മനുഷ്യവംശത്തിന്റെ ഭാവിയെപ്പറ്റി പലവിധ ഉത്ക്കണ്ഠകൾ നിറയുന്ന ഈ കാലത്താണ് ‘ഒരാളെയും കൈവിടുകയില്ല’ എന്ന കേന്ദ്രപ്രമേയവുമായി ഈ വർഷത്തെ ലോകഭക്ഷ്യദിനം എത്തുന്നത്. ഇനിയും അവസാനിച്ചിട്ടില്ലാത്ത മഹാമാരിയുടെ അലയൊലികൾ, യുദ്ധങ്ങളും വംശീയകലാപങ്ങളും, ആഗോളതാപനം അടക്കമുള്ള കാലാവസ്ഥാ വ്യതിയാനങ്ങൾ, സമ്പദ്‌വ്യവസ്ഥയെ അസ്ഥിരമാക്കുന്ന നിരവധി ഘടകങ്ങൾ എന്നിവയെല്ലാം ലോകസമൂഹത്തെ അസ്വസ്ഥപ്പെടുത്തികൊണ്ടിരിക്കുന്നു. ഇതിനെല്ലാമിടയിലാണ് നൂറ്റി അമ്പതിലധികം രാജ്യങ്ങളിലെ സർക്കാരുകൾ, സർക്കാരിതര സംഘടനകൾ, മാധ്യമങ്ങൾ, പൊതുസമൂഹം എന്നിവരെല്ലാം ഒരുമിച്ച് നിന്ന് ബോധവല്ക്കരണത്തിനും സക്രിയമായ ഇടപെടലിനുമായുള്ള ഈ യത്നത്തിൽ പങ്കുചേരുന്നത്. ഐക്യരാഷ്ട്രസഭയുടെ ഘടകസംഘടനയായ ഫുഡ് ആന്റ് അഗ്രിക്കൾച്ചർ ഓർഗനൈസേഷൻ (എഫ്എഒ) 1945 ഒക്ടോബർ 16 നാണ് സ്ഥാപിതമായത്. മുൻ ഹംഗേറിയൻ ഭക്ഷ്യ‑കാർഷികമന്ത്രി ഡോ. പോൾ റൊമാനിയുടെ നിർദ്ദേശപ്രകാരമാണ് 1979 മുതൽ ആ ദിനം സാർവദേശീയ ഭക്ഷ്യദിനമായി ആചരിക്കുന്നത്. വിശപ്പില്ലാത്ത ഒരു ലോകത്തിനായുള്ള പൊതുമുന്നേറ്റത്തിനുള്ള ആഹ്വാനം പ്രാരംഭകാലം മുതൽക്കുള്ള ഭക്ഷ്യദിന പ്രമേയങ്ങളിൽ തെളിഞ്ഞുകാണാം. എന്നാൽ ഈ ആശയം ഇന്ന് കൂടുതൽ മുന്നോട്ടുപോയിരിക്കുന്നു. വിശപ്പിന്റെ മാനദണ്ഡങ്ങളും അതിന്റെ നിർമ്മാർജനത്തിനായുള്ള കർമ്മപദ്ധതികളും രാഷ്ട്രാന്തരീയസമൂഹം പുനർനിർവചിച്ചിരിക്കുന്നു. ഇത് ഈ വർഷത്തെ ദിനാചരണ പ്രമേയം അടിവരയിട്ടുകാണിക്കുന്നു.
