Site iconSite icon Janayugom Online

ജനാധിപത്യമാണ് പുലരുന്നതെങ്കില്‍ ആര്‍ക്കും ഫാസിസ്റ്റാവാന്‍ കഴിയില്ല: സി രാധാകൃഷ്ണന്‍

ഫാസിസത്തിനെതിരെ കലാ-സാഹിത്യ‑സാംസ്കാരിക പ്രവർത്തകരുടെ വിശാലമായ പ്രതിരോധ നിര വളർത്തിയെടുക്കാൻ ആഹ്വാനം ചെയ്തുകൊണ്ട് യുവകലാസാഹിതി സംസ്ഥാന സമ്മേളനം സമാപിച്ചു. കോർപറേറ്റ് മുതലാളിത്തത്തിന്റെ പിന്തുണയോടെ ജാതി-മത ശക്തികളെ ഉപയോഗപ്പെടുത്തിക്കൊണ്ട് ഫാസിസം രാജ്യത്തെ കീഴ്പ്പെടുത്തുകയാണ്. ചരിത്രത്തെ വളച്ചൊടിച്ച് ബഹുസ്വരതയെ തകർത്ത് രാജ്യത്തെ വ്യാജമായ ഒരു ഏക സംസ്ക്കാരത്തിലേക്ക് നയിക്കുകയാണ് കേന്ദ്ര ഭരണകൂടം ചെയ്തുകൊണ്ടിരിക്കുന്നതെന്നും സമ്മേളനം അംഗീകരിച്ച പ്രമേയം വ്യക്തമാക്കി. പുതിയ ഭാരവാഹികളായി ആലങ്കോട് ലീലാകൃഷ്ണൻ (പ്രസിഡന്റ്), ഡോ. വത്സലൻ വാതുശ്ശേരി, എ പി കുഞ്ഞാമു, വി ആയിഷ ബീവി, കെ ബിനു, പി ഉഷാകുമാരി (വൈസ് പ്രസിഡന്റുമാർ), ഡോ. ഒ കെ മുരളീകൃഷ്ണൻ (ജനറൽ സെക്രട്ടറി), ജയൻ നീലേശ്വരം, എം എം സചീന്ദ്രൻ, സി വി പൗലോസ്, ശാരദ മോഹൻ, അഡ്വ. സി എ നന്ദകുമാർ (ജോ. സെക്രട്ടറിമാർ) അഷ്റഫ് കുരുവട്ടൂർ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.

കോഴിക്കോട് നടക്കാവ് ജിവിഎച്ച്എസ്എസ് ഓഡിറ്റോറിയത്തിലെ മണിയൂർ ഇ ബാലൻ നഗറിൽ നടന്ന യുവകലാസാഹിതി സംസ്ഥാന സമ്മേളനം എ­ഴുത്തുകാരൻ സി രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജനാധിപത്യം ക­റ പുരളാത്തതും വിഭാഗീയതയ്ക്ക് കീഴ്പ്പെടാത്തതുമാണെങ്കിൽ ക്ഷേ­മരാഷ്ട്രം സാധ്യമാണെന്ന് അദ്ദേഹം പറഞ്ഞു. ശരിയായ ജനാധിപത്യമാണ് പുലരുന്നതെങ്കിൽ ആർക്കും ഫാസിസ്റ്റാവാൻ കഴിയില്ല. ഇന്ത്യയുണ്ടായ കാലം മുതൽ ഒരു സർക്കാരും ജനങ്ങളെ പൂർണമായും പ്രതിനിധാനം ചെയ്തിട്ടില്ല. ചെറിയൊരു വിഭാഗത്തിന് അധികാരത്തിലേറാൻ ആളുകളെ ജാതി-മതാടിസ്ഥാനത്തിൽ വിഭജിച്ച് വച്ചിരിക്കുകയും അവരെ തമ്മിലടിപ്പിച്ച് വോട്ട് ബാങ്കുകളാക്കി മാറ്റുകയും ചെയ്തിരിക്കുകയാണ്.

വിഭാഗീയതയാണ് രാജ്യം നേരിടുന്ന ഏറ്റവും വലിയ പ്രശ്നം. വിഭാഗീയത വർധിക്കുന്തോറും സമൂഹം ശിഥിലമാകും. ശാസ്ത്രപുരോഗതിയും വികസനവും ഉണ്ടാകുമ്പോഴും ലോകത്ത് സംഘർഷം നിറയുകയാണ്. ലോകം അനുഭവിക്കുന്ന പ്രതിസന്ധികൾക്ക് ഇടതുപക്ഷാശയമാണ് പ­രിഹാരം. ജനാധിപത്യത്തെ ശുദ്ധീകരിക്കുവാൻ ഇടതുപക്ഷാഭിമുഖ്യമുള്ള എഴുത്തുകാരും കലാകാരൻമാരും തയ്യാറാകണമെന്നും സി രാധാകൃഷ്ണൻ പറഞ്ഞു.

യുവകലാസാഹിതി പ്രസിഡന്റ് ആലങ്കോട് ലീലാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. തമിഴ് എഴുത്തുകാരി സൽമ മുഖ്യാതിഥിയായിരുന്നു. എ പി കുഞ്ഞാമു സ്വാഗതം പറഞ്ഞു. ഇ എം സതീശൻ, വി ടി മുരളി, ടി വി ബാലൻ, കെ കെ ബാലൻ, അഡ്വ. പി ഗവാസ്, മാധവൻ പുറച്ചേരി, അജിത നമ്പ്യാർ, വി ആയിഷാ ബീവി, ശാരദാ മോഹൻ, ബിജു ശങ്കർ, കെ ബിനു, സി വി പൗലോസ്, ടി യു ജോൺസൺ, അഡ്വ. സി എ നന്ദകുമാർ, ഡോ. ഒ കെ മുരളീകൃഷ്ണൻ, ജയൻ നീലേശ്വരം, ഡോ. ശശികുമാർ പുറമേരി, അഷ്റഫ് കുരുവട്ടൂർ എന്നിവര്‍ സംസാരിച്ചു. കവിയും ഗാനരചയിതാവുമായ ഇഞ്ചക്കാട് ബാലചന്ദ്രനെയും ആദ്യകാല സംഘടനാ പ്രവർത്തകരായ വിശ്വമംഗലം സുന്ദരേശൻ, ചാരുംമൂട് പുരുഷോത്തമൻ, കെ ജി കോമളൻ, സി എം കേശവൻ, ടി പി മമ്മു മാസ്റ്റർ, കൽപ്പന പള്ളത്ത് എന്നിവരെ ചടങ്ങിൽ ആദരിച്ചു. സമ്മേളനത്തിന് തുടക്കം കുറിച്ച് ഗീതാ നസീർ പതാക ഉയർത്തി.

Eng­lish Sam­mury: Yuvakalasahithi State Con­fer­ence Kozhikodu

Exit mobile version