യൂത്ത് കോൺഗ്രസ്സ് സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലി കോൺഗ്രസിൽ തർക്കം പുകയുന്നു. അബിൻ വർക്കിയെ സംസ്ഥാന പ്രസിഡന്റാക്കണമെന്ന ആവശ്യം ശക്തമായി നേതൃത്വത്തിന് മുന്നിൽ വെയ്ക്കാനാണ് ഐ ഗ്രൂപ്പ് നേതാക്കളുടെ തീരുമാനം. ലൈംഗികാരോപണങ്ങള്‍ക്ക് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിൽ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ചതിനുശേഷമാണ് സ്ഥാനത്തിനായി കോണ്‍ഗ്രസിലെ ഗ്രൂപ്പുകള്‍ സമ്മര്‍ദം ശക്തമാക്കിയത്.
അബിന്‍ വര്‍ക്കിയെ പിന്തുണച്ച് സംസ്ഥാന സെക്രട്ടരിമാരായ ടി എം മനേഷ്, ഷഹനാസ് സലാം, എം പി സുബ്രമണ്യന്‍ എന്നിവര്‍ രംഗത്തെത്തി. അബിന്‍ വര്‍ക്കിക്കു പുറമേ ഒ ജെ ജനീഷ്, കെ എം അഭിജിത്, ബിനു ചുളളിയില്‍ എന്നിവരെയാണ് സംഘടനാ അധ്യക്ഷസ്ഥാനത്തേക്ക് പരിഗണിക്കുന്നത്. ബിനു ചുള്ളിയിലിന്റെ പേരാണ് കെ സി വേണുഗോപാൽ മുന്നോട്ട് വെക്കുന്നത്. രാഹുൽ മാങ്കൂട്ടത്തിൽ യൂത്ത് കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവെച്ചതോടെ പദവിയ്ക്കായി നേരത്തെ മുതൽ പോര് ശക്തമായിരുന്നു. നിലവിലെ ഭാരവാഹികൾ അല്ലാതെ പുറത്തുനിന്ന് ഒരാളെ കൊണ്ട് വന്നാൽ രാജി വെക്കുമെന്ന് അബിൻ വർക്കി അടക്കം 40 ഭാരവാഹികൾ നേരത്തെ തന്നെ നേതൃത്വത്തെ അറിയിച്ചിരുന്നു.