വിഭവങ്ങളുടെ പരിമിതി ലോക ഭക്ഷ്യസുരക്ഷയുടെ ഒരു വെല്ലുവിളിയാണ്. സഹഭാവവും സാമൂഹ്യനീതിയും കൊണ്ട് മനുഷ്യരാശിക്ക് ഒരുമിച്ചുനിന്ന് ആ പരിമിതിയെ മറികടക്കാൻ കഴിയുന്നതേയുള്ളൂ എന്ന ആശയമാണ് ഈ മുദ്രാവാക്യം മുന്നോട്ടുവയ്ക്കുന്നത്. നമ്മുടെ പ്രവൃത്തിയാണ് നമ്മുടെ ഭാവി എന്നതായിരുന്നു കഴിഞ്ഞ വർഷത്തെ ഭക്ഷ്യദിനത്തിന്റെ മുദ്രാവാക്യം. ആരെല്ലാം ഈ പ്രവർത്തികളിൽ ഒപ്പമുണ്ടാകും എന്നതാണ് പ്രസക്തം. കാലാവസ്ഥാസ്ഥിരതയെയും അതുവഴി കാർഷിക വ്യവസ്ഥയെയും സംരക്ഷിക്കണമെങ്കിൽ വികസിത രാഷ്ട്രങ്ങൾ അനേകം വിട്ടുവീഴ്ചകൾക്ക് തയാറാകേണ്ടതുണ്ട് എന്നത് പരക്കെ അംഗീകരിക്കപ്പെട്ടിട്ടുള്ളതാണ്.ഉദാഹരണമായി ഭൂമിയിലെ ജീവന്റെ നിലനില്പിനെ തന്നെ വിപത്കരമായി ബാധിക്കാവുന്ന ഓസോൺപാളിയിലെ വിള്ളൽ ക്ലോറോഫ്ലൂറോ കാർബണുകളുടെ ബഹിർഗമനംമൂലം ഉണ്ടാകുന്നതാണെന്ന് ബോധ്യപ്പെട്ടിട്ടു പോലും അവയുടെ ഉല്പാദനം കുറയ്ക്കുന്നതിനുള്ള ഒരു പൊതുധാരണയിൽ എത്തിച്ചേരാൻ അമേരിക്കയടക്കമുള്ള വികസിതരാഷ്ട്രങ്ങൾക്ക് കഴിഞ്ഞില്ല. കുറച്ചുകൂടി കൃത്യമായിപ്പറഞ്ഞാൽ അവിടങ്ങളിലെ രാഷ്ട്രീയ സമ്പദ്‌വ്യവസ്ഥയെ നിയന്ത്രിക്കുന്ന ശക്തികൾ അത്തരമൊരു പൊതുധാരണയിലെത്തുന്നതിൽ നിന്ന് ഭരണകർത്താക്കളെ തടഞ്ഞു. കാര്യങ്ങളുടെ ഗുരുതരാവസ്ഥയെപ്പറ്റി ശരിയായ ബോധ്യമുണ്ടായിട്ടുകൂടി മനുഷ്യരാശിയുടെ പൊതുതാല്പര്യത്തിനു മുകളിൽ സാമ്പത്തിക ശക്തികളുടെ വർഗതാല്പര്യം ഉയർന്നുനിന്നു. ആരെയും കൈവിടുകയില്ല എന്ന മുദ്രാവാക്യം ഈ വർഷം ഉയർത്തുമ്പോൾ അത് കേവലം ഭംഗിവാക്കല്ല എന്ന് സ്വയം ബോധ്യപ്പെടുത്തേണ്ടതുണ്ട്.
