19 June 2024, Wednesday

Related news

June 14, 2024
June 10, 2024
June 7, 2024
May 28, 2024
May 23, 2024
May 20, 2024
April 1, 2024
March 19, 2024
February 26, 2024
February 26, 2024

ഓർമ്മിക്കണം കർഷകനെയും വിശക്കുന്നവനെയും

സജി ജോണ്‍
October 4, 2022 5:30 am

2019 ഡിസംബർ 19ന് യുഎൻ ജനറൽ അസംബ്ലി സുപ്രധാനമായ ഒരു പ്രമേയം അംഗീകരിക്കുകയുണ്ടായി. എല്ലാ വർഷവും സെപ്റ്റംബർ 29 “ഭക്ഷ്യനഷ്ടവും ഭക്ഷണം പാഴാക്കലും” നിയന്ത്രിക്കുന്നതിനുള്ള അന്താരാഷ്ട്ര ബോധവല്ക്കരണദിനമായി ആചരിക്കുന്നതിനുവേണ്ടിയുള്ള തീരുമാനമായിരുന്നു അത്. യുഎൻ ഭക്ഷ്യ കാർഷിക സംഘടനയും യുഎൻ പരിസ്ഥിതി സംഘടനയും (യുഎൻഇപി) 2020 മുതൽ ഈ ദിനാചരണത്തിന് നേതൃത്വം നൽകിവരുന്നു. ഒക്ടോബർ 16ന് ലോക ഭക്ഷ്യദിനം ആചരിക്കുന്നതിനൊപ്പം, യുഎൻ ആഭിമുഖ്യത്തിൽത്തന്നെ ഇത്തരത്തിൽ മറ്റൊരു ദിനാചരണം കൂടി നടത്തുന്നതിനുള്ള തീരുമാനമെടുത്തതിൽ നിന്നുതന്നെ അതിന്റെ പ്രാധാന്യം വ്യക്തമാണ്. ആചരണങ്ങള്‍ ഒരു ദിനത്തില്‍ കേന്ദ്രീകരിക്കുമ്പോള്‍ ആശയങ്ങള്‍ അന്നത്തോടെ അവസാനിച്ചുപോകുന്നതാണ് ഇന്നിന്റെ പ്രശ്നം. ആഗോളതലത്തിൽ മൂന്നിലൊന്ന് ജനങ്ങൾ ഭക്ഷ്യസുരക്ഷിതത്വ ഭീഷണി നേരിടുന്നുണ്ട്. നമ്മൾ ഉല്പാദിപ്പിക്കുന്നതിന്റെ മൂന്നിലൊന്ന് ഭക്ഷ്യോല്പന്നങ്ങൾ പാഴായിപ്പോകുന്നു എന്നതും യാഥാര്‍ത്ഥ്യമാണ്. ദാരിദ്ര്യ നിർമ്മാർജനം, സുസ്ഥിര വരുമാന വർധനവ്, ഭക്ഷ്യസുരക്ഷിതത്വം, പോഷക സുരക്ഷിതത്വം, പരിസ്ഥിതി-ആവാസ വ്യവസ്ഥകളുടെ പരിരക്ഷണം തുടങ്ങിയ മേഖലകളിൽ, നേരിട്ടും അല്ലാതെയും നിർണായക സ്വാധീനം ചെലുത്തുന്ന ഒരു ഘടകമായി ഇതു മാറിയിരിക്കുന്നു.

