ഗര്‍ഭിണികള്‍ക്കും കുട്ടികള്‍ക്കുമുള്ള പ്രതിരോധ വാക്സിന്‍ കുത്തിവയ്പിനായി അവതരിപ്പിച്ച യു-വിന്‍ പോര്‍ട്ടല്‍ വ്യക്തിവിവരങ്ങള്‍ ചോര്‍ത്തുന്നതായി ഡിജിറ്റല്‍ അവകാശ സംഘടനകള്‍. യു-വിന്‍ വെബ് ആപ്ലിക്കേഷനിലെ ഡാറ്റ പങ്കിടുന്നതും സംരക്ഷിക്കുന്നതും സംബന്ധിച്ച് വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്‍കിയെങ്കിലും കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം വ്യക്തമായ മറുപടി നല്‍കിയില്ല.
ഇടക്കാല ബജറ്റിലാണ് യു-വിന്‍ സംബന്ധിച്ച പ്രഖ്യാപനം ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ നടത്തിയത്. ഈ പോര്‍ട്ടല്‍ സര്‍ക്കാരിന്റെ മറ്റ് സംരംഭങ്ങളുമായി സംയോജിപ്പിക്കുന്നു. മിഷന്‍ ഇന്ദ്രധനുസിന് കീഴില്‍ വാക്സിന്‍ എടുക്കാത്ത കുട്ടികളെ കണ്ടെത്തുകയും രോഗികളുടെ രേഖകള്‍ ഉണ്ടാക്കുന്നതിനും പുതുക്കുന്നതിനും ആയുഷ‍്മാന്‍ ഭാരത് ഡിജിറ്റല്‍ മിഷനുമായി (എബിഡിഎം) യോജിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. ഈ സേവനങ്ങള്‍ക്കായി യു-വിന്‍ വലിയതോതില്‍ വ്യക്തികളുടെ വിവരങ്ങള്‍ ശേഖരിക്കുകയും പങ്കിടുകയും ചെയ്യുന്നുണ്ട്.
കോവിഡ് കാലത്ത് വാക്സിനേഷനായി സൃഷ്ടിച്ച കോ-വിന്‍ പോര്‍ട്ടല്‍ ഡാറ്റാ ലംഘനം നടത്തിയത് വലിയ വിവാദമായിരുന്നു. സര്‍ക്കാരിന്റെ ഇ‑സേവനങ്ങളിലെ ആരോഗ്യ ഡാറ്റ, സ്വകാര്യതാ ലംഘനമാകുമോ എന്ന ആശങ്കയും ശക്തമായി. യു-വിന്‍ പ്ലാറ്റ്ഫോമിന്റെ സ്വകാര്യതാ നയം, 2023ലെ ഡിജിറ്റല്‍ പേഴ‍്സണല്‍ ആക്ട് (ഡിപിഡിപിഎ) അനുസരിച്ച് വ്യക്തികളുടെ സമ്മതം വാങ്ങണമെന്നതിന് എതിരാണ്. മാത്രമല്ല ഉപഭോക്താക്കളുടെ അവകാശങ്ങളും സര്‍ക്കാരിന്റെ ബാധ്യതകളും സ്വകാര്യതാനയം സംരക്ഷിക്കുന്നില്ലെന്നും സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു.
ഒരു സ്ഥാപനം അല്ലെങ്കില്‍ പോര്‍ട്ടല്‍ ഉപയോക്താവിന്റെ വിവരങ്ങള്‍ എങ്ങനെ ശേഖരിക്കുന്നു, ഉപയോഗിക്കുന്നു, കൈമാറുന്നു എന്നതിനെക്കുറിച്ച് ഉപയോക്താവിനെ അറിയിക്കണം എന്നതാണ് സ്വകാര്യതാ നയത്തിന്റെ ലക്ഷ്യം. അതുവഴി സേവന ദാതാവിലുള്ള ഉപയോക്താവിന്റെ വിശ്വാസം ഉറപ്പാക്കുകയും ചെയ്യും. സര്‍ക്കാര്‍ സേവനങ്ങള്‍ കൂടുതലും ഓണ്‍ലൈനായി മാറുന്നതിനാല്‍, ഇ‑ഗവേണിങ് ആപ്ലിക്കേഷനുകളുടെ സ്വകാര്യതാ നയങ്ങള്‍ ലോകമെങ്ങും നിലവിലുള്ള ഏറ്റവും ശക്തമായ നിയമങ്ങളും ധാര്‍മ്മിക മാനദണ്ഡങ്ങളും പാലിക്കുന്നുണ്ട്.
യു-വിന്നിന്റെ സ്വകാര്യതാ നയം ഡിപിഡിപിഎയുടെ വ്യവസ്ഥകള്‍ക്കെതിരാണെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു. പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ നിബന്ധനകള്‍ അംഗീകരിക്കേണ്ടി വരുന്നത് സ്വകാര്യതയുടെ നഗ്നമായ ലംഘനമാണെന്നും വിദഗ്ധര്‍ പറയുന്നു. 2017ല്‍ പുട്ടസ്വാമി കേസിന്റെ വിധിയില്‍ സ്വകാര്യതയ്ക്കുള്ള അവകാശം മൗലികാവകാശമാണെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. സാങ്കേതിക വിദ്യയില്‍ അധിഷ്ഠിതമായ വിവര ശേഖരണത്തിലൂടെ വ്യക്തിയുടെ സ്വകാര്യവിവരത്തിലേക്കുള്ള ഭരണകൂടങ്ങളുടെ കടന്നുകയറ്റത്തിന്റെ അപകടസാധ്യതയും കോടതി പ്രത്യേകം പരാമര്‍ശിച്ചിരുന്നു.