Site iconSite icon Janayugom Online

കൗമാര കായികമേള ഇന്ന് മുതല്‍

ഒളിമ്പിക്സ് മാതൃകയിലുള്ള 67-ാമത് സംസ്ഥാന സ്കൂൾ കായിക മാമാങ്കത്തിന് ഇന്ന് അനന്തപുരിയിൽ തുടക്കമാകും. വൈകിട്ട് അഞ്ചിന് യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. നാളെ മുതൽ 28 വരെ ഗെയിംസിലും അത്‍ലറ്റിക്സിലുമായി 20,000ത്തോളം താരങ്ങൾ പോരാട്ടത്തിനിറങ്ങും. മാർച്ച് പാസ്റ്റോടെയാണ് ഉദ്ഘാടനച്ചടങ്ങ് ആരംഭിക്കുക. ഇന്ത്യൻ ഫുട്ബോള്‍ താരം ഐ എം വിജയൻ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയ്ക്കൊപ്പം മേളയുടെ ദീപശിഖ തെളിക്കും. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, മന്ത്രിമാർ, എംപിമാർ, എംഎൽഎമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും. 

ക്രിക്കറ്റ് താരം സഞ്ജു സാംസൺ ബ്രാൻഡ് അംബാസഡറും ചലച്ചിത്ര താരം കീർത്തി സുരേഷ് ഗുഡ്‌വിൽ അംബാസഡറുമാണ്. ഉദ്ഘാടന ചടങ്ങിന് ശേഷം കേരളത്തിന്റെ സാംസ്കാരിക പൈതൃകവും പാരമ്പര്യവും വിളിച്ചോതുന്ന കലാപരിപാടികൾ അരങ്ങേറും. 3,000ത്തോളം വിദ്യാർത്ഥികൾ പങ്കെടുക്കുന്ന സാംസ്കാരിക പരിപാടികളും ഉദ്ഘാടനത്തോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്. സെൻട്രൽ സ്റ്റേഡിയമാണ് പ്രധാന മത്സര വേദി. ഇവിടെ താല്‍ക്കാലിക ഇൻഡോർ സ്റ്റേഡിയത്തിൽ ഒരേസമയം അഞ്ച് ഗെയിംസ് ഇനങ്ങളുടെ മത്സരങ്ങൾ നടക്കും. സവിശേഷ പരിഗണന അർഹിക്കുന്ന വിഭാഗങ്ങൾക്കായുള്ള ഇൻക്ലൂസീവ് സ്പോർട്സ് മത്സരങ്ങൾ നാളെ നടക്കും. ഗൾഫ് മേഖലയിൽ കേരള സിലബസ് പഠിപ്പിക്കുന്ന ഏഴ് സ്കൂളുകളിൽ നിന്നും 35 കുട്ടികൾ മേളയിൽ പങ്കെടുക്കുന്നുണ്ട്. ഇത്തവണ 12 പെൺകുട്ടികൾ കൂടി ഈ സംഘത്തിൽ ഉണ്ടെന്ന പ്രത്യേകതയുമുണ്ട്. 

Exit mobile version