ഇതുകൂടി വായിക്കൂ: ഓർമ്മിക്കണം കർഷകനെയും വിശക്കുന്നവനെയും
അത്തരമൊരുലക്ഷ്യം സാധ്യമാക്കുന്നതിന് ലോകസമൂഹത്തെ സജ്ജമാക്കുന്ന രാഷ്ട്രീയ ഇച്ഛാശക്തിയാണ് ആവശ്യം. ആരെയും കൈവിടുകയില്ല എന്നതിന്റെ പ്രത്യക്ഷമായ അർത്ഥം മനുഷ്യരായി പിറന്ന എല്ലാവർക്കും പോഷകസമൃദ്ധമായ ഭക്ഷണം ഉറപ്പുവരുത്തും എന്നാണ്. ഇത് ഒറ്റപ്പെട്ടുനില്ക്കുന്ന ഒരു ലക്ഷ്യമല്ല; സുസ്ഥിരവികസനം എന്ന സങ്കല്പവുമായി ചേർന്നുപോകുന്ന ഒന്നാണ‘. അതായത് സുസ്ഥിരമായ ഒരു ഭക്ഷ്യ‑കാർഷിക വ്യവസ്ഥയ്ക്ക് മാത്രമെ ആ ലക്ഷ്യം നേടാനും വിശപ്പ് എന്ന പ്രതിഭാസത്തെ ശാശ്വതമായി അവസാനിപ്പിക്കാനും കഴിയൂ. കാരണം ഇന്ധനങ്ങളും ഊർജസ്രോതസുകളും മാത്രമല്ല, ഭക്ഷ്യവിഭവങ്ങളും പ്രകൃതിവിരുദ്ധമായ ഉല്പാദന ഉപഭോഗരീതികളാൽ ശോഷിച്ച് പോകുന്നവ തന്നെയാണ്. ലാഭക്കൊതിയിൽ അധിഷ്ഠിതമായ ഒരു ലോകവ്യവസ്ഥ കൃഷിയുടെയും പരിസ്ഥിതിയുടെയും അത്യന്താപേക്ഷിതമായ ഭക്ഷ്യസ്രോതസുകളുടേയും മേൽ നടത്തുന്ന കയ്യേറ്റം ജനകോടികളുടെ നിലനില്പിനെ എപ്രകാരം അപകടപ്പെടുത്തുന്നു എന്നത് ഒരു രാഷ്ട്രീയപ്രശ്നമാണ്.‘ഈ ലോകത്തിൽ ഏവരുടെയും ആവശ്യങ്ങൾ നിറവേറ്റാനുള്ളവയുണ്ട്. ആരുടെയും ദുരാഗ്രഹത്തിനുള്ളത് ഇല്ലതാനും’ എന്ന് പറഞ്ഞത് മഹാത്മാഗാന്ധിയാണ്. ‘ഈ ഭൂമി ഒറ്റപ്പെട്ട വ്യക്തികളുടേയോ ഒരു സമൂഹത്തിന്റെയോ രാഷ്ട്രത്തിന്റെയോ സ്വത്തല്ല. എന്തിന്, ഇന്ന് ജീവിച്ചിരിക്കുന്ന എല്ലാവരുടെയും കൂട്ടുസ്വത്തുമല്ല. നമുക്ക് ലഭിച്ചതിനേക്കാൾ മെച്ചപ്പെടുത്തി വരുംതലമുറയ്ക്ക് കൈമാറാൻ ഉള്ളതാണ് അത്’ എന്നത് മാർക്സിന്റെ വാക്കുകളാണ്. പരിസ്ഥിതിയുടെയും ഭക്ഷ്യ കാർഷികവ്യവസ്ഥയുടെയും നിലനില്പ് ഇന്നത്തെ അത്രയുമൊന്നും ദുർബലപ്പെടാത്ത ഒരു കാലത്ത് രണ്ട് മഹാപ്രതിഭാശാലികൾ നടത്തിയ ദീർഘദർശനം നമുക്ക് വഴികാട്ടിയാണ്. നമ്മുടെ പ്രവൃത്തി നമ്മുടെ ഭാവിയെ നിർണയിക്കുമെന്ന് അവരുടെസ്മരണകൾ നമ്മെ വീണ്ടും വീണ്ടും ഓർമ്മിപ്പിക്കുന്നു.
