രാഹുല്‍ മാങ്കൂട്ടത്തില്‍ പുറത്തായതോടെ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് തങ്ങളുടെ നോമിനികളെ കുടിയിരുത്താന്‍ നേതാക്കള്‍ വടംവലി ശക്തമാക്കി. ദേശീയ ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ തന്റെ അനുയായിയെ പരിഗണിക്കണം എന്ന ആവശ്യത്തില്‍ നിന്ന് പിന്നാക്കം പോകാത്തതാണ് തീരുമാനം നീളുന്നതിന് കാരണം.
ലൈംഗിക ആരോപണങ്ങളെ തുടര്‍ന്ന് ഓഗസ്റ്റ് 21നായിരുന്നു രാഹുല്‍ മാങ്കൂട്ടത്തിന്റെ രാജി. രാജിക്ക് പിന്നാലെ തന്നെ അധ്യക്ഷ സ്ഥാനത്തേക്ക് പല പേരുകളും ഉയര്‍ന്നെങ്കിലും വേണുഗോപാല്‍ അടക്കമുള്ള മുതിര്‍ന്ന നേതാക്കളുടെ പിടിവലിയെ തുടര്‍ന്ന് തീരുമാനം അനന്തമായി നീളുകയാണ്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി നടത്താനിരുന്ന ലോങ് മാര്‍ച്ച് അടക്കം മാറ്റിവച്ചു. ഇനി ബിഹാറിലെ യാത്ര പൂര്‍ത്തിയായതിന് ശേഷം സമവായത്തില്‍ എത്താമെന്നാണ് നേതാക്കന്മാര്‍ അറിയിക്കുന്നത്. എന്നാല്‍ ചുരുക്കപ്പട്ടിക പോലും തയ്യാറാക്കുവാന്‍ സാധിക്കാത്തത് തമ്മിത്തല്ല് രൂക്ഷമായതിനാലാണ്. കെഎസ്‌യു മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ എം അഭിജിത്തിന്റെ പേരാണ് ഉയര്‍ന്ന് കേള്‍ക്കുന്നത്. എ ഗ്രൂപ്പ് പ്രതിനിധിയാണ് അഭിജിത്ത്. മുന്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ ഷാഫി പറമ്പില്‍ എംപി അടക്കമുള്ളവര്‍ക്ക് അഭിജിത്തിനെ സംസ്ഥാന അധ്യക്ഷ പദവിയില്‍ എത്തിക്കണമെന്നുണ്ട്. അതേസമയം അബിന്‍ വര്‍ക്കിക്ക് അവസരം നല്‍കണമെന്ന് രമേശ് ചെന്നിത്തല പക്ഷം ആവശ്യപ്പെട്ടു. നിലവില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റാണ് അബിന്‍ വര്‍ക്കി.
രാഹുല്‍ മാങ്കൂട്ടത്തില്‍ ലൈംഗിക അപവാദത്തില്‍ കുടുങ്ങിയതോടെ രാജിവയ്ക്കണമെന്ന് പാര്‍ട്ടിക്കുള്ളില്‍ നിന്ന് ആവശ്യപ്പെട്ട നേതാവാണ് അബിന്‍ വര്‍ക്കി. ഇതോടെ ഷാഫി പറമ്പില്‍ അടക്കമുള്ളവര്‍ എതിരായി. എന്നാല്‍ അബിനെ സജീവമായി സാധ്യതാപട്ടികയില്‍ നിര്‍ത്താന്‍ രമേശ് ചെന്നിത്തലയ്ക്ക് സാധിച്ചിട്ടുണ്ട്. ഇതിനിടയിലാണ് ദേശീയ സെക്രട്ടറി ബിനു ചുള്ളിയിലിന് കെ സി വേണുഗോപാല്‍ പിന്തുണ പ്രഖ്യാപിച്ചത്. ഇതോടെ മറ്റ് പേരുകള്‍ ശക്തമായി ഉന്നയിച്ചവര്‍ പ്രതിസന്ധിയിലായി. കേരള രാഷ്ട്രീയത്തിലേക്ക് നേരിട്ട് ഇറങ്ങുന്നത് ഭാവിയില്‍ ദോഷം ചെയ്യുമെന്ന വിലയിരുത്തലില്‍ പിന്നില്‍ നിന്നാണ് വേണുഗോപാല്‍ ചരട് വലിക്കുന്നത്.
രാഹുലിനെ വീഴ്ത്തി പ്രസിഡന്റ് കസേര ലക്ഷ്യമിട്ടവരാണ് ഇപ്പോഴുണ്ടായ വെളിപ്പെടുത്തലുകള്‍ക്കെല്ലാം പിന്നിലെന്നാണ് ആക്ഷേപം. അതുകൊണ്ട് തന്നെ അബിന്‍ വര്‍ക്കി യൂത്ത് കോണ്‍ഗ്രസിന്റെ തലപ്പത്തേക്ക് വന്നാല്‍ രാഹുല്‍-ഷാഫി പക്ഷക്കാര്‍ രാജിവയ്ക്കുമെന്ന മുന്നറിയിപ്പും സജീവമാണ്. ഒരു വനിതയെ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷയാക്കി ഇപ്പോഴത്തെ നാണക്കേട് പരിഹരിക്കണമെന്ന ആവശ്യവും പാര്‍ട്ടിക്കുള്ളിലുണ്ട്. അരിത ബാബു, സോയ ജോസഫ് അടക്കമുള്ളവരുടെ പേരുകള്‍ ഉയരുന്നുണ്ട്. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് അടുക്കുന്ന സാഹചര്യത്തില്‍ അടുത്ത പ്രസിഡന്റിനെ തീരുമാനിക്കുന്നതില്‍ സമുദായ സമവാക്യവും പ്രധാന ഘടകമാകും.
യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷപദം ത്രിശങ്കുവില്‍

