Site iconSite icon Janayugom Online

‘ആയഞ്ചേരി വല്യശമാൻ’ നാടകം വീണ്ടും അരങ്ങിലെത്തിക്കാൻ യുവകലാസാഹിതി

dramadrama

കേരളത്തിലെ സാഹിത്യ‑സാംസ്കാരിക രംഗങ്ങളിൽ കൃത്യമായ നിലപാടുകളിലൂടെയും ശ്രദ്ധേയമായ രചനകളിലൂടെയും വ്യക്തിമുദ്ര പതിപ്പിച്ച ഡോ. ടി പി സുകുമാരൻ രചിച്ച ‘ആയഞ്ചേരി വല്യശമാൻ’ നാടകം യുവകലാസാഹിതി കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വീണ്ടും അരങ്ങിലേക്ക്.
ഏഴിന് വൈകിട്ട് ആറിന് കണ്ണൂർ നവനീതം ഓഡിറ്റോറിയത്തിലാണ് നാടകാവതരണം. ടി പവിത്രനാണ് നാടക സംവിധാനം. 33 വർഷങ്ങൾക്ക് ശേഷമാണ് നാടകം വീണ്ടും അരങ്ങിലെത്തുന്നതെന്ന് സംഘാടക സമിതി ചെയർമാൻ അഡ്വ. പി സന്തോഷ്‌കുമാർ എംപി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
മികച്ച അധ്യാപകൻ, എഴുത്തുകാരൻ എന്ന നിലയിലും നാടകം, നിരൂപണം, പരിസ്ഥിതി, സംഗീതം തുടങ്ങിയ രംഗങ്ങളിലും തന്റേതായ ഇടം സൃഷ്ടിച്ചിരുന്ന ടി പി സുകുമാരൻ മാസ്റ്റർ യുവകലാസാഹിതിയുടെ മുൻ സംസ്ഥാന പ്രസിഡന്റ് ആയിരുന്നു.
മലയാള നാടക വേദിയിൽ ഒട്ടേറെ പുതുമകളും പരീക്ഷണങ്ങളും കൊണ്ടുവന്നിട്ടുണ്ട്. പ്രതിഭാധനരായ എഴുത്തുകാരും സംവിധായകരും അഭിനേതാക്കളും അവയെ അർത്ഥവത്താക്കുന്നതിനായി പ്രയത്നിക്കുകയും ചെയ്തു. ആധുനികതയുടെ കാലത്തുനിന്നും ഉത്തരാധുനികതയിലേക്കുള്ള പരിണാമചർച്ചയിൽ എടുത്തുപറയേണ്ട നിരവധി നാടകങ്ങളുണ്ടായി. വെള്ളരിനാടകം എന്ന് വിശേഷിപ്പിച്ച് സുകുമാരൻ മാസ്റ്റർ എഴുതിയ ആയഞ്ചേരി വല്യശമാൻ നാടകവും ഈ ഗണത്തിൽ സവിശേഷ സ്ഥാനം ഉള്ളതാണ്.
വെള്ളരി നാടകം എന്ന സംബോധന ഈ നാടകത്തെ ഏറെ ശ്രദ്ധേയമാക്കി. മലബാറിലെ നാടൻ കലകളുടെയും നാട്ടുസംസ്കൃതിയുടെയും ജനകീയ പൈതൃകത്തെ ഉൾക്കൊണ്ടവയായിരുന്നു അദ്ദേഹത്തിന്റെ രചനകൾ.
നാടകം വീണ്ടും അവതരിപ്പിക്കുന്നത് ടി പി സുകുമാരൻ മാസ്റ്റർക്കുള്ള സ്മരണാഞ്ജലി കൂടിയാണ്. അന്ന് ഇതേ നാടകത്തിൽ അഭിനയിച്ച പല പ്രമുഖ കലാകാരന്മാരും വീണ്ടും അരങ്ങിലെത്തുന്നുണ്ട്.
യുവകലാസാഹിതി സംസ്ഥാന പ്രസിഡന്റ് ആലങ്കോട് ലീലാകൃഷ്ണൻ പുനരവതരണത്തിന്റെ ഉദ്ഘാടനം നിർവഹിക്കും. സംസ്ഥാന ജനറൽ സെക്രട്ടറി ഇ എം സതീശൻ ഉൾപ്പെടെയുള്ളവർ പങ്കെടുക്കും. ‘ആയഞ്ചേരി വല്യശമാൻ ’ പരമാവധി വേദികളിൽ അവതരിപ്പിക്കാനുള്ള തയാറെടുപ്പിലാണ് യുവകലാസാഹിതി ജില്ലാ കമ്മിറ്റി. വാർത്താ സമ്മേളനത്തില്‍ വി കെ സുരേഷ്ബാബു, ഷിജിത്ത് വായന്നൂർ, ടി പവിത്രൻ, ജിതേഷ് കണ്ണപുരം എന്നിവരും പങ്കെടുത്തു.

Eng­lish Sum­ma­ry: Yuvakalasahi­ti to stage the play ‘Ayancheri Valyashaman’ again

You may also like this video 

Exit mobile version