Site icon Janayugom Online

അപകടങ്ങള്‍ നടക്കുമ്പോള്‍ ഇവ ചെയ്യാന്‍ പാടില്ല.….

ലോകമെമ്പാടും ഒക്ടോബര്‍ 17ന് ട്രോമാ ദിനമായി ആചരിക്കുന്നു. നമ്മുടെ ഇടയില്‍ ഉണ്ടാകുന്ന അപകടങ്ങള്‍ മൂലം ഒരു വ്യക്തിക്ക് പരിക്കുകളും വൈകല്യങ്ങളും മരണവും ഒക്കെ സംഭവിക്കുന്നു. ഈ വിഷയത്തെപ്പറ്റി പൊതുസമൂഹത്തില്‍ അവബോധം സൃഷ്ടിക്കുവാനും അതുവഴി അപകടങ്ങള്‍ കുറയ്ക്കുവാനും ലക്ഷ്യമിട്ടാണ് ഈ ദിനം ആചരിക്കുന്നത്.

ഒരു വ്യക്തിയുടെ ശരീരത്തില്‍ ഏല്‍ക്കുന്ന ഏതൊരു ക്ഷതവും ട്രോമ ആയിട്ടാണ് കണക്കാക്കുന്നത്. റോഡ് അപകടങ്ങള്‍, ഉയരത്തില്‍ നിന്നുള്ള വീഴ്ചകള്‍, തീപിടുത്തം മൂലമുള്ള അപകടങ്ങള്‍, പൊള്ളല്‍, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും എതിരെയുള്ള ഗാര്‍ഹിക പീഡനം എന്നിവ ട്രോമയില്‍ ഉള്‍പ്പെടുന്നു. പല കാരണങ്ങള്‍ കൊണ്ടും ഇവയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത് റോഡപകടങ്ങളാണ്. മിക്ക റോഡ് അപകടങ്ങളും ആള്‍ക്കാരില്‍ താല്‍ക്കാലികമായോ ശാശ്വതമായോ ഗുരുതരമായ വൈകല്യങ്ങള്‍ ഉണ്ടാക്കുന്നതാണ്.

പഠനങ്ങളില്‍ നിന്നും നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നത് ലോകത്താകമനം 5 ലക്ഷം ആള്‍ക്കാര്‍ റോഡ് അപകടങ്ങള്‍ മൂലം മരണപ്പെടുന്നു. ഇന്ത്യയില്‍ മാത്രം 10 ലക്ഷത്തോളം ആള്‍ക്കാരാണ് ഒരു വര്‍ഷം മരണപ്പെടുന്നത്. 20 ലക്ഷം ആളുകള്‍ ആശുപത്രികളില്‍ പ്രവേശിക്കപ്പെടുകയും ചെയ്യുന്നു. ഇന്ത്യയിലെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ മനസ്സിലാകുന്നത്, ഓരോ വര്‍ഷവും ശരാശരി 2 — 2.5 ലക്ഷം റോഡ് അപകടങ്ങള്‍ നടക്കുന്നു എന്നതാണ്. അപകടത്തിന്റെ എണ്ണത്തിന് അനുപാതമായി മരണങ്ങളും വൈകല്യങ്ങളും ഉണ്ടാകുന്നു. ഈ അപകടങ്ങള്‍ കൂടുതലും കണ്ടുവരുന്നത് ചെറുപ്പക്കാരിലാണ്. ഇത്തരം അപകടങ്ങളിലൂടെ അവരുടെ ജീവിത നിലവാരത്തില്‍ ഗുരുതരമായ വീഴ്ച സംഭവിക്കുന്നു. ചില അപകടങ്ങള്‍ മൂലം മരണം വരെ സംഭവിക്കുന്നു, അതുവഴി പുതുതലമുറയുടെ കാര്യപ്രാപ്തി സമൂഹത്തിന് നഷ്ടമാകുന്നു.

റോഡ് അപകടങ്ങള്‍ക്ക് വഴിതെളിക്കുന്ന മറ്റു പ്രധാന കാരണങ്ങള്‍ റോഡുകളുടെ രൂപകല്പനയും അവയുടെ അവസ്ഥയുമാണ്. മതിയായ മുന്നറിയിപ്പ് ബോര്‍ഡുകളുടെ അഭാവവും മോശം നിലവാരത്തിലുള്ള റോഡ് നിര്‍മ്മാണവുമാണ് മറ്റു അപകട ഘടകങ്ങള്‍.

