ലോക ഓസ്റ്റിയോപൊറോസിസ് ദിനം എല്ലാ വര്‍ഷവും ഒക്ടോബര്‍ 20 നു ആചരിക്കുന്നു. ഓസ്റ്റിയോപൊറോസിസ് പ്രതിരോധം, രോഗനിര്‍ണ്ണയം, ചികിത്സ എന്നിവെയക്കുറിച്ചുള്ള ആഗോള ബോധവത്കരണം ആണ് ഈ ദിനം ആചരിക്കുന്നതിന്റെ ലക്ഷ്യം. വൈദ്യശാസ്ത്രത്തിലെ പുരോഗമനത്തോടെ ഓസ്റ്റിയോപൊറോസിസും അതിനാല്‍ ഉണ്ടാകാവുന്ന എല്ലുകളിലെ ഒടിവുകളും തടയുവാനും ചികിത്സിക്കുവാനും കഴിയുന്നതാണ്. പ്രായം ഏറുന്നത് കൊണ്ടും ശരീരത്തില്‍ ഉണ്ടാകുന്ന ഹോര്‍മോണില്‍ വരുന്ന വത്യാസങ്ങള്‍ കൊണ്ടും ഉണ്ടാകുന്ന എല്ലുകളുടെ ബലക്കുറവിനെ ആണ് ഓസ്റ്റിയോപൊറോസിസ് എന്ന് പറയുന്നത്. സ്ത്രീകളില്‍ ആര്‍ത്തവ വിരാമത്തിനുശേഷം രണ്ടില്‍ ഒരാള്‍ക്ക് എന്ന നിരക്കില്‍ ആണ് ഓസ്റ്റിയോപൊറോസിസ് കാരണമുള്ള എല്ലുകളിലെ ഒടിവുകള്‍ കാണപ്പെടുന്നത്. എഴുപതു വയസ്സിനു ശേഷം ഓരോ 5 വര്‍ഷത്തിലും ഇടുപ്പിലെ എല്ലുകളില്‍ ഒടിവുണ്ടാകാനുള്ള സാധ്യത ഇരട്ടി ആകുന്നു. വൃക്കരോഗം, കരള്‍ രോഗം , വിറ്റാമിന്‍ ഡി യുടെ കുറവ്, ദീര്‍ഘകാല സ്റ്റിറോയ്ഡ് മരുന്ന് ഉപയോഗം കൊണ്ടും ഓസ്റ്റിയോപൊറോസിസ് ഉണ്ടാകാം. ഓസ്റ്റിയോപൊറോസിസ് എല്ലുകളെ ദുര്‍ബലമാക്കുകയും ചെറിയ വീഴ്ചകള്‍ മൂലം എല്ലുകളില്‍ പൊട്ടലുണ്ടാകുകയും ചെയ്യുന്നു. ഇത് ലോകമെമ്പാടുമുള്ള ആളുകളെ ബാധിക്കുന്ന ഒന്നാണെങ്കിലും പല കാരണങ്ങളാല്‍ ഓസ്റ്റിയോപൊറോസിസ് കാരണമുള്ള എല്ലുകളിലെ ഒടിവ് കൂടുതലായും ഇന്ത്യക്കാരിലും മറ്റു ദക്ഷിണ ഏഷ്യന്‍ രാജ്യക്കാരിലും ആണ് അധികമായി കാണപ്പെടുന്നത്. ഇന്ന് ആഗോളതലത്തില്‍ ഏകദേശം 200 ദശലക്ഷം ആളുകളെ ഓസ്റ്റിയോപൊറോസിസ് ബാധിച്ചതായി കണക്കാക്കപ്പെടുന്നു, അവരില്‍ 50 ദശലക്ഷം ഇന്ത്യയിലാണ്.