ഭക്ഷ്യനഷ്ടവും ഭക്ഷണം പാഴാക്കലും പരമാവധി ഒഴിവാക്കി, ഭക്ഷ്യ‑പോഷകസുരക്ഷ ഉറപ്പാക്കുന്നതിനും കാലാവസ്ഥാവ്യതിയാനത്തെ പരിമിതപ്പെടുത്തുന്നതിനുമുള്ള ആഗോള ശ്രമങ്ങളിൽ, കാർഷികോല്പാദന-ഭക്ഷ്യവിതരണ-ഉപഭോഗശൃംഖലയുടെ ഭാഗമായിട്ടുള്ള എല്ലാവരും പങ്കാളികളാകണമെന്നാണ് 2022ലെ അന്താരാഷ്ട്ര ദിനാചരണം ആഹ്വാനം ചെയ്യുന്നത്. ആഗോളതലത്തിൽ വിശപ്പ് ഇല്ലാതാക്കുകയെന്നത്, “സുസ്ഥിര വികസന അജണ്ട, 2030”ലെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷ്യമാണ്. ഭക്ഷണം പാഴാക്കുന്നതിലെ ആളോഹരി വിഹിതം പകുതിയായി കുറയ്ക്കുന്നതും ഉല്പാദന വിതരണ ശൃംഖലയിലെ ഭക്ഷ്യനഷ്ടം ഗണ്യമായി ഒഴിവാക്കുന്നതും സുസ്ഥിര വികസന അജണ്ടയുടെ ഭാഗമാണ്. എന്നാൽ എട്ട് വർഷത്തിൽ താഴെമാത്രം ശേഷിച്ചിരിക്കെ, “വിശപ്പുരഹിത ലോകം” എന്നത് ഒരു സ്വപ്നമായിമാത്രം വീണ്ടും അവശേഷിക്കുമെന്നാണ് വ്യക്തമാകുന്നത്. നിലവിലെ കണക്കുകൾ പ്രകാരം, 828 മില്യണിലധികം ജനങ്ങളാണ് കൊടും ദാരിദ്ര്യത്തെ അഭിമുഖീകരിക്കുന്നത്. കോവിഡ് കാലത്ത്, ഏഷ്യയിലെ 57 മില്യൺ ജനങ്ങളും ആഫ്രിക്കയിലെ 46 മില്യൺ ജനങ്ങളും കരീബിയൻ, ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിലെ 14 മില്യൺ ജനങ്ങളും അധികമായി പട്ടിണി നേരിട്ടു. ജനസംഖ്യയിൽ പകുതിയും ഇന്നും ആരോഗ്യകരമായ ഭക്ഷണം ഉറപ്പാക്കാൻ കഴിയാത്തവരാണ്. അഞ്ച് വയസിൽ താഴെ പ്രായമുള്ള 150 മില്യൺ കുട്ടികളാണ് (22 ശതമാനം) ലോകമെങ്ങും പട്ടിണിയും വളർച്ചാമുരടിപ്പും നേരിടുന്നത്. അമ്മമാരിലെ പട്ടിണിയും പോഷകക്കുറവും നിമിത്തം, “ഏഴു കുട്ടികളിൽ ഒന്ന്” എന്ന കണക്കിൽ ഭാരക്കുറവുമായാണ് ജനിച്ചു വീഴുന്നത്.


ഇതുകൂടി വായിക്കൂ: കര്‍ഷകര്‍ വീണ്ടും പ്രക്ഷോഭത്തിലേക്ക് തിരിയുമ്പോള്‍  


ഭക്ഷ്യനഷ്ടവും ഭക്ഷണം പാഴാക്കലും നിയന്ത്രിക്കുന്നതിനുള്ള ആഗോളമുന്നേറ്റം അനിവാര്യമായിട്ടുള്ളത് ഇക്കാരണങ്ങളാലാണ്. ഉല്പാദകരായ കർഷകരിൽ തുടങ്ങി, ഉപഭോക്താക്കളായ ജനങ്ങളിൽ എത്തിച്ചേരുന്ന ഭക്ഷ്യ വിതരണ ശൃംഖല; ഉല്പാദനം, വിളവെടുപ്പ്, വിളവെടുപ്പാനന്തര പരിചരണം, സംഭരണം, ഗതാഗതം, സംസ്കരണം, മൂല്യവർധനവ്, മൊത്ത‑ചില്ലറ വ്യാപാരം, ഭക്ഷണമൊരുക്കൽ, ഉപഭോഗം എന്നിങ്ങനെ നിരവധി തലങ്ങളിലൂടെ കടന്നുപോകുന്നു. ലോക ഭക്ഷ്യ കാർഷിക സംഘടനയുടെ കണക്കുകൾ പ്രകാരം, ഏതാണ്ട് 14ശതമാനം ഭക്ഷ്യധാന്യങ്ങളാണ് വിളവെടുപ്പിനും മൊത്തവ്യാപാര വിപണികൾക്കുമിടയിൽ നഷ്ടമാകുന്നത്. ചില്ലറ വില്പനയിലും ഉപഭോക്തൃ തലത്തിലും ഉണ്ടാകുന്ന ഭക്ഷ്യനഷ്ടം ഇതിലും കൂടുതലാണ്. മൊത്തം ഭക്ഷ്യോല്പാദനത്തിന്റെ ഏതാണ്ട് 17 ശതമാനമാണ് ഈ വിധത്തിൽ നഷ്ടമാകുന്നത്. 2021ൽ യുഎൻഇപി പുറത്തിറക്കിയ ആദ്യത്തെ “ഫുഡ്‌വേസ്റ്റ് ഇൻഡക്സ്” റിപ്പോർട്ട് പ്രകാരം, വീടുകളിലും ഭക്ഷ്യവില്പന‑സേവന ശൃംഖലയിലുമായി പ്രതിവർഷം പാഴാക്കിക്കളയുന്ന ഭക്ഷണം 931 മില്യൺ ടൺ ആണ്. ഇതിൽ, 570 മില്യൺ ടണ്ണും പാഴാക്കിക്കളയുന്നത് വീടുകളിൽ നിന്നുമാണ്. ഓരോ വ്യക്തിയും തങ്ങളുടെ വീടുകളിൽ പ്രതിവർഷം പാഴാക്കുന്ന ശരാശരി ഭക്ഷണം 75 കിലോയാണെന്നും ഈ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഭക്ഷ്യനഷ്ടത്തിലേക്കും ഭക്ഷണം പാഴാക്കലിലേക്കും വഴിതെളിക്കുന്ന വസ്തുതകൾ, ലോക ഭക്ഷ്യ കാർഷിക സംഘടന അക്കമിട്ടു നിരത്തിയിട്ടുണ്ട്.