അപകടങ്ങളും അതുമൂലം ശരീരത്തിന് സംഭവിക്കുന്ന ഗുരുതര പ്രശ്‌നങ്ങളും നമുക്ക് വലിയൊരു പരിധിവരെ പ്രതിരോധിക്കാനാകും. ഒരു സാധാരണ പൗരന്‍ എന്ന നിലയ്ക്ക് നമ്മള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

·     റോഡ് നിയമങ്ങള്‍ കര്‍ശനമായി പാലിക്കുക.

·     റോഡ് സിഗ്‌നലുകള്‍ക്കും ട്രാഫിക് സിഗ്‌നലുകളിലും ശ്രദ്ധ ചെലുത്തുക.

·     ഇരുചക്ര വാഹനങ്ങളില്‍ യാത്ര ചെയ്യുമ്പോള്‍ നിര്‍ബന്ധമായും ഹെല്‍മറ്റ് ധരിക്കുക.

·     വാഹനം ഓടിക്കുമ്പോള്‍ മൊബൈല്‍ ഫോണിന്റെ ഉപയോഗം ഒഴിവാക്കുക.

·     ദൂര യാത്ര ചെയ്യുമ്പോള്‍ ഇടയ്ക്ക് ചെറിയ ഇടവേള നല്‍കി യാത്ര തുടരുക.

·     കുട്ടികളുടെ കൈയെത്തുന്ന രീതിയില്‍ ഇലക്ട്രിക് ഉപകരണങ്ങള്‍, സ്വിച്ചുകള്‍, കത്തിപോലുള്ള മൂര്‍ച്ചയുള്ള ഉപകരണങ്ങള്‍, മരുന്നുകള്‍ എന്നിവ വയ്ക്കാതിരിക്കുക.

·     വാഹന യാത്രയില്‍ കുട്ടികള്‍ക്കും സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കുക.

·     പ്രഥമ ശുശ്രൂഷ നല്‍കുന്നതിനുള്ള സൗകര്യം വാഹനങ്ങളില്‍ കരുതുക (First Aid Box).

·     ഒരു അപകടം സംഭവിക്കുമ്പോള്‍ ഉചിതമായ രീതിയില്‍ തീരുമാനമെടുക്കാനുള്ള അറിവ് നേടുവാന്‍ ശ്രമിക്കുക.

ഇത്തരം അപകടങ്ങള്‍ നടക്കുമ്പോള്‍ ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങള്‍

·     വാഹനം ഓടിക്കുമ്പോള്‍ ക്ഷീണിതന്‍ ആണെങ്കിലോ ഉറക്കം വരുന്നുണ്ടെങ്കിലോ ഉടന്‍ തന്നെ വാഹനം ഓടിക്കുന്നത് നിര്‍ത്തേണ്ടതാണ്. മദ്യപിച്ചിട്ടുണ്ടെങ്കില്‍ വാഹനം ഓടിക്കരുത്.

·     മറ്റുള്ളവര്‍ക്കും തനിക്കും അപകടം ഉണ്ടാക്കുന്ന രീതിയില്‍ വാഹനം ഓടിക്കാതിരിക്കുക.

·     അപകടത്തില്‍ കഴുത്തിനോ നട്ടെല്ലിനോ കാര്യമായ ക്ഷതം ഏറ്റിട്ടുണ്ടെങ്കില്‍ രോഗിയെ അനക്കാന്‍ ശ്രമിക്കരുത്. പാരാമെഡിക്കല്‍ സ്റ്റാഫിന്റെ സഹായത്തോടെ മാത്രമേ രോഗിയെ സ്ഥാനം മാറ്റാന്‍ പാടുള്ളൂ.

·     അബോധാവസ്ഥയില്‍ കിടക്കുന്ന ആള്‍ക്ക് വായില്‍ വെള്ളം ഒഴിച്ചു കൊടുക്കാന്‍ പാടില്ല.

ഒരു അപകടം സംഭവിക്കുമ്പോള്‍ ജീവന്‍ രക്ഷിക്കുന്നതിനും അടിയന്തിര സാഹചര്യങ്ങളില്‍ ശരിയായ രീതിയില്‍ എങ്ങനെ ഇടപെടണമെന്നും നമ്മുടെ സമൂഹത്തിലെ ഓരോ പൗരന്മാരും അവബോധരാവുക. അപകടങ്ങള്‍ ഒഴിവാക്കുന്നതാണ് ഉചിതമായ മാര്‍ഗ്ഗമെന്ന് മനസ്സിലാക്കുക.

ഡോ.മുഹമ്മദ് ഹനീഫ് എം.
HOD, അത്യാഹിത വിഭാഗം
SUT ഹോസ്പിറ്റൽ, പട്ടം

Exit mobile version