Site iconSite icon Janayugom Online

ഇന്ത്യയിൽ മാധ്യമ സെൻസർഷിപ്പെന്ന് എക്സ്; റോയിട്ടേഴ്സ് വിലക്ക് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്രകാരം

ഇന്ത്യയില്‍ മാധ്യമ സെന്‍സര്‍ഷിപ്പുണ്ടെന്നും ഇക്കാര്യത്തില്‍ ആശങ്കയുണ്ടെന്നും സാമൂഹികമാധ്യമമായ ‘എക്സ്’. അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിന്റെ ഔദ്യോഗിക എക്സ് അക്കൗണ്ട് ഉള്‍പ്പെടെ ഇന്ത്യയില്‍ തടഞ്ഞതുമായി ബന്ധപ്പെട്ടാണ് രാജ്യത്ത് മാധ്യമ സെന്‍സര്‍ഷിപ്പുണ്ടെന്ന് ആരോപിച്ച് എക്സ് രംഗത്തെത്തിയത്. സര്‍ക്കാര്‍ ഉത്തരവ് പ്രകാരമാണ് റോയിട്ടേഴ്‌സിന്റെ ഉള്‍പ്പെടെയുള്ള അക്കൗണ്ടുകള്‍ ഇന്ത്യയില്‍ ബ്ലോക്ക് ചെയ്തതെന്നും എക്സ് പങ്കുവച്ച കുറിപ്പിലുണ്ട്. റോയിട്ടേഴ്‌സിന്റെ എക്സ് അക്കൗണ്ട് തടയാന്‍ നിര്‍ദേശം നല്‍കിയിട്ടില്ലെന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചിരുന്നത്. 

ഈ മാസം മൂന്നാം തീയതിയാണ് ഇന്ത്യന്‍ സര്‍ക്കാര്‍ 2,355 അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യാനായി ഉത്തരവിട്ടതെന്ന് എക്സ് ഗ്ലോബല്‍ ഗവണ്‍മെന്റ് അഫയേഴ്‌സ് ടീം പങ്കുവച്ച കുറിപ്പില്‍ പറയുന്നു. ഒരുമണിക്കൂറിനുള്ളില്‍ നടപടി സ്വീകരിക്കണമെന്നതായിരുന്നു ഐടി മന്ത്രാലയത്തിന്റെ ആവശ്യം. കാരണം വ്യക്തമാക്കാതെയായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവ്. ഇനിയൊരു അറിയിപ്പ് ലഭിക്കുന്നതുവരെ ഈ അക്കൗണ്ടുകളെല്ലാം ബ്ലോക്ക്‌ചെയ്ത നിലയില്‍ തുടരണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു. എന്നാല്‍, പൊതുജനങ്ങളുടെ പ്രതിഷേധത്തെത്തുടര്‍ന്ന് റോയിട്ടേഴ്‌സിന്റെയും റോയിട്ടേഴ്‌സ് വേള്‍ഡിന്റെയും അക്കൗണ്ടുകള്‍ അണ്‍ബ്ലോക്ക് ചെയ്യാന്‍ സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചെന്നും എക്സ് അറിയിച്ചു. 

Exit mobile version