ബില്‍ അടയ്ക്കാതെ യുവാവ് പഞ്ചനക്ഷത്ര ഹോട്ടലില്‍ താമസിച്ചത് രണ്ടു വര്‍ഷം. ഹോട്ടലിലെ ചില ജീവനക്കാരുടെ സഹായത്തോടെയാണ് അങ്കുഷ് ദത്ത് എന്ന യുവാവ് ഹോട്ടലില്‍ സുഖജീവിതം നയിച്ചത്. ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമുള്ള എയ്റോസിറ്റിയിലെ റോസേറ്റ് ഹൗസ് എന്ന ഹോട്ടലിലാണ് സംഭവം. 603 ദിവസമാണ് അങ്കുഷ് ഹോട്ടലില്‍ താമസിച്ചത്. 58 ലക്ഷം രൂപയാണ് ചെലവായത്.
എന്നാല്‍ ഒരു പൈസ പോലും നല്‍കാതെ യുവാവ് ചെക്ക് ഔട്ട് ചെയ്യുകയായിരുന്നു. ഹോട്ടലിന്റെ ഫ്രണ്ട് ഓഫിസ് ഡിപ്പാര്‍ട്ട്‌മെന്റ് മേധാവി പ്രേം പ്രകാശ് ഹോട്ടല്‍ മാനദണ്ഡങ്ങള്‍ ലംഘിച്ച് അങ്കുഷിന് താമസിക്കാന്‍ അവസരം ഒരുക്കിയെന്നും എഫ്ഐആറില്‍ പറയുന്നു. 2019 മേയ് 30നാണ് ദത്ത് ഹോട്ടലില്‍ മുറിയെടുക്കുന്നത്. തൊട്ടടുത്ത ദിവസം ചെക്ക് ഔട്ട് ചെയ്യേണ്ടിയിരുന്നെങ്കിലും അദ്ദേഹം തന്റെ താമസം 2021 ജനുവരി 22 വരെ നീട്ടിക്കൊണ്ടിരുന്നു. ഒരു അതിഥിയുടെ കുടിശിക 72 മണിക്കൂറില്‍ കൂടുതലാണെങ്കില്‍, സിഇഒയുടെയും ഫിനാൻഷ്യല്‍ കണ്‍ട്രോളറുടെയും ശ്രദ്ധയില്‍പ്പെടുത്തണമെന്നും നിര്‍ദേശം തേടണമെന്നുമാണ് ഹോട്ടല്‍ മാനദണ്ഡം. എന്നാല്‍ പ്രകാശ് ഇക്കാര്യത്തില്‍ വീഴ്ച വരുത്തി.
എഫ്‌ഐആര്‍ പ്രകാരം, 2019 മേയ് 30 മുതല്‍ 2019 ഒക്ടോബര്‍ 25 വരെ കുടിശികയുള്ള പേയ്‌മെന്റ് റിപ്പോര്‍ട്ടുകളൊന്നും പ്രകാശ് നല്‍കിയിട്ടില്ല. മറ്റ് അതിഥികളുടെ സെറ്റില്‍ഡ് ബില്ലുകള്‍ ഉപയോഗിച്ച് അങ്കുഷിന്റെ ബില്ലാക്കി മാറ്റുകയും ചെയ്തു. 10 ലക്ഷം, ഏഴ് ലക്ഷം, 20 ലക്ഷം എന്നിങ്ങനെ മൂന്ന് ചെക്കുകള്‍ വിവിധ തീയതികളിലായി ദത്ത് നല്‍കിയെങ്കിലും അവയെല്ലാം മടങ്ങിയതിനാല്‍ പ്രകാശ് ഇക്കാര്യം ഹോട്ടല്‍ മാനേജ്‌മെന്റിന്റെ ശ്രദ്ധയില്‍പ്പെടുത്തിയില്ലെന്നും പരാതിയില്‍ പറയുന്നു.
English Sammury: young man stayed in a five-star hotel for two years without paying the bill