Site icon Janayugom Online

യശ്വന്ത് സിൻഹ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി

രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തിന്റെ സംയുക്ത സ്ഥാനാർത്ഥിയായി മുൻ കേന്ദ്രമന്ത്രി യശ്വന്ത് സിൻഹയെ തീരുമാനിച്ചു. എൻസിപി തലവൻ ശരദ് പവാറിന്റെ അധ്യക്ഷതയിൽ ചേർന്ന പ്രതിപക്ഷ പാർട്ടി നേതാക്കളുടെ യോഗത്തിലാണ് തീരുമാനം. പ്രതിപക്ഷ പാര്‍ട്ടികള്‍ ആരാഞ്ഞപ്പോള്‍ സിൻഹ സ്ഥാനാർത്ഥിയാകാൻ സന്നദ്ധത അറിയിച്ചിരുന്നു.
ശരദ് പവാർ, നാഷനൽ കോൺഫറൻസ് തലവൻ ഫാറൂഖ് അബ്ദുല്ല, മഹമാത്മാ ഗാന്ധിയുടെ കൊച്ചുമകൻ ഗോപാൽകൃഷ്ണ ഗാന്ധി എന്നിവരുടെ പേരാണ് പ്രതിപക്ഷത്തിന്റെ സ്ഥാനാർത്ഥിയായി ഉയർന്നുകേട്ടിരുന്നത്. എന്നാൽ, മൂന്നുപേരും സ്ഥാനാർത്ഥിയാകാനില്ലെന്ന് അറിയിച്ചതോടെയാണ് പുതിയ ആളെ നിശ്ചയിച്ചത്.

ഇന്നു രാവിലെയാണ് സിൻഹയെ സ്ഥാനാര്‍ത്ഥിയാക്കുന്നതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ ആരംഭിച്ചത്. വിശാല പ്രതിപക്ഷ ഐക്യത്തിനായി നിലകൊള്ളേണ്ട സമയമാണിതെന്ന് സിൻഹ പ്രതികരിച്ചു.

വാജ്‌പേയി മന്ത്രിസഭയിൽ ധനമന്ത്രിയായിരുന്നു യശ്വന്ത് സിൻഹ. പിന്നീട് ബിജെപിയുടെ കടുത്ത വിമർശകനായി മാറി. ബിജെപി വിട്ട് തൃണമൂൽ കോൺഗ്രസിലെത്തിയ സിൻഹയെ സ്ഥാനാർഥിയാക്കാൻ തുടക്കത്തിൽ ആരും താത്പര്യം കാണിച്ചിരുന്നില്ല. കഴിഞ്ഞ ദിവസം മമതാ ബാനർജിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഇതുമായി ബന്ധപ്പെട്ട ആശങ്ക ഇവർ രേഖപ്പെടുത്തുകയും ചെയ്തു. തുടർന്ന് തൃണമൂലിൽനിന്ന് രാജിവച്ച് മത്സരിക്കണമെന്ന നിബന്ധന മുന്നോട്ടുവയ്ക്കുകയായിരുന്നു കോൺഗ്രസും ഇടതു പാർട്ടികളും. മമത ബാനർജി കഴിഞ്ഞയാഴ്ച വിളിച്ച യോഗത്തിൽ കോൺഗ്രസ് അടക്കം 17 പ്രതിപക്ഷ പാർട്ടികൾ പങ്കെടുത്തിരുന്നു.

Eng­lish sum­ma­ry; Yash­want Sin­ha is the Oppo­si­tion candidate
You may also like this video:

Exit mobile version