ഡിമാൻഡ് മനസിലാക്കാതെയും വാണിജ്യ സാധ്യതകൾ നോക്കാതെയുമുള്ള ഉല്പാദനം, വിലയിടിവും ഗുണനിലവാര മാനദണ്ഡങ്ങൾ വച്ചുള്ള തരംതിരിവുംമൂലം കൃഷിയിടത്തിൽത്തന്നെ ഉല്പന്നങ്ങൾ ഉപേക്ഷിക്കപ്പെടുന്നത്, അശ്രദ്ധമായി ഉല്പന്നങ്ങൾ കൈകാര്യം ചെയ്യപ്പെടുന്നത്, വിളവെടുപ്പിനു മുമ്പുള്ള കാലാവസ്ഥാ ഘടകങ്ങൾ തുടങ്ങി നിരവധി കാരണങ്ങളാണ് കൃഷിയിടത്തിലെ നഷ്ടങ്ങൾക്ക് ഇടയാക്കുന്നത്. സംഭരണത്തിനും ചരക്കുനീക്കത്തിനുമുള്ള പരിമിതികൾ, സംഭരണത്തിലും ചരക്കുനീക്കത്തിലും ചൂടും ആർദ്രതയും നിയന്ത്രിക്കുന്നതിലുണ്ടാകുന്ന പിഴവ്, ശീതീകരിച്ച സംഭരണികളുടെയും വാഹനങ്ങളുടെയും കുറവ് തുടങ്ങിയവയും വലിയതോതിൽ ഭക്ഷ്യ നഷ്ടത്തിനിടയാക്കുന്നു. സംസ്കരിച്ചും മൂല്യവർധനവ് നടത്തിയും ഉല്പന്നങ്ങൾ കരുതിവയ്ക്കുവാൻ കഴിയാത്തതും നഷ്ടത്തിന്റെ പ്രധാന കാരണങ്ങളിലൊന്നാണ്. വികസിത രാജ്യങ്ങളിലെപ്പോലെ കോൾഡ് ചെയിൻ സംവിധാനമൊരുക്കാൻ വികസ്വര രാജ്യങ്ങൾക്കു കഴിഞ്ഞിരുന്നുവെങ്കിൽ ഏതാണ്ട് 200 മില്യൺ ടൺ ഭക്ഷ്യനഷ്ടം കുറയ്ക്കുവാൻ കഴിയുമായിരുന്നുവെന്നാണ് ഇന്റർനാഷണൽ റെഫ്രിജറേഷൻ ഇൻസ്റ്റിറ്റ്യൂട്ടിന്റെ കണക്കുകൾ പറയുന്നത്. മെച്ചപ്പെട്ട ഊർജ ഉപഭോഗം വഴി കാർബൺ ഉത്സർജനം കുറയ്ക്കുവാനും ഇതുവഴി കഴിയുമായിരുന്നുവെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. മൊത്ത‑ചില്ലറ വില്പന മേഖലകളാണ്.


