Site iconSite icon Janayugom Online

സോനം വാങ്ചുക്കിന്റെ ആരോഗ്യനിലയിൽ ആശങ്ക; വിദഗ്ധ ചികിത്സ ഉറപ്പാക്കാൻ സുപ്രീം കോടതി ഇടപെടൽ

ജോധ്പൂർ സെൻട്രൽ ജയിലിൽ ദേശീയ സുരക്ഷാ നിയമപ്രകാരം തടവിൽ കഴിയുന്ന പ്രമുഖ പരിസ്ഥിതി പ്രവർത്തകനും ശാസ്ത്രജ്ഞനുമായ സോനം വാങ്ചുക്കിന്റെ ആരോഗ്യനില വഷളായതിനെത്തുടർന്ന് അദ്ദേഹത്തെ ജോധ്പൂർ എയിംസിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാവിലെ കനത്ത സുരക്ഷയിലാണ് അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചത്. ജയിലിലെ മലിനമായ കുടിവെള്ളം കാരണം ആഴ്ചകളായി വാങ്ചുക് കടുത്ത വയറുവേദനയും ശാരീരിക അസ്വസ്ഥതകളും അനുഭവിക്കുന്നുണ്ടായിരുന്നുവെന്നാണ് സൂചന. വാങ്ചുക്കിന് വിദഗ്ധ ചികിത്സ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ഭാര്യ ഗീതാഞ്ജലി ആംഗ്മോ സുപ്രീം കോടതിയെ സമീപിച്ചു. കേസ് പരിഗണിച്ച സുപ്രീം കോടതി, ഒരു സർക്കാർ ആശുപത്രിയിലെ സ്പെഷ്യലിസ്റ്റ് ഡോക്ടറെക്കൊണ്ട് വാങ്ചുക്കിനെ പരിശോധിപ്പിക്കണമെന്നും അതിന്റെ റിപ്പോർട്ട് ഫെബ്രുവരി 2നകം മുദ്രവെച്ച കവറിൽ സമർപ്പിക്കണമെന്നും ജയിൽ അധികൃതർക്ക് കർശന നിർദ്ദേശം നൽകി.

Exit mobile version