തൃശ്ശൂരില്‍ പട്ടാപ്പകൽ യുവതിയെ തട്ടിക്കൊണ്ടുപോയി. മനക്കൊടി സ്വദേശിയായ യുവതിയെയാണ് അഞ്ചംഗ സംഘം തട്ടിക്കൊണ്ടുപോയത്. മറ്റൊരു കേസ് അന്വേഷണത്തിനിടെയാണ് വീട്ടില്‍ പൂട്ടിയിട്ട യുവതിയെ പൊലീസ് കണ്ടെത്തിയത്. അഞ്ചംഗ സംഘം മർദ്ദിച്ചു അവശയാക്കിയ യുവതിയെ പൊലീസ് എത്തി രക്ഷിക്കുകയായിരുന്നു. മർദ്ദനത്തിൽ ഗുരുതരമായി പരിക്കേറ്റ യുവതിയെ പൊലീസ് ആശുപത്രിയിലേക്ക് മാറ്റി.
പാലിയേക്കരയിലെ കോഫി ഷോപ്പിൽ ഉണ്ടായ അടിപിടി കേസിലെ പ്രതികളെ അന്വേഷിച്ചെത്തിയ പൊലീസ് സംഘമാണ് യുവതിയെ കണ്ടെത്തിയത്. യുവതിയെ തട്ടിക്കൊണ്ട് പോയ കേസിലും അടിപിടി കേസിലും അഞ്ചംഗ സംഘത്തെ അറസ്റ്റ് ചെയ്തു. നായരങ്ങാടി സ്വദേശി ഗോപകുമാർ, കോഴിക്കോട് മേലൂർ സ്വദേശി അഭിനാഷ് പി. ശങ്കർ, അളഗപ്പനഗർ സ്വദേശി ജിതിൻ ജോഷി, കോഴിക്കോട് മേലൂർ സ്വദേശി ആതിര, തിരുവനന്തപുരം വെള്ളറട സ്വദേശി അഞ്ചു എന്നിവരാണ് അറസ്റ്റിലായത്. അഞ്ചംഗ സംഘം പാലിയേക്കരയിലെ കോഫി ഷോപ്പിലെ ജോലിക്കാരനായ പശ്ചിമബംഗാൾ സ്വദേശി അബ്ദുളിനെ മർദ്ദിച്ച കേസിലെ അന്വേഷണമാണ് വഴിത്തിരിവായത്. മർദ്ദനത്തിന്റെയും തട്ടിക്കൊണ്ടു പോകലിന്റെയും സിസിടിവി ദൃശ്യങ്ങളും പിന്നാലെ പുറത്ത് വന്നു.