കാർഷിക ഭക്ഷ്യവ്യവസ്ഥ നൂറ് കോടി മനുഷ്യർക്ക് ലോകത്ത് തൊഴിൽ നല്കുന്നു. സമ്പദ്‌വ്യവസ്ഥയിൽ മറ്റേതൊരു മേഖലയെക്കാളും കൂടിയ പങ്കാണിത്. ഇതിലുണ്ടാകുന്ന ഏതൊരു ചെറുവ്യതിചലനവും ശതകോടികളെ തൊഴിൽരഹിതരാക്കും; പട്ടിണിയിലേക്ക് തള്ളിവിടും. ഇന്ന് നിലനില്ക്കുന്ന വാണിജ്യകേന്ദ്രീകൃതമായ ഭക്ഷ്യോല്പാദനവും ഉപഭോഗവും അമിതമായ പാഴാക്കലും ഭൂമിയുടെയും പരിസ്ഥിതിയുടെയും കാലാവസ്ഥയുടെയും മേല്‍ ദുർവഹമായ ഭാരമാണ് ഏല്പിക്കുന്നത്. ഇപ്രകാരമുള്ള അമിതമായ പ്രകൃതിചൂഷണമെല്ലാമുണ്ടായിട്ടും 300 കോടി മനുഷ്യർക്ക് ലോകത്താകമാനം ആവശ്യമായ അളവിൽ പോഷകസമൃദ്ധമായ ആഹാരം ലഭിക്കുന്നില്ല. ആഫ്രിക്കൻ വൻകരയിലെ സബ് സഹാറൻ രാജ്യങ്ങളിലെ പട്ടിണിക്കോലങ്ങളായ കുഞ്ഞുങ്ങളുടെ പടം നാം മാധ്യമങ്ങളിൽ കാണുന്നു. മരണത്തിലേക്ക് നയിക്കുന്ന പച്ചയായ ഈ വിശപ്പ് മാത്രമല്ല അനീതി നിറഞ്ഞ ലോകക്രമം സൃഷ്ടിച്ചിരിക്കുന്നത്. വികസിത നാടുകളിലുൾപ്പെടെയുള്ള പാർശ്വവല്കൃത വിഭാഗങ്ങളും മതിയായ ആഹാരം ലഭിക്കാത്തവരാണ്. ഇന്ത്യയിൽ 2020 ലെ കണക്കുപ്രകാരം 19.4 കോടി പേർ വിശപ്പ് ഒരു യാഥാർത്ഥ്യമായി അനുഭവിക്കുന്നവരാണ്. ലോകത്തെ വിശക്കുന്നവരുടെ ഇരുപത്തിമൂന്ന് ശതമാനമാണിത്. അനുദിനം പാഴാക്കിക്കളയുന്ന വിഭവസമൃദ്ധിയുടെയും അമിതാഹാരശീലത്തിന്റെ ഫലമായ ജീവിതശൈലീരോഗങ്ങളുടെയും ഇടയിലാണ് ഈ യാഥാർത്ഥ്യവും നിലനില്ക്കുന്നത് എന്നതാണ് വൈരുധ്യം. ഈയൊരു പശ്ചാത്തലത്തിലാണ് 2021 സെപ്റ്റംബർ 23 ന് ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലി സമ്മേളനത്തോടനുബന്ധിച്ച് ആഗോളഭക്ഷ്യ ഉച്ചകോടി വിർച്വലായി വിളിച്ചുചേർത്തത്.
