ദുബായ്– ഡൽഹി എയർ ഇന്ത്യ വിമാനത്തിന്റെ കോക്പിറ്റിൽ യാത്രക്കാരിയായ യുവതിയെ കയറ്റിയ സംഭവത്തില്‍ പൈലറ്റിനെതിരെ അന്വേഷണം. സുരക്ഷാ മാനദണ്ഡങ്ങളെല്ലാം ലംഘിച്ചുവെന്ന് ആരോപിച്ച് ക്യാബിൻ ക്രൂ അംഗം നൽകിയ പരാതിയിലാണ് ഡിജിസിഎ അന്വേഷണം ആരംഭിച്ചത്. സംഭവത്തിൽ നേരിട്ട് ഹാജരാകാൻ വിമാന ജീവനക്കാർക്ക് ഡിജിസിഎ നിർദേശം നൽകിയിട്ടുണ്ട്. സംഭവത്തിൽ എയർ ഇന്ത്യയും പ്രത്യേക സമിതി രൂപീകരിച്ച് അന്വേഷണം ആരംഭിച്ചു.
ഫെബ്രുവരി 27നാണ് സംഭവം അരങ്ങേറിയത്. മാർച്ച് മൂന്നിനാണ് ജീവനക്കാരിൽ ഒരാൾ പരാതി നൽകിയത്. ബോർഡിങ്ങിനു മുൻപ് പൈലറ്റിനായി ഏറെ നേരം കാത്തു നിന്നെങ്കിലും റിപ്പോർട്ടിങ് സമയം കഴിഞ്ഞിട്ടും എത്തിയില്ലെന്ന് പരാതിയില്‍ വിശദീകരിക്കുന്നുണ്ട്. ഏറെ വൈകി യാത്രക്കാർക്കൊപ്പമാണ് പൈലറ്റ് എത്തിയത്. എത്തിയപ്പോൾത്തന്നെ തന്റെയൊപ്പം ഉണ്ടായ ഒരു യുവതിക്ക് ഇക്കണോമിക് ക്ലാസിൽ നിന്ന് ബിസിനസ് ക്ലാസിലേക്കു മാറ്റം കിട്ടുമോ എന്ന് നോക്കണമെന്ന് തന്നോട് നിര്‍ദ്ദേശിച്ചതായി ക്രൂ അംഗം നല്‍കിയ നല്‍കിയ പരാതിയില്‍ പറയുന്നു.
ബിസിനസ് ക്ലാസിൽ ഒഴിവില്ലെന്ന് അറിയിച്ചതോടെയാണ് തന്റെ സുഹൃത്തിനെ കോക്പിറ്റിലേക്കു കൊണ്ടുവരാൻ പൈലറ്റ് ക്രൂ അംഗത്തോട് ആവശ്യപ്പെട്ടത്. അവർക്ക് സുഖമായി ഇരിക്കാൻ കുറച്ച് തലയിണകൾ എത്തിക്കണമെന്നും നിർദ്ദേശിച്ചു. കോക്പിറ്റ് അതിമനോഹരമായി സജ്ജീകരിക്കണമെന്നും പൈലറ്റ് ആവശ്യപ്പെട്ടതായും പരാതിയിലുണ്ട്. സുഹൃത്തിനായി തന്റെ സ്വീകരണമുറി ഒരുക്കാൻ ആവശ്യപ്പെട്ടതായിട്ടാണ് തനിക്കു തോന്നിയത്. കോക്പിറ്റിലെ ഫസ്റ്റ് ഒബ്സർവർ സീറ്റിലാണ് അവർ ഇരുന്നത്. ആ പെൺകുട്ടിക്ക് മദ്യവും ഭക്ഷണവും നൽകാനും തന്നോട് ആവശ്യപ്പെട്ടുവെന്നും പരാതിയില്‍ ക്രൂ അംഗം പറയുന്നു.
കോക്പിറ്റിൽ മദ്യം വിളമ്പാൻ കഴിയില്ലെന്ന് പറഞ്ഞതോടെ പൈലറ്റിന്റെ മട്ടും ഭാവവും മാറി. പിന്നീട് പെരുമാറിയത് അവർക്കു വേണ്ടി ജോലി ചെയുന്ന ഒരു വേലക്കാരി എന്ന നിലയിലാണ് എന്നും പരാതിക്കാരി വ്യക്തമാക്കി. ഒരു മണിക്കൂറോളം യുവതി കോക്പിറ്റിൽ ചെലവഴിച്ചെന്നാണ് പരാതിയിൽ പറയുന്നത്.
പൈലറ്റിന്റെ അനുമതിയോടെ വിമാന ജീവനക്കാർക്കു മാത്രമേ കോക്പിറ്റിൽ പ്രവേശനമുള്ളൂ. കോക്പിറ്റിൽ പ്രവേശിക്കുന്നതിനു മുൻപ് ബ്രീത് അനലൈസർ ടെസ്റ്റ് നടത്തണം. നിലവിലെ സംഭവത്തിന്റെ സാങ്കേതിക സുരക്ഷാ തലങ്ങൾ പരിശോധിച്ചു വരികയാണെന്ന് വ്യോമയാന ഉദ്യോഗസ്ഥർ അറിയിച്ചു.
English Sammury: young lady in cockpit on flight,crew complains against air india pilot