പ് മത്സരങ്ങള്‍ക്ക് ഇന്ന് കിക്കോഫ്

കാൽപ്പന്താരാധകരുടെ നാലു വർഷത്തിലധികം നീണ്ട കാത്തിരിപ്പിന് വിരാമമിട്ട് ഖത്തർ ലോകകപ്പിന് ഇന്ന് പന്തുരുളും. ഇന്ത്യൻ സമയം രാത്രി 7.30 മുതൽ അൽ ബൈത്ത് സ്റ്റേഡിയത്തിൽ ഉദ്ഘാടന ചടങ്ങുകൾ ആരംഭിക്കും. ഇന്ത്യയില്‍ നിന്നും ഉപരാഷ്ട്രപതി ജഗദീപ് ധന്‍ഖര്‍ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുക്കും. 32 രാജ്യങ്ങൾ പങ്കെടുക്കുന്ന ലോകകപ്പ് മത്സരങ്ങള്‍ കാണാൻ 12 ലക്ഷം പേരെങ്കിലും ഖത്തറിലെത്തും. കാണികൾക്ക് അവിസ്മരണീയ അനുഭവം സമ്മാനിച്ചായിരിക്കും ഫാൻ സോണുകളുടെ പ്രവർത്തനം. സംഗീത പരിപാടികൾ, സാംസ്കാരിക പ്രദർശനങ്ങൾ, തെരുവുകളിലെ പ്രകടനങ്ങൾ തുടങ്ങിയവയൊക്കെ കാഴ്ചവിരുന്നിന്റെ ഭാഗമാണ്. ഇന്ന് ആരംഭിക്കുന്ന മത്സരങ്ങള്‍ ഡിസംബര്‍ 18 നാണ് അവസാനിക്കുക.

വിവിധ രാജ്യക്കാരായ കലാകാരന്മാരുടെ പ്രകടനങ്ങളോടെയാണ് ദോഹ മെട്രോയിലും ബസിലും കാറിലുമെല്ലാം എത്തുന്ന ആരാധകരെ സ്‌റ്റേഡിയത്തിലേക്കു സ്വീകരിക്കുക. സ്‌റ്റേഡിയത്തിനു ചുറ്റുമുള്ള വിശാലമായ പാർക്കിലും ആരാധകർക്ക് വിശ്രമിക്കാനും ഉല്ലസിക്കാനുമുള്ള സൗകര്യങ്ങളുണ്ട്. ഭക്ഷണ, പാനീയ ശാലകളും തയാർ. ഗ്രൂപ്പ് എയിലെ ഖത്തറും ഇക്വഡോറും തമ്മിലുള്ള മത്സരത്തിന് മുമ്പ് വര്‍ണാഭമായ ഉദ്ഘാടന ചടങ്ങുകള്‍ നടക്കും.
കെ പോപ്പ് ബാന്‍ഡായ ബിടിഎസിലെ അംഗം ജങ് കൂക്ക്, ബ്ലാക്ക് ഐഡ് പീസ്, റോബി വില്യംസ്, നോറ ഫത്തേഹി തുടങ്ങി നിരവധി താരങ്ങള്‍ പരിപാടി അവതരിപ്പിക്കും. 

Eng­lish Summary:World Cup match­es kick off today
You may also like this video

Exit mobile version