ഇതുകൂടി വായിക്കൂ: വിശപ്പില്ലാ ലോകം സാധ്യമാണ്
സുസ്ഥിര വികസനത്തിന്റെ ലക്ഷ്യങ്ങൾ 2030 ഓടെ സഫലീകരിക്കാൻ കഴിയുംവിധം ലോകഭക്ഷ്യവ്യവസ്ഥയെ ഗുണപരമായി പരിവർത്തിപ്പിക്കാൻ ഉച്ചകോടി തീരുമാനിച്ചു.193 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു. ഭാവിപരിപാടി എന്ന നിലയിൽ ഉച്ചകോടി അഞ്ച് പ്രവർത്തനപാതകൾ നിശ്ചയിച്ചു. സുരക്ഷിതവും പോഷകസമൃദ്ധവുമായ ആഹാരലഭ്യത എല്ലാവർക്കും, സുസ്ഥിര ഉപഭോഗശീലങ്ങളിലേക്കുള്ള ചുവടുമാറ്റം, പ്രകൃതി സൗഹൃദ ഭക്ഷ്യോല്പാദനം, സാമൂഹ്യനീതി തത്വങ്ങൾ പ്രകാരമുള്ള ഉപജീവനലഭ്യത, അപ്രതീക്ഷിതമായ ദുരന്തങ്ങളോടും ആഘാതങ്ങളോടുമുള്ള പ്രതിരോധക്ഷമത വളർത്തൽ എന്നിവയാണ് അവ. സർക്കാരും ഇതര പ്രവർത്തന പങ്കാളികളും ഈ ദിശയിൽ ഉത്സാഹിക്കാൻ ഉച്ചകോടി ആഹ്വാനം ചെയ്തു. ഐക്യരാഷ്ട്ര സംഘടനയുടെയും ഭക്ഷ്യ‑കാർഷിക സംഘടനയുടെയും ശരിയായ ദിശയിലുള്ള പരിശ്രമങ്ങൾക്ക് പിന്തുണയും ഐക്യദാർഢ്യവും നേരുന്നു. എന്നാൽ ഈ ആഹ്വാനങ്ങൾ ഫലപ്രാപ്തിയിലെത്തുന്നത് ലോകത്തെമ്പാടുമുള്ള ഭരണകൂടങ്ങൾ കൈക്കൊള്ളുന്ന നയങ്ങളെ ആശ്രയിച്ചായിരിക്കും എന്ന കാര്യമാണ് തുടക്കത്തിൽ ചൂണ്ടിക്കാണിച്ചത്. ഈ ദിനത്തിന്റെ സന്ദേശം സാർത്ഥകമാകണമെങ്കിൽ കേവലമായ പ്രചരണമോ ബോധവല്ക്കരണമോ പോര, ശക്തമായ ജനകീയരാഷ്ട്രീയമുന്നേറ്റം തന്നെ വേണം. ആ ദിശയിൽ ഒരു ജനപക്ഷ ബദലിന്റെ പതാകയുമായിട്ടാണ് കേരള സർക്കാരും സമൂഹവും മുന്നോട്ട് പോകുന്നത് എന്നത് ചാരിതാർത്ഥ്യജനകമാണ്. മഹാമാരിയുടെ ദുരന്തകാലത്തും അല്ലാത്തപ്പോഴും ആരെയും പട്ടിണിക്കിടാത്ത കേരളമാതൃക ലോകത്തിനു മുന്നിൽ ശിരസുയർത്തി നില്ക്കുന്നു. മഹാമാരിക്കാലത്ത് സൗജന്യമായി നല്കിയ അതിജീവനക്കിറ്റുകളായും ഇരുപത് രൂപയ്ക്ക് ഒരു നേരത്തെ ആഹാരം നൽകുന്ന സുഭിക്ഷ ഹോട്ടലുകളായും സുതാര്യവും കാര്യക്ഷമവുമായ പൊതുവിതരണ ശൃംഖലയായും സ്കൂൾ വിദ്യാർത്ഥികൾക്ക് നൽകുന്ന ഭക്ഷ്യക്കിറ്റുകളായും സർക്കാർ നേരിട്ട് നടത്തുന്ന വിപണി ഇടപെടലായും ഇത് വികസിച്ചുകൊണ്ടിരിക്കുന്നു. ആരെയും പിന്നിൽ ഉപേക്ഷിച്ചുപോകില്ല എന്ന സാർവദേശീയ മുദ്രാവാക്യം ഏറ്റെടുക്കുകയും യാഥാർത്ഥ്യമാക്കുകയും ചെയ്ത സംസ്ഥാനമാണ് കേരളം. നമ്മുടെ സർക്കാരും സമൂഹവും ഇതിനായി കൈകോർത്തുനില്ക്കുന്നു.