ഇതുകൂടി വായിക്കൂ:  വിലക്കയറ്റവും പണപ്പെരുപ്പവും ദരിദ്രര്‍ക്ക് വിനാശകരം


ഭക്ഷ്യനഷ്ടം ഉണ്ടാകുന്ന മറ്റൊരു തലം. ആവശ്യത്തിലധികം സാധനങ്ങൾ സ്റ്റോക്ക് ചെയ്യുന്നതും പെട്ടെന്ന് നശിച്ചുപോകുന്നതുമായ ഉല്പന്നങ്ങൾ നിശ്ചിത കാലാവധിക്ക്മുമ്പ് വിറ്റഴിക്കാൻ കഴിയാത്തതും ലേബലിങ്ങിലെ അപാകതകളുമാണ് ഇവിടെ സംഭവിക്കുന്നത്. സ്വീഡനിൽ നടത്തിയ ഒരു സർവേയിൽ തെളിഞ്ഞത് അവിടത്തെ ഭക്ഷ്യനഷ്ടത്തിന്റെ നാലിലൊന്നും സംഭവിക്കുന്നത്, വലിയ പാക്കിലുള്ള സാധനങ്ങൾ വാങ്ങേണ്ടി വരുന്നതുമൂലമാണെന്നാണ്. വീടുകളിലും ഭക്ഷണം തയാറാക്കുന്ന മറ്റിടങ്ങളിലും ഭക്ഷ്യവസ്തുക്കൾ ആവശ്യത്തിലധികം ശേഖരിക്കുന്നതും ഒരാൾക്ക് വേണ്ടതിലധികം ഭക്ഷണം പകർന്നുനല്കുന്നതുമാണ് ഭക്ഷണം പാഴാകുന്നതിൽ പ്രധാന കാരണമെന്നു പറയേണ്ടതില്ലല്ലോ. വില്പനശാലകൾ നടത്തുന്ന പരസ്യങ്ങൾപോലും ഭക്ഷ്യനഷ്ടം കൂട്ടുന്നതിൽ നിർണായകമാണ്. “ഒന്നെടുത്താൽ ഒന്ന് സൗജന്യം” എന്നത് ആകർഷകമായ പരസ്യമായി തോന്നാമെങ്കിലും ആവശ്യത്തിലധികം ഭക്ഷ്യവസ്തുക്കൾ വാങ്ങുന്നതിനും പാഴാക്കിക്കളയുന്നതിനുമാണ് അതിടയാക്കുന്നത്. ഭക്ഷ്യനഷ്ടവും ഭക്ഷണം പാഴാക്കലും നിയന്ത്രിക്കുവാൻ കഴിഞ്ഞാൽ, 2050ലെ ആഗോള ഭക്ഷ്യോല്പാദന ലക്ഷ്യം കൈവരിക്കുന്നതിലെ സമ്മർദ്ദം ആറ് മുതൽ 16 ശതമാനം വരെ കുറയ്ക്കുവാൻ കഴിയുമെന്നാണ് ലോക ഭക്ഷ്യ കാർഷിക സംഘടന കണക്കുകൂട്ടുന്നത്. അമൂല്യമായ ശുദ്ധജലത്തിന്റെ 70 ശതമാനത്തോളം ഉപയോഗപ്പെടുത്തുന്നത് കാർഷിക മേഖലയാണ്. ഭക്ഷ്യനഷ്ടവും ഭക്ഷണം പാഴാക്കലും വഴി നഷ്ടപ്പെടുന്ന ഉല്പന്നങ്ങൾ കൃഷിചെയ്തുണ്ടാക്കുവാൻ ഉപയോഗിക്കപ്പെടുന്ന ശുദ്ധജലത്തിന്റെ അളവ് ഏതാണ്ട് 250 ക്യൂബിക് മീറ്ററാണ്. ഇത് മൊത്തം ജല ഉപയോഗത്തിന്റെ ആറ് ശതമാനമാണ്.