ഇന്ന് മനുഷ്യരാശിയുടെ മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി ഉയര്‍ത്തുന്ന ആരോഗ്യ പ്രശ്‌നം ഹൃദ്രോഗമാണെങ്കില്‍ , ഓസ്റ്റിയോപൊറോസിസ് ഇതിന്റെ തൊട്ടുപിന്നില്‍ തന്നെയുണ്ട്. കാരണങ്ങളും ലക്ഷണങ്ങളും പ്രായാധിക്യം, വിറ്റാമിന്‍ ഡി, കാല്‍സ്യം, മറ്റ് അവശ്യ ധാതുക്കള്‍ എന്നിവയുടെ കുറവ്, കഫീന്‍, മദ്യം, പുകവലി, നിഷ്‌ക്രിയമായ ജീവിതശൈലി എന്നിവയുടെ അഭാവം ഈ രോഗം പിടിപെടാനുള്ള നിങ്ങളുടെ സാദ്ധ്യതകള്‍ വര്‍ധിപ്പിക്കുന്നു . തൈറോക്‌സിന്‍, കോര്‍ട്ടികോസ്റ്റീറോയിഡുകള്‍, ഹെപ്പാരിന്‍, ആന്റികണ്‍വള്‍സന്റുകള്‍, ലിഥിയം തുടങ്ങിയ ചില മരുന്നുകള്‍ തുടര്‍ച്ചയായി എടുക്കുന്നതും ഓസ്റ്റിയോപൊറോസിസിനു കാരണമാകുന്നു. ഓസ്റ്റിയോപൊറോസിസ് അതിന്റെ യഥാര്‍ത്ഥ അര്‍ത്ഥത്തില്‍ ഒരു നിശബ്ദ രോഗമാണ്, കാരണം ഇത് രോഗലക്ഷണങ്ങള്‍ ഉണ്ടാക്കില്ല. അവ്യക്തമായ നടുവേദന, ഉയരം കുറയുക അല്ലെങ്കില്‍ പുറം വളഞ്ഞു പോവുക എന്നിവയാണ് രോഗത്തിന്റെ സാധാരണ ലക്ഷണങ്ങള്‍. രോഗനിര്‍ണയവും പ്രതിരോധവും ഡ്യുവല്‍ എനര്‍ജി എക്‌സ്റേ അബ്‌സോര്‍പിയോമെട്രി, സ്‌കാനിംഗ് രീതി, 65 വയസ്സിനു മുകളിലുള്ള എല്ലാ സ്ത്രീകളെയും അതുപോലെ ഒടിവുണ്ടാകാനുള്ള സാധ്യത കൂടുതലുള്ള വ്യക്തികളെയും പരിശോധിക്കാന്‍ വ്യക്തികള്‍ക്കും ടെക്‌സ സ്‌കാന്‍ ചെയ്യാന്‍ ആരോഗ്യ സംഘടനകള്‍ ശുപാര്‍ശ ചെയ്യുന്നു.
എഴുപതു വയസ്സിനു മുകളില്‍ പ്രായമുള്ള എല്ലാ പുരുഷന്മാരെയും പരിശോധിക്കാന്‍ ശുപാര്‍ശകളുണ്ട്. സമീകൃതാഹാരവും സജീവമായ ജീവിതശൈലിയും പൊതുവായ അസ്ഥി ആരോഗ്യത്തിന് ഗുണം ചെയ്യുന്നു. വ്യായാമത്തിലൂടെ ശരീരത്തിന്റെ ബാലന്‍സ്, ഏകോപനം, വഴക്കം എന്നിവ മെച്ചപ്പെടുത്തുന്നതിലൂടെ വീഴ്ചകളും ഒടിവുകളും തടയാന്‍ സാധിക്കും . പുകവലിയും മദ്യപാനവും ഒഴിവാക്കുന്നതിലൂടെ ഓസ്റ്റിയോപൊറോസിസിന്റെ പ്രതിരോധം ശക്തമാക്കാനാകും . ഇന്ന് നമുക്ക് അസ്ഥി രോഗ ചികിത്സയില്‍ മെച്ചപ്പെട്ട ഇംപ്ലാന്റുകളും ഫിക്‌സേഷന്‍ ടെക്‌നിക്കുകളുമുണ്ട്, അതിനാല്‍ ഓസ്റ്റിയേപൊറോസിസ് മൂലമുള്ള എല്ലുകളിലെ ഒടിവുകള്‍ മികച്ച രീതിയില്‍ ഓപ്പറേഷന്‍ ചെയ്തു ഉറപ്പിക്കാനും ഉടന്‍ തന്നെ രോഗിക്ക് നടക്കാനും സാധിക്കും .നിര്‍ഭാഗ്യവശാല്‍, ഈ അസ്ഥിരോഗം പലപ്പോഴും അവഗണിക്കപ്പെടുന്നു. ഫലപ്രദമായ പ്രതിരോധവും ചികിത്സാ രീതികളും ഉപയോഗിച്ച്, ഈ ഒടിവുകള്‍ പലതും തടയാന്‍ കഴിയും. ഓർക്കുക, ചികിത്സയേക്കാള്‍ പ്രതിരോധമാണ് നല്ലത്!
ഡോ. അർജുൻ ആർ പ്രസാദ്
ഓർത്തോപീഡിക് സർജൻ
SUT പട്ടം, തിരുവനന്തപുരം