Site iconSite icon Janayugom Online

27ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും: ഇന്ത്യന്‍ ജനാധിപത്യത്തിന്റെ നിലനില്പിനായി പോരാടും: യശ്വന്ത് സിന്‍ഹ

രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ സംയുക്ത സ്ഥാനാര്‍ത്ഥി യശ്വന്ത് സിന്‍ഹ 27ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. പ്രചരണത്തിന്റെ ഭാഗമായി സാധ്യമായ എല്ലാ സംസ്ഥാനങ്ങളും സന്ദര്‍ശിക്കുമെന്നും യശ്വന്ത് സിന്‍ഹ ഇന്നലെ പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി.
നേതാക്കള്‍, എംപി, എംഎല്‍എ തുടങ്ങിയവരുമായി സംസ്ഥാന തലസ്ഥാനങ്ങളില്‍ പ്രചരണത്തിന്റെ ഭാഗമായി കൂടിക്കാഴ്ച നടത്താനാണ് ഉദ്ദേശിക്കുന്നത്. എല്ലാ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളെയും പിന്തുണ തേടി സന്ദര്‍ശിക്കുകയും ചര്‍ച്ച നടത്തുകയും ചെയ്യും. ഇതിനെല്ലാം പുറമെ രാജ്യത്തെ സാധാരണക്കാരന്റെ പിന്തുണയാണ് തേടുന്നതെന്നും സിന്‍ഹ വ്യക്തമാക്കി.
സംസ്ഥാന സര്‍ക്കാരുകളുടെ അവകാശങ്ങളും സ്വാതന്ത്ര്യങ്ങളും പിടിച്ചടക്കി ഭരണഘടനയുടെ ഫെഡറല്‍ സംവിധാനത്തിനെതിരെയുള്ള പോരാട്ടമാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നത്. ഇത് അംഗീകരിക്കാനാകില്ല. ജനഹിതത്തെ നോക്കുകുത്തിയാക്കി വഴിവിട്ട മാര്‍ഗങ്ങളിലൂടെ സ്വന്തമാക്കിയ പണം ഉപയോഗിച്ച് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ സത്തയെ കൊന്നൊടുക്കുന്ന നടപടിക്കെതിരെ രാഷ്ട്രപതിയുടെ അധികാരം ഉപയോഗിച്ച് സാധ്യമായ എല്ലാ പ്രതിരോധവും സൃഷ്ടിക്കുമെന്നും യശ്വന്ത് സിന്‍ഹ വ്യക്തമാക്കി.
രാജ്യം ഏറെ പ്രതിസന്ധിയിലൂടെയാണ് മുന്നേറുന്നത്. സാധാരണക്കാരനുവേണ്ടി ശബ്ദിക്കും. കര്‍ഷകര്‍, തൊഴിലാളികള്‍, തൊഴില്‍ രഹിതരായ യുവാക്കള്‍, സ്ത്രീകള്‍, സമൂഹത്തിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങള്‍ എന്നിവരുടെ കാര്യത്തില്‍ തെരഞ്ഞെടുക്കപ്പെട്ടാല്‍ ശ്രദ്ധവയ്ക്കുമെന്നും സിന്‍ഹ വ്യക്തമാക്കി. വിഭിന്നമായ രണ്ട് ആശയങ്ങളുടെ പോരാട്ടമാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ നടക്കുന്നത്. പോരാട്ടം വ്യക്തികള്‍ തമ്മിലല്ല. ദ്രൗപദി മുര്‍മുവുമായി ഝാര്‍ഖണ്ഡ് ഗവര്‍ണര്‍ എന്നനിലയില്‍ ആശയവിനിമയം നടത്തിയിട്ടുണ്ട്. അവരോട് ഏറെ ബഹുമാനമുണ്ടെന്നും സിന്‍ഹ പറഞ്ഞു.

eng­lish sum­ma­ry; Yash­want Sin­ha updation
You may also like this video;

Exit mobile version