ഭക്ഷ്യനഷ്ടവും ഭക്ഷണം പാഴാക്കലും ഒഴിവാക്കിയാൽ, ആഗോള കാർഷിക ഭക്ഷ്യവ്യവസ്ഥയിൽ ഉപയോഗിക്കുന്ന ഊർജ ഉപഭോഗം 38 ശതമാനം വരെ കുറയ്ക്കുവാൻ കഴിയും. മാത്രവുമല്ല, ഇത്രയും ഉല്പന്നങ്ങൾ കൃഷിചെയ്തുണ്ടാക്കുവാൻ ഉപയോഗിക്കുന്ന കൃഷിഭൂമി മൊത്തം കൃഷിഭൂമിയുടെ 30 ശതമാനം ആണെന്നതും പ്രധാനമാണ്. ഇതിലെല്ലാം ഉപരി, ഭക്ഷ്യനഷ്ടവും ഭക്ഷണം പാഴാക്കലും വഴിയുണ്ടാകുന്ന ഹരിതഗൃഹ വാതക ഉത്സർജനം ഏതാണ്ട് 8–10 ശതമാനം ആണെന്നുള്ളതാണ്. 1990 മുതൽ 2019 വരെയുള്ള കാലഘട്ടത്തിൽ കാർഷിക ഭക്ഷ്യ വ്യവസ്ഥകളിൽ നിന്നുള്ള കാർബൺ ഉത്സർജനത്തിൽ 17 ശതമാനം വർധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇതിന്റെ പ്രധാന കാരണങ്ങളിലൊന്നായി ചൂണ്ടിക്കാണിക്കപ്പെടുന്നത്, വർധിച്ചുവരുന്ന ഭക്ഷ്യനഷ്ടവും ഭക്ഷണം പാഴാക്കലുമാണ്. ഇന്ത്യയിലെ ഭക്ഷ്യനഷ്ടം സംബന്ധിച്ച യഥാർത്ഥ കണക്കുകൾ ലഭ്യമല്ലെങ്കിലും ഉല്പാദന വിതരണ ശൃംഖലയിൽ ശരാശരി 18 മുതൽ 25 ശതമാനം വരെ നഷ്ടം സംഭവിക്കുന്നുവെന്നാണ് കണക്ക്. പഴം-പച്ചക്കറികളുടെ കാര്യത്തിൽ ഇത് 45 ശതമാനമാണ്. ഭക്ഷ്യനഷ്ടവും ഭക്ഷണം പാഴാക്കലും രാജ്യത്തെ കാർഷിക ഭക്ഷ്യവ്യവസ്ഥകളിലെ അപര്യാപ്തതകളിലേക്കും കാര്യക്ഷമതയില്ലായ്മയിലേക്കുമാണ് വിരൽ ചൂണ്ടുന്നത്. ഭക്ഷ്യനഷ്ടത്തിനുള്ള പ്രധാന കാരണങ്ങളിലൊന്ന്, ആവശ്യമായ സംഭരണ ശേഖരണ സംവിധാനങ്ങൾ നമുക്കില്ല എന്നുള്ളതാണ്. മുഖ്യ സംഭരണ ഏജൻസിയായ ഫുഡ് കോർപറേഷന്റെ ഗോഡൗണുകളിൽപ്പോലും മെച്ചപ്പെട്ട സൗകര്യങ്ങൾ ഒരുക്കുവാൻ നമുക്കായിട്ടില്ല. “ഓപ്പറേഷൻ ഗ്രീൻ” തുടങ്ങി ഇപ്പോൾ നടത്തിവരുന്ന ശ്രമങ്ങൾ ഭക്ഷ്യനഷ്ടം കുറയ്ക്കുന്നതിന് സഹായകമാണെങ്കിലും ശക്തമായ ഒരു ദേശീയ നയം ഇനിയും ഉരുത്തിരിഞ്ഞു വരേണ്ടതുണ്ട്.


