Site iconSite icon Janayugom Online

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്; ദക്ഷിണാഫ്രിക്ക ഫൈനലിന് അരികെ, ഇന്ത്യയും ഓസീസും തമ്മില്‍

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെത്താനുള്ള വീറും വാശിയേറിയതുമായ പോരാട്ടങ്ങള്‍ നടക്കുകയാണ്. ഓരോ ടെസ്റ്റ് മത്സരവും കഴിയുമ്പോള്‍ ഒന്നാം സ്ഥാനത്തിന് ഒരു ടീമിനും സ്ഥിരമായി നില്‍ക്കാന്‍ സാധിക്കുന്നില്ല. ബോര്‍ഡര്‍ ഗവാസ്കര്‍ ട്രോഫിയിലെ രണ്ടാം പോരാട്ടത്തിന് മുമ്പ് വരെ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ഇന്ത്യ ഇപ്പോള്‍ മൂന്നാമതാണ്. രണ്ടാം ടെസ്റ്റിലെ വിജയത്തോടെ ഓസ്ട്രേലിയ തലപ്പത്തെത്തിയിരുന്നു. എന്നാല്‍ ശ്രീലങ്കയ്ക്കെതിരായ ജയത്തോടെ കഴിഞ്ഞ ദിവസം ഓസീസിനെ മറികടന്ന് ദക്ഷിണാഫ്രിക്കയാണ് ഇപ്പോള്‍ ഒന്നാമത്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം പരമ്പരയിലെ ഇനിയുള്ള മൂന്ന് മത്സരങ്ങളിലും വിജയിച്ചാലെ മറ്റു ടീമുകളുടെ ഫലത്തെ ആശ്രയിക്കാതെ ഫൈനലിലെത്താനാകൂ. ആദ്യ രണ്ട് സ്ഥാനങ്ങളിലുള്ളവരാണ് ഫൈനലില്‍ ഏറ്റുമുട്ടുക.
ശ്രീലങ്കയുമായി നാട്ടില്‍ നടന്ന രണ്ടു ടെസ്റ്റുകളുടെ പരമ്പര തൂത്തുവാരിയതോടെ ദക്ഷിണാഫ്രിക്ക ഫൈനലിന് അരികെയാണ്. 

നിലവില്‍ അവരുടെ ഫൈ­നല്‍ സാധ്യത 98 ശതമാനമാണെന്നതാണ് എടുത്തു പറയേണ്ട കാര്യം. അ­തായത് ദക്ഷിണാഫ്രിക്ക ഫൈനലിന് സീറ്റുറപ്പിച്ചപോലെ തന്നെയാണ്. ഡബ്ല്യുടിസി ഫൈനലിന് മുമ്പ് ദക്ഷിണാഫ്രിക്കയ്ക്ക് ഇനി രണ്ടു ടെസ്റ്റുകള്‍ കൂടിയാണ് ബാക്കിയുള്ളത്. ഇതില്‍ ഒന്നില്‍ മാത്രം ജയിക്കാനായാല്‍ അവര്‍ ഫൈനലിലേക്ക് മുന്നേറും. നിലവില്‍ ദക്ഷിണാഫ്രിക്കയുടെ പോയിന്റ് ശതമാനം 63.3 ആണ്. ഇനി ഫൈനലിനെത്തുന്ന മറ്റൊരു ടീം ഏതെന്ന് മാത്രം നോക്കിയാല്‍ മതി. ഓസ്ട്രേലിയയും ഇന്ത്യയുമാണ് ഈ സ്ഥാനത്തിനായി പോരാടുക.

ഓസ്ട്രേലിയയ്ക്കെതിരായ നിലവിലെ പരമ്പരയില്‍ ഇനി ഒരു ടെസ്റ്റില്‍ തോറ്റാല്‍ പോലും ഇന്ത്യയുടെ ഫൈനല്‍ സാധ്യതകള്‍ ഏതാണ്ട് അവസാനിക്കും. ഓസ്ട്രേലിയക്കെതിരായ അവശേഷിക്കുന്ന മൂന്ന് ടെസ്റ്റില്‍ രണ്ടെണ്ണം ജയിക്കുകയും ഒരെണ്ണം സമനിലയാക്കുകയും ചെയ്ത് 3–1 പരമ്പര നേടിയാലും ഇന്ത്യക്ക് മറ്റ് ടീമുകളെ ആശ്രയിക്കാതെ ഫൈനലിലെത്താം. എന്നാല്‍ ഓസ്ട്രേലിയക്കെതിരെ ഇന്ത്യ 3–2നാണ് ജയിക്കുന്നതെങ്കില്‍ കാര്യങ്ങള്‍ തകിടം മറിയും. ഓസ്ട്രേലിയയ്ക്ക് ഇനി ശ്രീലങ്കയുമായും മത്സരമുണ്ട്. പരമ്പരയില്‍ ശ്രീലങ്ക ഒരു ടെസ്റ്റെങ്കിലും സമനില പിടിച്ചാല്‍ ഇന്ത്യക്ക് ഫൈനലിലെത്താം. ഇന്ത്യയുടെ പോയിന്റ് ശതമാനം 58.8ശതമാനവും ഓസ്ട്രേലിയയുടേത് 57 ശതമാനത്തിലും താഴെ നിലനിര്‍ത്താന്‍ ശ്രീലങ്ക സമനില പിടിക്കണം. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ തുടര്‍ച്ചയായ രണ്ട് തവണ ഫൈനലിനെത്തിയിട്ടും കിരീടം നേ­ടാന്‍ ഇന്ത്യക്കായിട്ടില്ല.

Exit mobile version