Site iconSite icon Janayugom Online

പിതാവിനെ ആക്രമിച്ച കേസിൽ
യുവാവ് അറസ്റ്റിൽ

പിതാവിന് നേരെ ആക്രമണം നടത്തിയ കേസിൽ യുവാവിനെ മറയൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. പട്ടം കോളനിയില്‍ രാധാ ഭവനില്‍ രാജനാണ് (60) ആക്രമണത്തിന് ഇരയായത്. മകന്‍ രാജേഷിനെതിരെ ( ലാലു-37 ) വധശ്രമത്തിനാണ് കേസെടുത്തിട്ടുള്ളത്. ആക്രമണത്തില്‍ രാജന്റെ മുഖത്തും നെറ്റിക്കുമാണ് മുറിവുകള്‍ സംഭവിച്ചത്. വീടിന്റെ ടെറസ്സില്‍ ഇരുമ്പു തകിടുകൊണ്ടായിരുന്നു ആക്രമണം. രാജേഷ് മദ്യപിച്ച് കുടുംബം നോക്കാതിരിക്കുന്നത് ചോദ്യം ചെയ്യുന്നതും ഉപദേശിക്കുന്നതിലുമുള്ള വൈരാഗ്യമാണ് ആക്രമണത്തിന് പ്രതിയെ പ്രേരിപ്പിച്ചതെന്ന് പൊലീസ് പറയുന്നു. ആദ്യം ഇഷ്ടിക കൊണ്ട് എറിഞ്ഞ് നെറ്റിക്ക് പരിക്കേല്‍പ്പിച്ചു. താഴെ വീണ രാജനെ ടെറസ്സില്‍ കിടന്ന ഇരുമ്പ് തകിട് കൊണ്ടും അടിക്കുകയായിരുന്നു. സമീപവാസികള്‍ വിവരം മറയൂര്‍ പ‍ൊലീസ് സ്റ്റേഷനിലറിയിച്ചു. രാജനെ മറയൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. രാജേഷിനെ വീടിന് സമീപത്ത് നിന്നാണ് പിടികൂടിയത്. പ്രതിയെ പൊലീസ് കോടതിയില്‍ ഹാജരാക്കി.

Exit mobile version