ഇതുകൂടി വായിക്കൂ:  അരിവിലക്കയറ്റം തടയുവാന്‍ കേന്ദ്ര നടപടി വേണം  


എന്നാൽ ഒരു ന്യായീകരണവും ഇല്ലാത്തത്, ഉപഭോക്തൃ തലത്തിൽ നാം പാഴാക്കിക്കളയുന്ന ഭക്ഷണത്തിന്റെ കാര്യത്തിലാണ്. യുഎൻ “ഫുഡ്‌വേസ്റ്റ് ഇൻഡക്സ്” റിപ്പോർട്ട് പ്രകാരം, ഇന്ത്യയിൽ പാഴാക്കിക്കളയുന്ന ഭക്ഷണത്തിന്റെ ആളോഹരി വാർഷിക വിഹിതം 63 മുതൽ 90 കിലോവരെയാണ്. ഇതിൽ വീടുകളിൽ നിന്നുമാത്രം പാഴാക്കിക്കളയുന്നത് 50 കിലോഗ്രാം ആണ്. ഇതിനർത്ഥം, പ്രതിവർഷം 6,87,60,163 ടൺ ഭക്ഷണം ഉപഭോഗതലത്തിൽ പാഴാക്കിക്കളയുന്നുവെന്നാണ്. മുംബൈ മുൻസിപ്പൽ കോർപറേഷന്റെ 2020–21ലെ പരിസ്ഥിതി റിപ്പോർട്ട് പ്രകാരം, പ്രതിദിനം മുംബൈയിൽ ഉല്പാദിപ്പിക്കപ്പെടുന്ന 6,500–6,800 ടൺ ഖരമാലിന്യങ്ങളിൽ 72.6 ശതമാനവും പാഴാക്കപ്പെടുന്ന ഭക്ഷ്യവസ്തുക്കളാണ്. ഡൽഹിയിലെ പ്രധാനപ്പെട്ട പഴം-പച്ചക്കറി വിതരണ ശൃഖലയായ സഫൽ, തങ്ങളുടെ 400ൽ അധികം വരുന്ന ഔട്ട്‌ലെറ്റുകളിലൂടെ പ്രതിദിനം പാഴാക്കുന്നത് ഏതാണ്ട് 7.5 ടൺ ഭക്ഷ്യവസ്തുക്കളാണെന്ന് കഴിഞ്ഞവർഷം റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. 2000 പേർക്ക് സുഭിക്ഷമായി ഒരുക്കുവാൻ കഴിയുന്ന ഭക്ഷണമാണ് ഈവിധത്തിൽ നഷ്ടമാകുന്നത്.

ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും സെമിനാറുകളിലും ഉന്നതതല മീറ്റിങ്ങുകളിലും കല്യാണപ്പാർട്ടികളിലും മറ്റ് ആഘോഷങ്ങളിലുമൊക്കെ ഭക്ഷണം പാഴാകുന്നത് പതിവ് കാഴ്ചയായി മാറിയിരിക്കുന്നു. ഭക്ഷണം അമൃതും, അത് പാഴാക്കുന്നത് പാപവുമാണെന്ന ചിന്തയ്ക്ക് സ്ഥാനമുണ്ടായിരുന്ന ഒരു രാജ്യത്താണ് ഇത് സംഭവിക്കുന്നത്. ഒരുപക്ഷെ, ഭക്ഷ്യനഷ്ടവും ഭക്ഷണം പാഴാക്കലും ഒഴിവാക്കി, നമ്മുടെ ഭക്ഷ്യോല്പാദനം പൂർണതോതിൽ ഉപയോഗപ്പെടുത്തുവാൻ കഴിഞ്ഞിരുന്നെങ്കിൽ ഇന്ത്യൻ ജനതയ്ക്ക് വിശപ്പിൽനിന്നും പൂർണമോചനം കിട്ടുമായിരുന്നു. ഭക്ഷ്യോല്പാദനം പ്രകൃതിയുടെയും പരിസ്ഥിതിയുടെയും ദാനം കൂടിയാണ്. ഭക്ഷ്യനഷ്ടവും ഭക്ഷണം പാഴാക്കലും പ്രകൃതിക്കും പരിസ്ഥിതിക്കുംമേൽ അനാവശ്യ സമ്മർദ്ദമാണ് സൃഷ്ടിക്കുന്നത്. കഴിഞ്ഞവർഷം ഐക്യരാഷ്ട്രസഭ വിളിച്ചുചേർത്ത ലോക ഭക്ഷ്യ ഉച്ചകോടിയിൽ യുഎൻ സെക്രട്ടറി ജനറൽ പ്രസ്താവിച്ചതുപോലെ, “ഭക്ഷണം വെറുമൊരു വില്പനച്ചരക്കല്ല”. അത് നമ്മുടെ അവകാശമാണ്. എന്നാൽ അത് പാഴാക്കിക്കളയുവാനുള്ള അവകാശവും നമുക്കില്ല. കാലാവസ്ഥാ വ്യതിയാനത്തോടു മല്ലടിച്ച് നമ്മുടെ കർഷകർ ഉല്പാദിപ്പിക്കുന്ന ഒരുമണി ധാന്യവും നമ്മൾ പാകം ചെയ്യുന്ന ഒരിറ്റു വറ്റും പാഴായിപ്പോകാനും പാഴാക്കിക്കളയുവാനും പാടുള്ളതല്ല. ഭക്ഷണം പാഴാക്കുമ്പോൾ നാമോർക്കേണ്ടത് നമ്മെ അന്നമൂട്ടാൻ പാടുപെടുന്ന കർഷകരെയും, ഒരുനേരത്തെ ഭക്ഷണത്തിനു വകയില്ലാതെ ജീവിതം ഹോമിക്കുന്ന കോടിക്കണക്കിനു ജനങ്ങളേയുമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.