വിവാഹ വാഗ്‌ദാനം നൽകി പൊലീസുകാരൻ പീഡിപ്പിച്ചതായി വനിതാ ഡോക്ടറുടെ പരാതി. എറണാകുളം സ്വദേശിനിയാണ് കഴിഞ്ഞ ദിവസം തമ്പാനൂർ പൊലീസിൽ പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ തൃശൂർ ഇന്ത്യ റിസർവ് ബറ്റാലിയനിലെ പൊലീസുകാരനായ തിരുവനന്തപുരം സ്വദേശിക്കെതിരെ ബലാത്സംഗം, വഞ്ചന എന്നീ കുറ്റങ്ങൾ ചുമത്തി കേസെടുത്തു.
സമൂഹമാധ്യമമായ ഇൻസ്റ്റഗ്രാം വഴിയാണ് യുവതിയെ ഇയാൾ പരിചയപ്പെട്ടത്. തുടർന്ന് യുവതിയുമായി സൗഹൃദം സ്ഥാപിച്ചു. അവിവാഹിതനാണെന്നും യുവതിയെ വിവാഹം കഴിക്കാമെന്നും വിശ്വസിപ്പിച്ചു. തന്റെ കണ്ണിന് പ്രശ്നമുണ്ടെന്നും ചികിത്സയ്ക്കായി ഒപ്പം വരണമെന്നും പറഞ്ഞ് യുവതിയെ തിരുവനന്തപുരത്തേക്ക് വിളിച്ചുവരുത്തി. തുടർന്ന് ഒരു മാസത്തോളം ലോഡ്ജിൽ താമസിപ്പിക്കുകയും ലൈംഗികമായി പീഡിപ്പിച്ചുവെന്നുമാണ് യുവതി പരാതിയിൽ പറയുന്നത്.
സംഭവത്തിനുശേഷം അവധിയെടുത്ത പൊലീസുകാരൻ ഒളിവിലാണെന്നാണ് സൂചന. ഇയാ ൾ സംസ്ഥാനം വിട്ടതായും പൊലീസിന് സംശയമുണ്ട്. ഇയാൾക്ക് ഭാര്യയും രണ്ടു മക്കളുമുണ്ടെന്നാണ് അറിയുന്നത്. ഇയാളെ കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് പറഞ്ഞു.