നിറഞ്ഞൊഴുകിയ മഹാസാഗരത്തെ സാക്ഷിയാക്കി കലയുടെ കൗമാരോത്സവത്തിന് അനന്തപുരിയിൽ തിരശീലയുയർന്നു. ഇനിയുള്ള നാല് ദിനരാത്രങ്ങൾ കേരളത്തിന്റെ കണ്ണും കാതും തലസ്ഥാനത്തേക്ക്. പ്രധാന വേദിയായ സെൻട്രൽ സ്റ്റേഡിയത്തിലെ എംടി ‑നിളയിൽ കലാമണ്ഡലത്തിന്റെ നേതൃത്വത്തിൽ ഒരുക്കിയ കേരളത്തിന്റെ സാംസ്കാരിക വൈവിധ്യം വിളിച്ചോതിക്കൊണ്ടുള്ള സ്വാഗത നൃത്തത്തോടെയാണ് കലോത്സവത്തിന് തിരിതെളിഞ്ഞത്. കളരിപ്പയറ്റും കഥകളിയും മോഹിനിയാട്ടവും തിരുവാതിരയും ഭരതനാട്യവും, ദഫ്മുട്ടും മാർഗംകളിയും നാടൻ നൃത്ത രൂപങ്ങളും കോർത്തിണക്കി കൊണ്ടുള്ളതായിരുന്നു സ്വാഗത നൃത്തം.
വേദിയിൽ ഒരുക്കിയ കൽവിളക്കിൽ തിരിതെളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ 63-ാമത് സംസ്ഥാന സ്കൂള്‍ കലോത്സവം ഉദ്ഘാടനം ചെയ്തു. തുടർന്ന് ഉരുൾ കവർന്ന വയനാട്ടിലെ ദുരന്തഭൂമിയിലെ വെള്ളാർമല ഹൈസ്കൂളിലെ വിദ്യാർത്ഥികളുടെ അതിജീവന നൃത്തവും നടന്നു. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയും ഭക്ഷ്യമന്ത്രി ജി ആർ അനിലും ചേർന്ന് കുട്ടികൾക്ക് ഉപഹാരം സമ്മാനിച്ചു. തുടർന്ന് മോഹിനിയാട്ടത്തോടെ വേദി ഒന്നിലും മത്സരങ്ങൾക്ക് തുടക്കമായി. ചരിത്രത്തിലാദ്യമായി ഗോത്രകലകളിലെ അഞ്ചിനങ്ങളും കലോത്സവത്തിന്റെ ഭാഗമായി.
രാവിലെ ഒമ്പതിന് പ്രധാന വേദിയുടെ മുന്നിൽ സജ്ജീകരിച്ചിരിക്കുന്ന 15 അടിയുള്ള വീണ മാതൃകയിലെ കൊടിമരത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ് ഷാനവാസ് പതാക ഉയർത്തി. ഉദ്ഘാടന സമ്മേളനത്തിൽ പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അധ്യക്ഷനായി. ചടങ്ങിൽ മന്ത്രിമാരായ ജി ആർ അനിൽ, കെ രാജൻ, എ കെ ശശീന്ദ്രൻ, വീണാ ജോർജ്, മേയർ ആര്യാ രാജേന്ദ്രൻ, ജോൺ ബ്രിട്ടാസ് എം പി, എംഎൽഎമാരായ കടകംപള്ളി സുരേന്ദ്രൻ, വി ജോയ്, ആന്റണി രാജു, വി കെ പ്രശാന്ത്, ഐ ബി സതീഷ്, എം വിൻസെന്റ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ് കുമാർ, പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ്, പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ് ഷാനവാസ്, ജില്ലാ കളക്ടർ അനുകുമാരി തുടങ്ങിയവർ പങ്കെടുത്തു. ആദ്യ ദിനം 24 വേദികളിലായി 58 ഇനങ്ങൾ പൂർത്തിയായി. മോഹിനിയാട്ടം, കുച്ചുപ്പുടി, ലളിതഗാനം, കഥകളി, ലളിതഗാനം, സംഘനൃത്തം, ഭരതനാട്യം, ഒപ്പന, സംഘഗാനം, തുടങ്ങിയ മത്സരങ്ങൾ ഇന്നലെ നടന്നു.